ഫ്രഞ്ച് ഓപ്പണിൽ യു.എസ് ഓപ്പണിൽ നിന്നു നിർത്തിയ ഇടത്ത് നിന്നു തുടങ്ങി ജർമ്മൻ താരവും ആറാം സീഡും ആയ അലക്‌സാണ്ടർ സെരവ്. ഫൈനൽ കളിച്ച യു.എസ് ഓപ്പണിന് ശേഷം നേരിട്ട് കളിമണ്ണ് കോർട്ടിൽ കളിക്കാതെ ഫ്രഞ്ച് ഓപ്പണിൽ എത്തിയ സെരവ് ആ കുറവ് ഒന്നും കളത്തിൽ കാണിച്ചില്ല. സീഡ് ചെയ്യാത്ത ഓസ്ട്രിയൻ താരം ഡെന്നിസ് നൊവാക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെരവ് മറികടന്നത്. മത്സരത്തിൽ 10 ഏസുകൾ ഉതിർത്ത സെരവ് എതിരാളിയുടെ സർവീസ് 5 തവണ ബ്രൈക്ക് ചെയ്യുകയും ചെയ്തു. 7-5 നു നേടിയ ആദ്യ സെറ്റിന് ശേഷം വലിയ വെല്ലുവിളി ഒന്നും സെരവ് മത്സരത്തിൽ നേരിട്ടില്ല. 6-2 നു രണ്ടാം സെറ്റും 6-4 നു മൂന്നാം സെറ്റും നേടിയ സെരവ് രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി.
എ. ടി. പി മാസ്റ്റേഴ്സ് 1000 റോം ഓപ്പണിൽ കളിമണ്ണ് കോർട്ടിൽ ഫൈനൽ കളിച്ച സാക്ഷാൽ റാഫേൽ നദാലിനെ അട്ടിമറിച്ച ആത്മവിശ്വാസവും ആയി ഫ്രഞ്ച് ഓപ്പണിൽ എത്തിയ അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാൻ ആ മികവ് തുടരുന്നത് ആണ് പാരീസിലും കണ്ടത്. സീഡ് ചെയ്യാത്ത ക്രൊയേഷ്യൻ താരം മിയോമിർ കെചമനോവിച്ചിനെ 12 സീഡ് ആയ ഷ്വാർട്ട്സ്മാൻ നിലം തൊടീച്ചില്ല. ആദ്യ സെറ്റ് 6-0 ത്തിനു നേടിയ അർജന്റീനൻ താരം മത്സരത്തിൽ ഉടനീളം വെറും 4 പോയിന്റുകൾ മാത്രമേ എതിരാളിക്ക് നൽകിയുള്ളൂ. രണ്ടു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 9 തവണ ബ്രൈക്ക് ചെയ്ത ഷ്വാർട്ട്സ്മാൻ 6-0, 6-1, 6-3 എന്ന സ്കോറിന് മിന്നും ജയം നേടിയാണ് രണ്ടാം റൗണ്ട് ഉറപ്പിച്ചത്.