ആദ്യ രണ്ടു സെറ്റുകൾ കൈവിട്ട ശേഷം തിരിച്ചു വന്നു ജയം കണ്ടു സ്റ്റിസ്റ്റിപാസും റൂബ്ലേവും

- Advertisement -

ഫ്രഞ്ച് ഓപ്പണിന് മുന്നോടിയായി നടന്ന എ. ടി. പി 500 മാസ്റ്റേഴ്സ് ഹാമ്പർഗ് ഓപ്പണിൽ ഫൈനൽ കളിച്ച സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസിനും ആന്ദ്ര റൂബ്ലേവിനും ഫ്രഞ്ച് ഓപ്പണിൽ സമാനമായ തുടക്കം. ഹാമ്പർഗിൽ ഫൈനലിൽ തോറ്റ അഞ്ചാം സീഡ് ആയ സ്റ്റിസ്റ്റിപാസ് ആദ്യ രണ്ടു സെറ്റുകളും സ്പാനിഷ് താരം ആയ മുനാറിന് മുന്നിൽ വഴങ്ങിയ ശേഷം ആണ് തിരിച്ചു വന്നു ജയം കണ്ടത്. മത്സരത്തിൽ 5 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഗ്രീക്ക് താരം 5 തവണയാണ് ബ്രൈക്ക് വഴങ്ങിയത്. എന്നാൽ നിർണായക ഘട്ടത്തിൽ ബ്രൈക്ക് നേടിയ സ്റ്റിസ്റ്റിപാസ് സർവീസ് നിർണായക ഘട്ടത്തിൽ നിലനിർത്തുകയും ചെയ്തു. 6-4, 6-2 എന്ന സ്കോറിന് ആദ്യ രണ്ടു സെറ്റുകൾ നഷ്ടമായ സ്റ്റിസ്റ്റിപാസ് പിന്നീട് 6-1, 6-4, 6-4 എന്ന സ്കോറിന് അവസാന സെറ്റുകൾ കയ്യിലാക്കി രണ്ടാം റൗണ്ട് ഉറപ്പിക്കുക ആയിരുന്നു.

വലിയ സർവീസുകൾക്ക് പേരുകേട്ട അമേരിക്കൻ താരം സാം കുരെയെ ആദ്യ രണ്ടു സെറ്റുകൾ ടൈബ്രേക്കലൂടെ നഷ്ടമായ ശേഷം തിരിച്ചു വന്നാണ് ഹാമ്പർഗ് ഓപ്പൺ ജേതാവ് ആയ റഷ്യൻ താരം ആന്ദ്ര റൂബ്ലേവ് മറികടന്നത്. 29 ഏസുകൾ മത്സരത്തിൽ ഉതിർത്ത അമേരിക്കൻ താരം 11 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് വരുത്തിയത്. 8 തവണ അമേരിക്കൻ താരത്തെ ബ്രൈക്ക് ചെയ്ത 13 സീഡ് ആയ റഷ്യൻ യുവതാരം 7-5, 6-4, 6-3 എന്ന സ്കോറിന് ആണ് അവസാനത്തെ മൂന്നു സെറ്റുകൾ സ്വന്തം പേരിലാക്കിയത്. അമേരിക്കൻ താരത്തിന്റെ 29 ഏസുകൾക്ക് എതിരെ 23 ഏസുകൾ ആണ് മത്സരത്തിൽ റൂബ്ലേവ് ഉതിർത്തത്.

Advertisement