മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഹാലപ്പ്, കൊക്കോ ഗോഫ്‌ രണ്ടാം റൗണ്ടിൽ പുറത്ത്

- Advertisement -

ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി ഒന്നാം സീഡ് സിമോണ ഹാലപ്പ്. നാട്ടുകാരിയായ ഇറിന കമെലിയയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് റൊമാനിയൻ താരം ആയ ഹാലപ്പ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. എതിരാളിക്ക് മേൽ വ്യക്തമായ ആധിപത്യം നേടിയ ഹാലപ്പ് ഇരു സെറ്റിലും ആയി 4 തവണയാണ് എതിരാളിയെ ബ്രൈക്ക് ചെയ്തത്. 6-3 നു ആദ്യ സെറ്റ് നേടിയ ഹാലപ്പ് 6-4 നു രണ്ടാം സെറ്റും സ്വന്തം കയ്യിലാക്കി. അതേസമയം യുവ അമേരിക്കൻ താരം കൊക്കോ ഗോഫ്‌ രണ്ടാം റൗണ്ടിൽ പുറത്തായി. ഫ്രഞ്ച് താരം മാർട്ടിന ട്രവിസാൻ ആണ് ഗോഫിനെ തോൽപ്പിച്ചത്.

ആദ്യ സെറ്റ് നേടിയ ശേഷം ആയിരുന്നു 6-4, 2-6, 5-7 എന്ന സ്കോറിന് ഗോഫിന്റെ തോൽവി. മത്സരത്തിൽ 7 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു എങ്കിലും 19 തവണ സർവീസ് ഇരട്ടപ്പിഴവുകൾ വരുത്തിയ ഗോഫ്‌ 9 തവണ ബ്രൈക്ക് വഴങ്ങി. അതേസമയം 16 സീഡ് ബെൽജിയം താരം എൽസി മെർട്ടൻസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. കയിയ കനെപിയെ 6-4, 7-5 എന്ന നേരിട്ടുള്ള സ്കോറിന് ആണ് മെർട്ടൻസ് മറികടന്നത്. റഷ്യൻ താരം കാമിലിയയെ 7-6, 6-2 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്ന 20 സീഡ് ഗ്രീക്ക് താരം മരിയ സക്കാരിയും ഫ്രഞ്ച് ഓപ്പൺ മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Advertisement