ജ്യോക്കോവിച്ച് ചാരമായി, ഇരുപതാം ഗ്രാന്റ് സ്‌ലാം കിരീടം ഉയർത്തി നദാൽ ഫെഡറർക്ക് ഒപ്പമെത്തി

20201011 215553
- Advertisement -

ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ കളിമണ്ണ് കോർട്ടിലെ ദൈവം തന്റെ മുഴുവൻ കരുത്തും പുറത്ത് എടുത്തപ്പോൾ ലോക ഒന്നാം നമ്പർ നൊവാക് ജ്യോക്കോവിച്ച് ചാരമായി. ഇരുപതാം ഗ്രാന്റ് സ്‌ലാം കിരീടാനേട്ടവും ആയി റോജർ ഫെഡററിന്റെ റെക്കോർഡിനു ഒപ്പം എത്തിയ നദാൽ റോളണ്ട് ഗാരോസിൽ 13 മത്തെ കിരീടം ആണ് ഉയർത്തിയത്. റോളണ്ട് ഗാരോസിൽ 100 മതത്തെ ജയവും നദാൽ ഇന്ന് കുറിച്ചു. മികച്ച പോരാട്ടം പ്രതീക്ഷിച്ച ടെന്നീസ് ആരാധകരെ ഞെട്ടിച്ച് കൊണ്ട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് നദാൽ ജ്യോക്കോവിച്ചിനെ തകർത്തത്. എല്ലാ ഗ്രാന്റ് സ്‌ലാമുകളും ഒന്നിൽ കൂടുതൽ തവണ സ്വന്തമാക്കാനുള്ള ശ്രമവും ആയി എത്തിയ ഈ വർഷം ഒരൊറ്റ മത്സരത്തിൽ മാത്രം തോറ്റ ജ്യോക്കോവിച്ച് പക്ഷെ ഏതാണ്ട് 3 മണിക്കൂർ നീണ്ട മത്സരത്തിൽ പലപ്പോഴും ചിത്രത്തിൽ പോലും ഉണ്ടായിരുന്നില്ല.

ആദ്യ സെറ്റിൽ ഡ്രോപ്പ് ഷോട്ടുകൾ ഉതിർത്തു പോയിന്റുകൾ കയ്യിലാക്കാനുള്ള ജ്യോക്കോവിച്ച് തന്ത്രം നദാൽ എളുപ്പം വായിച്ച് എടുത്തു. ആദ്യ സെറ്റിൽ തുടർച്ചയായി 3 ബ്രൈക്കുകൾ കണ്ടത്തിയ നദാൽ ഒരൊറ്റ പോയിന്റ് പോലും നൽകാതെ 6-0 ത്തിനു നദാലിനെ ബേഗൾ ചെയ്തത് അവിശ്വസനീയ കാഴ്ച ആയിരുന്നു. 45 മിനിറ്റ് നീണ്ട ഈ സെറ്റിൽ തന്റെ കയ്യിലെ സർവ്വതും ജ്യോക്കോവിച്ച് പുറത്ത് എടുത്തു എങ്കിലും നദാൽ ഒരിഞ്ച് പോലും വിട്ട് നൽകിയില്ല. 6-0 ആദ്യ സെറ്റ് തോറ്റ ശേഷം ഒരേയൊരു താരമേ ഗ്രാന്റ് സ്‌ലാം ഫൈനൽ ജയിച്ചിട്ടുള്ളൂ എന്ന ചരിത്രവും നൊവാക്കിന്‌ എതിരായി. രണ്ടാം സെറ്റിൽ സമാനമായ പ്രകടനം തുടർന്ന നദാൽ നൊവാക്കിന്റെ ആദ്യ സർവീസിൽ തന്നെ 3 ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ചു. ഇത് രക്ഷിക്കാൻ ആയ നൊവാക് മത്സരത്തിൽ തന്റെ ആദ്യ ഗെയിം നേടി. എന്നാൽ അടുത്ത സർവീസിൽ നദാൽ വീണ്ടും ബ്രൈക്ക് കണ്ടത്തി. തുടർന്ന് അസാധ്യമായ ടെന്നീസ് കളിച്ച നദാൽ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തി സെറ്റിൽ സമ്പൂർണ ആധിപത്യം നേടി.

പലപ്പോഴും നിരാശയിൽ ആയ ജ്യോക്കോവിച്ച് പരിശീലകരെയും ദൈവത്തെയും വിളിച്ചു. എന്നാൽ 47 മിനിറ്റിനുള്ളിൽ 6-2 രണ്ടാം സെറ്റ് നേടിയ നദാൽ കിരീടം ഒരു സെറ്റ് മാത്രം അകലെയാക്കി. 2 സെറ്റ് നേടിയ ശേഷം നദാലിനെ മറികടക്കുക എന്ന അസാധ്യമായ കടമ ലക്ഷ്യം വച്ച് കുറച്ച് കൂടി പൊരുതാൻ ആയിരുന്നു ജ്യോക്കോവിച്ച് മൂന്നാം സെറ്റിനു ഇറങ്ങിയത്. മൂന്നാം സെറ്റിൽ നൊവാക്കിന്റെ രണ്ടാം സർവീസിലും ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിച്ച നദാൽ തന്റെ മികവ് തുടരുക തന്നെയായിരുന്നു. ഇതിന്റെ ഫലമായി മൂന്നാം സർവീസിൽ ബ്രൈക്ക് കണ്ടത്താൻ നദാലിന് ആയി. എന്നാൽ നദാലിന്റെ തൊട്ടടുത്ത സർവീസ് ബ്രൈക്ക് ചെയ്തു ജ്യോക്കോവിച്ച് മത്സരത്തിൽ തിരിച്ചു വരും എന്ന സൂചന നൽകി. എന്നാൽ അടുത്ത സർവീസ് ഗെയിമിൽ നദാൽ വീണ്ടും ബ്രൈക്ക് പോയിന്റുകൾ സൃഷ്ടിക്കുന്നത് ആണ് കാണാൻ ആയത്. എന്നാൽ ഇത് രക്ഷിക്കാൻ ജ്യോക്കോവിച്ചിനു ആയി.

എന്നാൽ അടുത്ത സർവീസിൽ ബ്രൈക്ക് പോയിന്റ് വഴങ്ങിയ ജ്യോക്കോവിച്ച് ഏറ്റവും നിർണായക സമയത്ത് സർവീസ് ഇരട്ടപ്പിഴവ് വരുത്തിയ ജ്യോക്കോവിച്ച് ബ്രൈക്ക് വഴങ്ങി കിരീടം ഒരു സർവീസ് മാത്രം അകലെയാക്കി. അടുത്ത സർവീസിൽ ഒരു ഏസിലൂടെ സെറ്റ് 7-5 നു നേടി തന്റെ പതിമൂന്നാം കിരീടത്തിലേക്ക് റാഫേൽ നദാൽ മുന്നേറി. ഫെഡററുടെ ഗ്രാന്റ് സ്‌ലാം നേട്ടങ്ങൾക്ക് ഒപ്പം എത്തിയ നദാൽ ഫ്രഞ്ച് ഓപ്പണിൽ തന്റെ ഏറ്റവും മികച്ച മത്സരം ആണ് ഇന്ന് കളിച്ചത്‌. നദാലിന്റെ ജയത്തോടെ ആരാണ് ചരിത്രം കണ്ട ഏറ്റവും മഹാനായ താരം എന്ന തർക്കം കൂടുതൽ ശക്തമാകും എന്നുറപ്പാണ്. 2020 തിൽ ഒരൊറ്റ മത്സരത്തിൽ അയോഗ്യനാക്കപ്പെട്ടു എന്നതിൽ മാത്രം തോൽവി വഴങ്ങിയ ലോക ഒന്നാം നമ്പറിനെ ഇത്തരത്തിൽ നാണം കെടുത്തുന്നതിൽ തന്നെ എന്ത് കൊണ്ടാണ് താൻ കളിമണ്ണ് കോർട്ടിലെ ചോദ്യം ചെയ്യാൻ പറ്റാത്ത ശക്തി എന്നു തെളിയിച്ചു. തുടർച്ചയായ നാലാം ഫ്രഞ്ച് ഓപ്പൺ കിരീടം കൂടിയാണ് നദാലിന് ഇത്.

Advertisement