കണ്ണീരടക്കാൻ പാട് പെട്ട് റോജർ ഫെഡറർ, കൂടെ കരഞ്ഞു നദാലും!അവസാന മത്സരത്തിൽ പരാജയത്തോടെ ഫെഡററുടെ വിടവാങ്ങൽ

ടെന്നീസ് കരിയറിലെ അവസാന മത്സരത്തിൽ റാഫേൽ നദാലിന് ഒപ്പം ലേവർ കപ്പിൽ ഡബിൾസ് കളിക്കാൻ ഇറങ്ങിയ റോജർ ഫെഡറർ പരാജയത്തോടെ തന്റെ കരിയറിന് അവസാനം കുറിച്ചു. അമേരിക്കൻ താരങ്ങൾ ആയ ജാക് സോക്ക്, ഫ്രാൻസസ് ടിയെഫോ എന്നിവർ അടങ്ങിയ ലോക ടീമിനോട് ആണ് ഫെഡറർ, നദാൽ സഖ്യം പരാജയപ്പെട്ടത്. ആദ്യ സെറ്റിൽ നിർണായക ബ്രേക്ക് കണ്ടത്തി സെറ്റ് ടീം യൂറോപ്പ് 6-4 നു സ്വന്തമാക്കി.

റോജർ ഫെഡറർ

രണ്ടാം സെറ്റിൽ നദാലിന്റെ സർവീസ് എതിരാളികൾ ബ്രേക്ക് ചെയ്‌തെങ്കിലും തിരിച്ചു വന്നു ബ്രേക്ക് ചെയ്ത ടീം യൂറോപ്പ് സെറ്റ് ടൈബ്രേക്കിലേക്ക് നീട്ടി. എന്നാൽ ടൈബ്രേക്കറിൽ സെറ്റ് 7-2 നു ലോക ടീം നേടി. തുടർന്ന് 10 പോയിന്റ് ടൈബ്രേക്കറിലേക്ക് കളി നീണ്ടു. പൊരുതി കളിച്ച ഫെഡറർ, നദാൽ സഖ്യം മാച്ച് പോയിന്റ് സൃഷ്ടിച്ചു എങ്കിലും ഫെഡററിന്റെ സർവീസിൽ അത് പക്ഷെ ടിയെഫോ രക്ഷിച്ചു. തുടർന്ന് 11-9 നു ലോക ടീം ജയം നേടുക ആയിരുന്നു.മത്സരത്തിൽ മനോഹര നിമിഷങ്ങൾ ആണ് പലപ്പോഴും ഫെഡററും നദാലും സൃഷ്ടിച്ചത്.

റോജർ ഫെഡറർ

റോജർ ഫെഡറർ

മത്സര ശേഷം കണ്ണീർ അടക്കാൻ പാട് പെടുന്ന ഫെഡററിനെ ആണ് കാണാൻ ആയത്. നദാലും ഫെഡറർക്ക് ഒപ്പം കണ്ണീർ വാർത്തു. ഫെഡററിന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും അടക്കം നിറഞ്ഞ ഗാലറി അവസാന നിമിഷങ്ങളിൽ എണീറ്റു നിന്നാണ് താരത്തെ സ്വീകരിച്ചത്. മത്സരത്തിൽ പലപ്പോഴും തന്റെ പഴയ മികവ് ഫെഡറർ കാണിച്ചു. എന്നാൽ പലപ്പോഴും ശരീരം ടെന്നീസ് കളിക്കാൻ ഫെഡററെ അനുവദിക്കുന്നില്ല എന്നതും കാണാൻ ആയി. നിലവിൽ ലേവർ കപ്പിൽ ടീം യൂറോപ്പ് 2 ജയം നേടിയപ്പോൾ ലോക ടീമും 2 ജയം നേടിയിട്ടുണ്ട്. കണ്ണീർ അടക്കാൻ പാട് പെട്ട ഫെഡറർ കണ്ടിരുന്ന ആരാധകർക്കും കണ്ണീർ സമ്മാനിച്ചു.