ഓസ്‌ട്രേലിയൻ ഓപ്പണിൽ ആവേശം അലയടിച്ച രണ്ടാം റൗണ്ട് മത്സരത്തിൽ ഓസ്‌ട്രേലിയൻ താരം തനാസി കൊക്കിനാകിസിനെ 5 സെറ്റ് പോരാട്ടത്തിൽ മറികടന്നു അഞ്ചാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ്. 2 ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ രണ്ടു ടൈബ്രേക്കറുകളിലും ജയം കണ്ട ഓസ്‌ട്രേലിയൻ താരം ഒരൊറ്റ ബ്രൈക്ക് കണ്ടത്തിയില്ല എങ്കിലും അവിസ്മരണീയമായ പോരാട്ടം ആണ് കാഴ്ചവച്ചത്. മത്സരത്തിൽ സിറ്റിപാസ് 17 ഏസുകൾ ഉതിർത്തപ്പോൾ എതിരാളി 23 ഏസുകൾ ആണ് ഉതിർത്തത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നഷ്ടമായ സിറ്റിപാസ് അടുത്ത 2 സെറ്റുകളും 6-4, 6-1 എന്ന സ്കോറിന് നേടി മത്സരത്തിൽ ആധിപത്യം കണ്ടത്തി. എന്നാൽ നാലാം സെറ്റിൽ മാച്ച് പോയിന്റ് രക്ഷിച്ച ഓസ്‌ട്രേലിയൻ താരം സെറ്റ് ടൈബ്രേക്കറിലൂടെ സ്വന്തമാക്കി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.
അഞ്ചാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ സിറ്റിപാസ് 6-4 നു മത്സരം കയ്യിലാക്കി മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്വന്തം നാട്ടുകാരുടെ വലിയ പിന്തുണ ലഭിച്ച ഓസ്‌ട്രേലിയൻ താരത്തിന്റെ മികച്ച പ്രകടനവും 22 ബ്രൈക്ക് പോയിന്റുകൾ ലഭിച്ചതിൽ വെറും അഞ്ചണ്ണം മാത്രം ആണ് സിറ്റിപാസിന് മുതലാക്കാൻ ആയത് എന്നതുമാണ് മത്സരം ഇത്ര ആവേശകരമാവാൻ കാരണം. നാട്ടുകാരൻ ആയ സാൽവതോറിന് എതിരെ 5 സെറ്റ് പോരാട്ടത്തിൽ ആയിരുന്നു ഇറ്റാലിയൻ താരവും 16 സീഡുമായ ഫാബിയോ ഫോഗ്നിയുടെ ജയവും. ആവേശകരമായ മത്സരത്തിൽ അവസാന സെറ്റിലെ സൂപ്പർ ടൈബ്രേക്കറിലൂടെയാണ് ഫോഗ്നി മത്സരത്തിൽ ജയം കണ്ടത്. സ്‌കോർ : 4-6, 6-2, 2-6, 6-3, 7-6. അതേസമയം ഉറുഗ്വേ താരം പാബ്ലോയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് 21 സീഡ് ആയ ഓസ്‌ട്രേലിയൻ താരം അലക്‌സ് ഡിമിനോർ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. സ്‌കോർ : 6-3, 6-3, 7-5.