ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു മുൻ ജേതാവ് സ്വിസ് താരം സ്റ്റാൻ വാവറിങ്ക പുറത്ത്. 17 സീഡ് ആയ വാവറിങ്ക അഞ്ചു സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനു ശേഷമാണ് രണ്ടാം റൗണ്ടിൽ ഹംഗേറിയൻ താരം മാർട്ടൻ ഫുസ്കോവിക്‌സിന് മുന്നിൽ കീഴടങ്ങിയത്. ആദ്യ രണ്ടു സെറ്റുകൾ 7-5, 6-1 എന്ന സ്കോറിന് കൈവിട്ട ശേഷം തിരിച്ചു വരുന്ന വാവറിങ്കയെ ആണ് മത്സരത്തിൽ കാണാൻ ആയത്. തിരിച്ചു വരവിൽ പൊരുതിയ വാവറിങ്ക മൂന്നാം സെറ്റ് 6-4 നും നാലാം സെറ്റ് 6-2 നും സ്വന്തമാക്കി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ഇരു താരങ്ങളും സർവ്വം മറന്നു പൊരുതിയപ്പോൾ സെറ്റ് ടൈബ്രൈക്കറിലേക്ക് നീണ്ടു. ടൈബ്രൈക്കറിൽ നിർണായക ജയം പിടിച്ചെടുത്ത ഹംഗേറിയൻ താരം സ്വിസ് താരത്തിന് ഓസ്‌ട്രേലിയയിൽ നിന്നുള്ള മടക്ക ടിക്കറ്റ് നൽകി.
ഫ്രഞ്ച് താരം അലക്‌സാന്ദ്ര മുള്ളർക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് അർജന്റീനൻ താരവും എട്ടാം സീഡുമായ ഡീഗോ ഷ്വാർട്ട്സ്മാൻ ജയം കണ്ടത്. എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യം കണ്ടാണ് 6-2, 6-0, 6-3 എന്ന സ്കോറിന് രണ്ടാം റൗണ്ടിൽ ഷ്വാർട്ട്സ്മാൻ ജയം നേടിയത്. ഫ്രഞ്ച് താരം കോരന്റീനെ ആദ്യ സെറ്റ് ടൈബ്രേക്കിലൂടെ നഷ്ടമായ ശേഷമാണ് 14 സീഡും കനേഡിയൻ താരവും ആയ മിലോസ് റയോണിക് ജയം കണ്ടത്. 6-1, 6-1, 6-4 എന്ന സ്കോറിന് തുടർച്ചയായി മൂന്നു സെറ്റുകൾ നേടി റയോണിക് ജയം പിടിച്ചെടുത്തു. അതേസമയം ഓസ്‌ട്രേലിയൻ താരം ജെയിംസ് ഡക്ക്വർത്തിന് മേൽ 6-4, 6-1, 6-2 എന്ന സ്കോറിന്റെ ആധിപത്യ ജയവും ആയാണ് മറ്റൊരു കനേഡിയൻ താരവും ഇരുപതാം സീഡുമായ ഫെലിക്‌സ് ആഗർ ആലിയാസ്മ ജയം കണ്ടത്. 6 തവണ മത്സരത്തിൽ ബ്രൈക്ക് കണ്ടത്തിയ ഫെലിക്‌സ് 19 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത്.