അനായാസം രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഒസാക്കയും വില്യംസ് സഹോദരിമാരും

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ മികച്ച ജയവുമായി മുൻ ജേതാവ് ആയ മൂന്നാം സീഡ് ജപ്പാന്റെ നയോമി ഒസാക്ക. സീഡ് ചെയ്യാത്ത റഷ്യൻ താരം അനസ്താഷിയയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഒസാക്ക തകർത്തത്. എതിരാളിക്ക് മേൽ സമ്പൂർണ ആധിപത്യം നേടിയ ഒസാക്ക 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. 6-1, 6-2 എന്ന സ്കോറിന് ആയിരുന്നു ഒസാക്കയുടെ ജയം. അതേസമയം പത്താം സീഡ് ആയ ഇതിഹാസ താരം സെറീന വില്യംസും രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ സീഡ് ചെയ്യാത്ത ലൗറ സിഗമണ്ടിനെ 6-1, 6-1 എന്ന സ്കോറിന് ആണ് റെക്കോർഡ് ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ ലക്ഷ്യമിടുന്ന സെറീന തകർത്തത്.

Naomiosaka

കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ കിരീടം നേടി ലോകത്തെ ഞെട്ടിച്ച പോളിഷ് താരം ഇഗ സ്വിയാറ്റകും ഒന്നാം റൗണ്ടിൽ അനായാസ ജയം കണ്ടു. സീഡ് ചെയ്യാത്ത അരക്സ റൂസിനെ 6-1, 6-3 എന്ന സ്കോറിന് ആണ് 15 മത്തെ സീഡ് ആയ ഇഗ മറികടന്നത്. ബെൽജിയം താരം ക്രിസ്റ്റ്യൻ ഫ്ലിപ്ക്ൻസിനെ 7-5, 6-2 എന്ന സ്കോറിന് മറികടന്ന മുൻ ഗ്രാന്റ് സ്‌ലാം ജേതാവും ഇതിഹാസ താരവും ആയ വീനസ് വില്യംസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം സീഡ് ചെയ്യാത്ത അമേരിക്കൻ താരം ബർണാഡ പെരയോട് 6-0, 6-4 എന്ന ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയ മുൻ ഗ്രാന്റ് സ്‌ലാം ജേതാവും 23 സീഡുമായ ജർമ്മൻ താരം ആഞ്ചലിക്ക കെർബർ ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ പുറത്തായി.