ഓസ്‌ട്രേലിയൻ ഓപ്പണിൽ ആതിഥേയരുടെ ഏറ്റവും വലിയ പ്രതീക്ഷ ആയ ടെന്നീസിലെ വികൃതി ചെറുക്കൻ നിക് ക്രഗറിയോസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. ഫ്രഞ്ച് താരം ഉഗോ ഉമ്പർട്ടിനു എതിരെ ഒരു ഘട്ടത്തിൽ പരാജയം മുന്നിൽ കണ്ട നിക് രണ്ടു മാച്ച് പോയിന്റുകൾ രക്ഷിച്ച ശേഷം ആണ് അഞ്ചു സെറ്റും മൂന്നിലേറെ മണിക്കൂറും നീണ്ട മത്സരം ജയിച്ചു കയറിയത്. നിക്കിന്റെ അവിശ്വസനീയ തിരിച്ചു വരവ് ഓസ്‌ട്രേലിയൻ കാണികൾക്ക് വലിയ ആവേശം തന്നെയാണ് പകർന്നത്. എന്നത്തേയും പോലെ ആരാധകരെ രസിപ്പിക്കുന്ന ഷോട്ടുകളും ആയി കളം നിറഞ്ഞ നിക് ഒരു ഘട്ടത്തിൽ റഫറിയോട് കയർക്കുകയും ഉണ്ടായി. മത്സരത്തിൽ നിക് 30 ഏസുകൾ ഉതിർത്തപ്പോൾ 27 ഏസുകൾ ആണ് ഫ്രഞ്ച് താരം കണ്ടത്തിയത്. ഇരു താരങ്ങളും 3 വീതം ബ്രൈക്ക് വഴങ്ങിയ മത്സരത്തിൽ 2 ടൈബ്രേക്കറുകളും കണ്ടു. ആദ്യ സെറ്റ് 7-5 നു നേടിയ ഫ്രഞ്ച് താരത്തിന് എതിരെ രണ്ടാം സെറ്റ് 6-4 നു നേടി നിക് മത്സരത്തിൽ തിരിച്ചു വന്നു. മൂന്നാം സെറ്റ് 6-3 നു നേടിയ ഉമ്പർട്ട് മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. നാലാം സെറ്റിൽ മികവ് തുടർന്ന ഫ്രഞ്ച് താരം അനായാസം ജയം കാണും എന്നിടത്ത് നിന്നാണ് 2 മാച്ച് പോയിന്റുകൾ രക്ഷിച്ച നിക് നാലാം സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടിയത്.
മാച്ച് പോയിന്റുകൾ രക്ഷിച്ച ശേഷം അസാധ്യ ഫോമിലേക്ക് ഉയർന്ന നിക് ടൈബ്രേക്കറിലൂടെ നാലാം സെറ്റ് നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ആദ്യമെ തന്നെ ബ്രൈക്ക് കണ്ടത്തിയ നിക് സെറ്റ് 6-4 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. ആവേശത്തോടെ ആണ് മെൽബൺ അരീനയിലെ ആരാധകർ നിക്കിന്റെ ജയം സ്വീകരിച്ചത്. മൂന്നാം റൗണ്ടിൽ മൂന്നാം സീഡ് ഡൊമിനിക് തീം ആണ് നിക്കിന്റെ എതിരാളി. അതേസമയം അമേരിക്കൻ താരം മാക്സി ക്രെസ്സിക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസ ജയം ആണ് ആറാം സീഡ് അലക്സാണ്ടർ സെരവ് കൈക്കലാക്കിയത്. മത്സരത്തിൽ 15 ഏസുകൾ ഉതിർത്ത ജർമ്മൻ താരം 4 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്യുകയും ചെയ്തു. 7-5, 6-4, 6-3 എന്ന സ്കോറിന് ആയിരുന്നു ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന സെരവിന്റെ ജയം. നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ബൾഗേറിയൻ താരവും 18 സീഡുമായ ഗ്രിഗോർ ദിമിത്രോവും രണ്ടാം റൗണ്ടിൽ ജയം കണ്ടത്. ഓസ്‌ട്രേലിയൻ താരം അലക്‌സ് ബോൾട്ടിനെതിരെ ആദ്യ സെറ്റിൽ ബ്രൈക്ക് കണ്ടത്താൻ ബുദ്ധിമുട്ടിയ ദിമിത്രോവ് ടൈബ്രേക്കറിലൂടെയാണ് സെറ്റ് നേടിയത്. എന്നാൽ രണ്ടും മൂന്നും സെറ്റിൽ മികച്ച ഫോമിലേക്ക് ഉയർന്ന ദിമിത്രോവ് 2 വീതം ബ്രൈക്കുകൾ നേടി 6-1, 6-2 എന്ന സ്കോറിന് മത്സരം സ്വന്തം പേരിലാക്കി.