പരിക്ക് വീനസിനെ വീഴ്ത്തി, ഹാലപ്പും ഒസാക്കയും ഇഗയും മുന്നോട്ടു

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു ഇതിഹാസ താരം വീനസ് വില്യംസ് പുറത്ത്. മത്സരത്തിനു ഇടയിൽ കാലിനു ഏറ്റ പരിക്കിനെ തുടർന്ന് ചികത്സ തേടിയ വീനസ് ആ പരിക്ക് അവഗണിച്ചു ആണ് മത്സരം പൂർത്തിയാക്കിയത്. പരിക്കും പ്രായവും തളർത്തിയ വീനസിന് എതിരെ ഇറ്റാലിയൻ താരം സാറ ഇറാനി 6-1, 6-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് സമഗ്രാധിപത്യം പുലർത്തി ആണ് ജയം കണ്ടത്. എന്നാൽ പ്രായത്തെ മറന്നു കളത്തിൽ ഇറങ്ങിയ വീനസിന്റെ പോരാട്ടവീര്യം പരിക്കിനെയും വക വക്കാതെ ലോകം ഇന്ന് കാണുക തന്നെ ഉണ്ടായി. അതേസമയം പ്രമുഖ താരങ്ങൾ വലിയ പ്രയാസം ഇല്ലാതെ ഇന്ന് മൂന്നാം റൗണ്ടിൽ എത്തി. പ്രതീക്ഷതിലും വലിയ പോരാട്ടം ആണ് രണ്ടാം സീഡ് ആയ റൊമാനിയൻ താരം സിമോണ ഹാലപ്പ് സീഡ് ചെയ്യാത്ത ഓസ്‌ട്രേലിയൻ താരം അജ്‌ല ടോംജെലനോവിച്ചിൽ നിന്നു നേരിട്ടത്.

മത്സരത്തിൽ 7 തവണ ബ്രൈക്ക് വഴങ്ങിയ ഹാലപ്പ് എതിരാളിയെ 8 തവണയാണ് ബ്രൈക്ക് ചെയ്തത്. മൂന്നു സെറ്റ് പോരാട്ടത്തിൽ 6-4, 4-6, 7-5 എന്ന സ്കോറിന് ആണ് ഹാലപ്പ് ജയം കണ്ടത്. അവസാന സെറ്റിൽ എതിരാളിയുടെ അവസാന സർവീസിൽ ബ്രൈക്ക് കണ്ടത്താൻ ആയ ഹാലപ്പ് ജയം പിടിച്ചെടുക്കുക ആയിരുന്നു. അതേസമയം എതിരാളിക്ക് വമ്പൻ മുന്നറിയിപ്പ് നൽകുന്ന പ്രകടനം ആണ് മൂന്നാം സീഡ് ജപ്പാന്റെ നയോമി ഒസാക്കയിൽ നിന്നു ഉണ്ടായത്. മുൻ ലോക നാലാം റാങ്കുകാരി ആയ ഫ്രഞ്ച് താരം കരോളിന ഗാർസിയെ 6-2, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഒസാക്ക തകർത്തത്. 3 ബ്രൈക്ക് പോയിന്റുകൾ നേടിയ ഒസാക്ക 10 ഏസുകളും ഉതിർത്തു. ഇത്തരത്തിൽ ഒസാക്ക കളിക്കുക ആണെങ്കിൽ വനിതാ വിഭാഗം കിരീടം ഒസാക്ക സ്വന്തമാക്കാൻ ആണ് സാധ്യത. തുടർച്ചയായ പതിനാറാം ജയം ആയിരുന്നു ഒസാക്കക്ക് ഇത്. ഏതാണ്ട് സമാനമായ പ്രകടനം ആണ് പോളിഷ് താരവും 15 സീഡും ആയ ഫ്രഞ്ച് ഓപ്പൺ ജേതാവ് ഇഗ സ്വിയാറ്റക്കിൽ നിന്നു ഉണ്ടായത്. ഫ്രഞ്ച് താരം കാമിലയെ 6-2, 6-4 എന്ന സ്കോറിന് ഇഗ തകർത്തു. ഒരു തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ഇഗ ഗ്രാന്റ് സ്‌ലാം വേദിയിൽ തുടർച്ചയായ ഒമ്പതാം ജയം ആണ് ഇന്ന് കുറിച്ചത്.