എന്റമ്മോ!!! ഒരേയൊരു നദാൽ, എന്തൊരു തിരിച്ചു വരവ്! ഓസ്ട്രേലിയൻ ഓപ്പൺ ജയിച്ചു 21 ന്റെ നിറവിൽ ‘കിങ് റാഫ’!

Wasim Akram

Rafa
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം നേടി ടെന്നീസ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്‌ലാം കിരീടങ്ങൾ നേടുന്ന താരമായി റാഫേൽ നദാൽ. ഓപ്പൺ യുഗത്തിൽ നാലു ഗ്രാന്റ് സ്‌ലാം കിരീടങ്ങളും രണ്ടു തവണ നേടുന്ന രണ്ടാമത്തെ മാത്രം താരമായും നദാൽ ഇതോടെ മാറി. രണ്ടാം സീഡ് ആയ റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ ആദ്യ രണ്ടു സെറ്റുകളും നഷ്ടമായ ശേഷം തിരിച്ചു വന്നാണ് നദാൽ 21 മത്തെ ഗ്രാന്റ് സ്‌ലാം കിരീടം നേടിയത്. അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന തിരിച്ചു വരവോടെയാണ് നദാൽ അവിശ്വസനീയം എന്നു മാത്രം വിളിക്കാവുന്ന നേട്ടം കൈവരിച്ചത്. ആറാം സീഡ് ആയ നദാലിന് തന്റെ ഏറ്റവും പ്രയാസപ്പെട്ട കോർട്ടിൽ കാര്യങ്ങൾ ഒട്ടും എളുപ്പം അല്ലായിരുന്നു. കാണികൾ കൂവലോടെ സ്വീകരിച്ചു എങ്കിലും തന്റെ മികവോടെ അവരെ നിശബ്ദരാക്കുന്ന ഡാനിൽ മെദ്വദേവിനെയാണ് തുടക്കത്തിൽ കാണാൻ ആയത്. ആദ്യ സെറ്റിൽ നന്നായി സർവീസ് ചെയ്ത മെദ്വദേവ് തുടക്കത്തിൽ തന്നെ നദാലിനെ ബ്രൈക്ക് ചെയ്യുന്നത് ആണ് കാണാൻ ആയത്. ഇരട്ട ബ്രൈക്കുകൾ നേടിയ റഷ്യൻ താരം 6-2 നു ആദ്യ സെറ്റ് സ്വന്തം പേരിൽ കുറിച്ചു.

പരിക്കിൽ നിന്നു തിരിച്ചു വന്നു ഓസ്‌ട്രേലിയൻ ഓപ്പൺ കളിക്കുമോ എന്നു ഉറപ്പ് ഇല്ലാത്ത സ്ഥലത്ത് നിന്നു നദാൽ തന്റെ മികവ് കാണിക്കുന്നത് ആണ് രണ്ടാം സെറ്റിൽ തുടക്കത്തിൽ കാണാൻ ആയത്. തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ നദാൽ 4-1 നു സെറ്റിൽ മുന്നിലെത്തി. എന്നാൽ തിരിച്ചടിച്ച മെദ്വദേവ് സെറ്റിൽ ബ്രൈക്ക് തിരിച്ചു പിടിച്ചു. കാണികളുടെ നിറഞ്ഞ പിന്തുണയോടെ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തിയ നദാൽ സെറ്റ് നേടാൻ ആയി സർവീസ് ചെയ്യാൻ തുടങ്ങി. എന്നാൽ തന്റെ പോരാട്ട വീര്യം കാണിച്ച മെദ്വദേവ് നദാലിനെ തിരിച്ചു ബ്രൈക്ക് ചെയ്തു. തുടർന്ന് ഇരു താരങ്ങളും സർവീസ് നിലനിർത്തിയപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക്. ടൈബ്രേക്കറിലും പിറകിൽ നിന്ന ശേഷം തിരിച്ചു വന്ന മെദ്വദേവ് സെറ്റ് നദാലിന്റെ കയ്യിൽ നിന്ന് തട്ടിയെടുത്തു. 84 മിനിറ്റ് നീണ്ട അവിശ്വസനീയം ആയ സെറ്റ് നേടിയതോടെ റഷ്യൻ താരം അനായാസം കിരീടം നേടും എന്നു എല്ലാവരും ഉറപ്പിച്ചു.
Rafaelnadal
എന്നാൽ റാഫേൽ നദാലിലെ പോരാളിയെ ആണ് തുടർന്ന് കാണാൻ ആയത്. 40-0 ൽ നിന്നു മൂന്നാം സെറ്റിൽ ആരാധകരുടെ പിന്തുണയോടെ ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ച നദാൽ അടുത്ത മെദ്വദേവ് സർവീസ് ബ്രൈക്ക് ചെയ്തു. തുടർന്ന് സർവീസ് നിലനിർത്തിയ നദാൽ സെറ്റ് 6-4 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. ഇരു താരങ്ങളും സർവീസ് നിലനിർത്താൻ ബുദ്ധിമുട്ടിയ നാലാം സെറ്റിൽ ആദ്യം ബ്രൈക്ക് കണ്ടത്തിയത് നദാൽ ആണ്. ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ച ശേഷം ആണ് നദാൽ ബ്രൈക്ക് കണ്ടത്തിയത്. എന്നാൽ മെദ്വദേവ് ഉടൻ തന്നെ നദാലിന്റെ സർവീസ് തിരിച്ചു ബ്രൈക്ക് ചെയ്തു. എന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു എടുത്ത നദാൽ മെദ്വദേവിനെ ഒരിക്കൽ കൂടി ബ്രൈക്ക് ചെയ്തു സെറ്റ് 6-4 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. മെൽബണിലെ കാണികൾക്ക് ഭ്രാന്ത് പിടിക്കുക ആയിരുന്നു. നദാലിന് ആയി ആർത്തു വിളിച്ച അവർ മെദ്വദേവിനെ കൂവി വിളിച്ചു. ഇടക്ക് കാണികളുമായി ഏറ്റുമുട്ടുന്ന മെദ്വദേവിനെയും കാണാൻ ആയി. ഇടക്ക് ആരാധകൻ കളത്തിൽ ഇറങ്ങിയതും മത്സരത്തിൽ കാണാൻ സാധിച്ചു.

അഞ്ചാം സെറ്റിൽ നദാലിന് ഒപ്പം ആയിരുന്നു കാര്യങ്ങൾ. തന്റെ ആദ്യ സർവീസിൽ ബ്രൈക്ക് പോയിന്റ് രക്ഷിക്കാൻ മെദ്വദേവിനു ആയി. എന്നാൽ നദാലിന്റെ നിരന്തരമുള്ള അവിശ്വസനീയ ഫ്രണ്ട് ഹാന്റിന് മുന്നിൽ മെദ്വദേവ് പതറി. മത്സരത്തിൽ ഉടനീളം നദാലിന്റെ അവിശ്വസനീയ ഫ്രണ്ട് ഹാന്റ് ഷോട്ടുകളും മെദ്വദേവിന്റെ ബാക്ക് ഹാന്റ് ഷോട്ടുകളും കാണാൻ ആയി. മത്സരത്തിൽ ഉടനീളം നന്നായി സർവീസ് ചെയ്ത മെദ്വദേവിനെ നദാൽ തുടർന്ന് ബ്രൈക്ക് ചെയ്തു. തുടർന്ന് ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ചു നദാൽ 5-4 നു ചാമ്പ്യൻഷിപ്പിന് ആയി ഒടുവിൽ സർവീസ് ചെയ്യാൻ തുടങ്ങി. എന്നാൽ തന്റെ പോരാട്ടം തുടർന്ന മെദ്വദേവ് നദാലിന്റെ പിഴവ് മുതലെടുത്ത് തിരിച്ചു ബ്രൈക്ക് കണ്ടത്തിയത് ആരാധകരെ ഞെട്ടിച്ചു. എന്നാൽ തളർന്നു എന്നു തോന്നിച്ച മെദ്വദേവിന്റെ സർവീസ് തൊട്ടടുത്ത് തന്നെ ബ്രൈക്ക് ചെയ്ത നദാൽ വീണ്ടും മത്സരത്തിന് ആയി സർവീസ് ചെയ്യാൻ തുടങ്ങി. ഇത്തവണ സർവീസ് നിലനിർത്തിയ നദാൽ സെറ്റ് 7-5 നു നേടി കിരീടം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 23 ഏസുകൾ ഉതിർത്ത മെദ്വദേവിനെ ലഭിച്ച 22 അവസരത്തിൽ 7 തവണയാണ് നദാൽ ബ്രൈക്ക് ചെയ്തത്. അതേസമയം വെറും 3 ഏസുകൾ ഉതിർത്ത നദാൽ 6 തവണ ബ്രൈക്ക് വഴങ്ങി.ജയത്തിന് ശേഷം കണ്ണീരുമായി നിൽക്കുന്ന നദാൽ ഏതൊരു കായിക പ്രേമിയുടെയും മനസ്സ് നിറക്കുന്ന ചിത്രം ആയിരുന്നു. 21 മത്തെ ഗ്രാന്റ് സ്‌ലാം നേട്ടത്തോടെ ഏറ്റവും ബുദ്ധിമുട്ടുള്ള ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാമതും നേടിയ നദാൽ ചരിത്രത്തിൽ ഏറ്റവും മഹാനായ താരം താൻ അല്ലേ എന്നു ഉറക്കെ ചോദിക്കുന്നുണ്ട്. തോറ്റെങ്കിലും തല ഉയർത്തി ആണ് മെദ്വദേവ് ഓസ്‌ട്രേലിയായിൽ നിന്നു മടങ്ങുക. എപ്പോഴും വഴി മുടക്കുന്ന ജ്യോക്കോവിച്ചിന്റെ അഭാവത്തിൽ നദാൽ ടെന്നീസിൽ താൻ എന്ന പോരാളിയെ രാജാവിലെ എഴുതി തള്ളാൻ ആവില്ല എന്നു ഈ 36 മത്തെ വയസ്സിൽ ഒരിക്കൽ കൂടി തെളിയിക്കുക ആണ്.