ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി യു.എസ് ഓപ്പൺ ജേതാവും മൂന്നാം സീഡും ആയ ഓസ്ട്രിയൻ താരം ഡൊമനിക് തീം. മത്സരത്തിന്റെ തുടക്കത്തിൽ താളം കണ്ടത്താൻ പ്രയാസപ്പെട്ട തീം പക്ഷെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സീഡ് ചെയ്യാത്ത മിഖായേലിനെ മറികടന്നത്. ആദ്യ സെറ്റ് ടൈബ്രേക്കറിലേക്കു നീണ്ടെങ്കിലും ടൈബ്രേക്കറിലൂടെ സെറ്റ് കയ്യിലാക്കിയ തീം മത്സരത്തിൽ മുൻതൂക്കം കണ്ടത്തി. പിന്നീട് തന്റെ മികവിലേക്ക് ഉയർന്ന തീം രണ്ടാം സെറ്റ് 6-2 നും മൂന്നാം സെറ്റ് 6-3 നും സ്വന്തമാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 3 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും എതിരാളിയെ 7 തവണയാണ് തീം ബ്രൈക്ക് ചെയ്തത്. സീഡ് ചെയ്യാത്ത പോർച്ചുഗീസ് പെഡ്രോ സോസയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത മുൻ ജേതാവും 17 സീഡുമായ സ്റ്റാൻ വാവറിങ്കയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി.
6-3, 6-2, 6-4 എന്ന സ്കോറിന് ആണ് സ്വിസ് താരം വാവറിങ്ക ജയം കണ്ടത്. സീഡ് ചെയ്യാത്ത അർജന്റീനൻ താരം ഫെഡറികോ കോറിയയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു കനേഡിയൻ താരവും 14 സീഡുമായ മിലോസ് റയോണിക്കും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. 17 ഏസുകൾ ഉതിർത്ത റയോണിക് 5 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം സമയം പത്താം സീഡ് ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസ് ഓസ്‌ട്രേലിയൻ ഓപ്പൺ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. സീഡ് ചെയ്യാത്ത ഫിന്നിഷ് താരം എമിൽ ആണ് 5 സെറ്റ് നീണ്ട കടുത്ത പോരാട്ടത്തിനു ഒടുവിൽ ഫ്രഞ്ച് താരത്തെ അട്ടിമറിച്ചത്. സ്‌കോർ : 3-6, 6-4, 7-5, 3-6, 6-3.