ഓസ്ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിൽ പ്രതീക്ഷതിലും വലിയ പോരാട്ടം നേരിട്ട് ലോക ഒന്നാം നമ്പറും നിലവിലെ ജേതാവും എട്ട് തവണ ഓസ്ട്രേലിയൻ ഓപ്പൺ ജേതാവും ആയ നൊവാക് ജ്യോക്കോവിച്ച്. മത്സരത്തിൽ പൂർണമായും ശാരീരിക ക്ഷമത ഇല്ലായിരുന്ന ജ്യോക്കോവിച്ച് പരിക്കിനെ അതിജീവിച്ച് ആണ് അമേരിക്കൻ താരവും 27 സീഡും ആയ ടൈലർ ഫ്രിറ്റ്സിനെ മറികടന്നത്. മത്സരത്തിന്റെ തുടക്കത്തിൽ മികച്ച തുടക്കം ലഭിച്ച ജ്യോക്കോവിച്ച് ബ്രൈക്ക് പോയിന്റ് നേടി മുൻതൂക്കം കണ്ടത്തിയെങ്കിലും തിരിച്ചടിച്ച അമേരിക്കൻ താരം ബ്രൈക്ക് തിരിച്ചു പിടിച്ച് സെറ്റ് ടൈബ്രേക്കറിലേക്ക് നീട്ടി. എന്നാൽ ടൈബ്രേക്കറിൽ പൂർണ്ണ ആധിപത്യം നേടിയ ജ്യോക്കോവിച്ച് സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ജ്യോക്കോവിച്ച് സെറ്റ് 6-4 നു നേടി മത്സരത്തിൽ വലിയ മുൻതൂക്കം നേടി. മത്സരത്തിൽ ഇടക്ക് വൈദ്യ സഹായം അടക്കം തേടിയ ജ്യോക്കോവിച്ചിന്റെ ശരീര ഭാഷ എന്നാൽ അത്ര നല്ലത് ആയിരുന്നില്ല.
ഇത് മുതലെടുത്ത ഫ്രിറ്റ്സ് മൂന്നാം സെറ്റിൽ ബ്രൈക്ക് കണ്ടത്തി സെറ്റ് 6-3 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. മൂന്നു നാലു സെറ്റുകളിൽ സർവീസ് ഗെയിമിൽ മികവ് പുലർത്താത്ത ജ്യോക്കോവിച്ചിനു എതിരെ നാലാം സെറ്റിലും ബ്രൈക്ക് കണ്ടത്തിയ ഫ്രിറ്റ്സ് സെറ്റ് 6-4 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. ഇടക്ക് കോവിഡ് ലോക് ഡോൺ അർദ്ധരാത്രി മുതൽ നിലവിൽ വരുന്നതിനാൽ കാണികളെ സ്റ്റേഡിയത്തിൽ നിന്നു ഒഴിപ്പിക്കാൻ ആയി കളി താൽക്കാലികമായി നിർത്തി വക്കേണ്ടിയും വന്നു. അഞ്ചാം സെറ്റിൽ ഫ്രിറ്റ്സിന് സംഭവിച്ച ചെറിയ പിഴവ് മുതലെടുത്ത ജ്യോക്കോവിച്ച് ബ്രൈക്ക് കണ്ടത്തി മത്സരത്തിൽ തിരിച്ചു വരുന്നത് അവിശ്വസനീയ കാഴ്ച ആയിരുന്നു.
അഞ്ചാം സെറ്റിൽ ജയിക്കാൻ ആയി എല്ലാം മറന്നു പൊരുതിയ ജ്യോക്കോവിച്ച് ഒരിക്കൽ കൂടി അമേരിക്കൻ താരത്തിന്റെ സർവീസിൽ ബ്രൈക്ക് കണ്ടത്തി സെറ്റ് 6-2 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 15 ഏസുകൾ ഉതിർത്തു എങ്കിലും 5 സർവീസ് ഇരട്ടപ്പിഴവുകൾ ആണ് സെർബിയൻ താരം വരുത്തിയത്. അതേസമയം 24 ഏസുകൾ ആണ് ഫ്രിറ്റ്സ് മത്സരത്തിൽ ഉയർത്തിയത്. തോൽവി വഴങ്ങിയെങ്കിലും ടെന്നീസ് ആരാധകരുടെയും ജ്യോക്കോവിച്ചിന്റെയും കയ്യടി വാങ്ങിയാണ് ഫ്രിറ്റ്സ് കളം വിട്ടത്. മത്സരശേഷം തന്റെ ജീവിതത്തിലെ തന്നെ ഏറ്റവും പ്രതേകതയുള്ള ജയം ആണ് ഇത് എന്നു പറഞ്ഞ ജ്യോക്കോവിച്ച് അടുത്ത റൗണ്ട് മത്സരത്തിനു ആയി താൻ പൂർണ്ണമായും ശാരീരികമായി തയ്യാറാവുമോ എന്ന സംശയവും പ്രകടിപ്പിച്ചു. നാലാം റൗണ്ടിൽ കനേഡിയൻ താരവും 14 സീഡും ആയ മിലോസ് റയോണിക് ആണ് ജ്യോക്കോവിച്ചിന്റെ എതിരാളി.