ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിൽ പ്രതീക്ഷതിലും കടുത്ത പോരാട്ടം അതിജീവിച്ച് ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച് മൂന്നാം റൗണ്ടിൽ. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഫ്രാൻസസ് ടിഫോയെ 4 സെറ്റ് പോരാട്ടത്തിനു ശേഷം ആണ് ജ്യോക്കോവിച്ച് പരാജയപ്പെടുത്തിയത്. ഇരു താരങ്ങളും മികച്ച സർവീസുകളും ആയി കളം നിറഞ്ഞ മത്സരത്തിൽ ജ്യോക്കോവിച്ച് 26 ഏസുകൾ ഉതിർത്തപ്പോൾ ടിഫോ 22 ഏസുകൾ ഉതിർത്തു. ആദ്യ സെറ്റ് 6-3 നേടിയ ജ്യോക്കോവിച്ചിനു മത്സരത്തിൽ മികച്ച തുടക്കം ആണ് ലഭിച്ചത്. രണ്ടാം സെറ്റിൽ ടൈബ്രേക്കറിലേക്ക് മത്സരം നീണ്ടപ്പോൾ സെറ്റ് പോയിന്റ് രക്ഷിച്ച് ടിഫോ സെറ്റ് സ്വന്തമാക്കി. മൂന്നാം സെറ്റും ടൈബ്രേക്കറിലേക്ക് നീണ്ടപ്പോൾ ഇത്തവണ പക്ഷെ ജ്യോക്കോവിച്ച് സെറ്റ് വിട്ടു കൊടുത്തില്ല. അതിനു ശേഷം നാലാം സെറ്റിൽ അനായാസം 6-3 നു സെറ്റ് നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 2 ബ്രൈക്ക് വഴങ്ങിയെങ്കിലും 5 തവണയാണ് എതിരാളിയെ ജ്യോക്കോവിച്ച് ബ്രൈക്ക് ചെയ്തത്.
ജ്യോക്കോവിച്ചിലും നിന്നും വ്യത്യസ്തമായി അനായാസം ആയിരുന്നു മൂന്നാം സീഡ് ഓസ്ട്രിയൻ താരം ഡൊമനിക് തീമിന്റെ രണ്ടാം റൗണ്ട് ജയം. ജർമ്മൻ താരം ഡൊമനിക് കോഫറിന് എതിരെ സമ്പൂർണ ആധിപത്യം നേടിയ തീം 6-4, 6-0, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ജയം കണ്ടത്. മത്സരത്തിൽ എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്തു തീം. തന്റെ രണ്ടാം ഗ്രാന്റ് സ്ലാം കിരീടം ലക്ഷ്യമിടുന്ന തീമിനു ഇത് മികച്ച തുടക്കം തന്നെയാണ്. ആദ്യ മത്സരത്തിലെ കടുത്ത പോരാട്ടത്തിനു ശേഷം എത്തിയ കനേഡിയൻ താരവും 11 സീഡുമായ ഡെന്നിസ് ഷപോവലോവും രണ്ടാം റൗണ്ടിൽ അനായാസ ജയം ആണ് കണ്ടതിയത്. ഓസ്ട്രേലിയൻ താരം ബെർണാർഡ് ടോമിക്കിനെ 6-1, 6-3, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ഷപോവലോവ് തകർത്തത്