ഇത് ജനുസ് വേറെയാണ്! മെദ്വദേവിനെ തകർത്ത് ജ്യോക്കോവിച്ചിനു ഒമ്പതാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം!

Novakdjokovic
- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പൺ തന്റെ സ്വന്തം മത്സരവേദിയാണ് എന്നു ഒരിക്കൽ കൂടി ലോകത്തെ ഓർമ്മിപ്പിച്ചു ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. കടുത്ത പോരാട്ടം പ്രതീക്ഷിച്ച ടെന്നീസ് ആരാധകരെ തീർത്തും നിരാശപ്പെടുത്തിയ സെർബിയൻ താരം എതിരാളിയായ നാലാം സീഡ് റഷ്യൻ താരം ഡാനിൽ മെദ്വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തെറിഞ്ഞു. ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ ഒമ്പതാം ഫൈനൽ കളിച്ച ജ്യോക്കോവിച്ച് ഒമ്പതാം കിരീടം ആണ് ഓസ്‌ട്രേലിയയിൽ ഉയർത്തിയത് ഒപ്പം തന്റെ 18 മത്തെ ഗ്രാന്റ് സ്‌ലാം കിരീടവും സെർബിയൻ താരം സ്വന്തം പേരിൽ കുറിച്ചു. ഏറ്റവും കൂടുതൽ ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടങ്ങളുള്ള ജ്യോക്കോവിച്ച് ഇതോടെ ഫെഡററോടും നദാലോടും ഗ്രാന്റ് സ്‌ലാം കിരീട നേട്ടങ്ങളിലുള്ള അകലം വെറും രണ്ട് ആയി കുറച്ചു.

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ ഇന്നേ വരെ തോൽവി അറിയാത്ത ജ്യോക്കോവിച്ച് തുടക്കത്തിൽ തന്നെ മെദ്വദേവിനെ ബ്രൈക്ക് ചെയ്തു കൊണ്ടാണ് തുടങ്ങിയത്. 3-0 ത്തിൽ നിന്നു ബ്രൈക്ക് തിരിച്ചു പിടിച്ച മെദ്വദേവ് സെറ്റിൽ തിരിച്ചു വന്നു. എന്നാൽ പലപ്പോഴും ടൂർണമെന്റിൽ ഇത് വരെ ഇല്ലാത്ത വിധം പിഴവുകൾ വരുത്തിയ മെദ്വദേവിനെ ഒരിക്കൽ കൂടി ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് സെറ്റ് 7-5 നു സ്വന്തം പേരിലാക്കി. 2 സെറ്റ് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും നിർണായക സമയത്ത് റഷ്യൻ താരം പിഴവുകൾ വരുത്തി. രണ്ടാം സെറ്റിൽ ബ്രൈക്ക് ചെയ്തു കൊണ്ട് തുടങ്ങാൻ ആയെങ്കിലും ബ്രൈക്ക് തിരിച്ചു പിടിച്ച ജ്യോക്കോവിച്ചിനു മുന്നിൽ തീർത്തും കീഴടങ്ങുന്ന മെദ്വദേവിനെ ആണ് പിന്നീട് കാണാൻ ആയത്. ഇടക്ക് നിരാശയോടെ റാക്കറ്റ് എറിഞ്ഞു പൊട്ടിക്കുന്ന മെദ്വദേവിനെയും മത്സരത്തിൽ കാണാൻ ആയി.

പിഴവുകൾക്ക് ഒക്കെ മെദ്വദേവിനെ ശിക്ഷിച്ച ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-2 നു നേടി ഇനി ചടങ്ങു തീർക്കൽ മാത്രമേ ഉണ്ടാവൂ എന്ന സൂചന നൽകി. മൂന്നാം സെറ്റിൽ സമാനമായ കാഴ്ചകൾ ആവർത്തിച്ചപ്പോൾ മെദ്വദേവിനെ സെറ്റിൽ രണ്ടാമതും ബ്രൈക്ക് ചെയ്തു കൊണ്ട് ജ്യോക്കോവിച്ച് 6-2 നു സെറ്റ് നേടി കിരീടം സ്വന്തം പേരിൽ കുറിച്ചു. എന്നത്തേയും പോലെ തന്റെ വജ്രായുധം ആയ റിട്ടേണുകളിലും പ്രതിരോധത്തിലും ഗംഭീരമായി തിളങ്ങിയ ജ്യോക്കോവിച്ച് വലിയ റാലികളിലും പതിവ് പോലെ ആധിപത്യം പുലർത്തി. കഴിഞ്ഞ 12 കളികളിൽ ആദ്യ 10 റാങ്കിലുള്ള താരങ്ങൾക്ക് മേൽ ജയിച്ച മെദ്വദേവിനു ഒരവസരവും നൽകാതെ തീർത്തും ഏകപക്ഷീയമായ ജയമായി ജ്യോക്കോവിച്ചിനു ഇത്. മത്സരത്തിൽ 7 തവണയാണ് ജ്യോക്കോവിച്ച് മെദ്വദേവിനെ ബ്രൈക്ക് ചെയ്‌തത്‌. തീർത്തും നിരാശ ആണ് തന്റെ രണ്ടാം ഗ്രാന്റ് സ്‌ലാം ഫൈനലിൽ റഷ്യൻ താരം നടത്തിയത്. ടൂർണമെന്റിൽ ടൈലർ ഫ്രിറ്റ്സിന് എതിരെ പരിക്കിൽ നിന്നു തിരിച്ചു വന്ന ജ്യോക്കോവിച്ച് തന്നെ ഹാർഡ് കോർട്ടിൽ തോൽപ്പിക്കാൻ ആളില്ല എന്ന സത്യം ടെന്നീസ് ലോകത്തെ ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു. ഈ സീസണിൽ സമാനമായ പ്രകടനം തുടർന്ന് ഗ്രാന്റ് സ്‌ലാം നേട്ടങ്ങളിൽ ഫെഡററെയും, നദാലെയും മറികടക്കാൻ ആവും ജ്യോക്കോവിച്ച് ശ്രമിക്കുക.

Advertisement