കരിയറിൽ ആദ്യമായി ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി റഷ്യൻ താരവും നാലാം സീഡും ആയ ഡാനിൽ മെദ്വദേവ്. ക്വാർട്ടർ ഫൈനലിൽ നാട്ടുകാരൻ ആയ ഏഴാം സീഡ് ആന്ദ്ര റൂബ്ലേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മെദ്വദേവ് തകർത്തത്. ജയത്തോടെ കരിയറിൽ ആദ്യമായി ഡൊമനിക് തീമിനെ മറികടന്നു മൂന്നാം റാങ്കിലേക്കു മുന്നേറാനും മെദ്വദേവിനു ആയി. കരിയറിൽ ഇത് വരെ പരസ്പരം ഏറ്റുമുട്ടിയപ്പോൾ മെദ്വദേവിനു എതിരെ ഒരു സെറ്റ് പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് തിരുത്താൻ റൂബ്ലേവിനു ഇത്തവണയും ആയില്ല. ആദ്യ 10 റാങ്കുകാരായ എതിരാളികൾക്ക് എതിരെ തുടർച്ചയായ 11 ജയം കൂടിയായിരുന്നു മെദ്വദേവിനു ഇത്.
സീസണിൽ ഇത് വരെ തോൽവി വഴങ്ങാത്ത റൂബ്ലേവിനു പക്ഷെ ഇത്തവണ പിഴച്ചു. ആദ്യ സെറ്റിൽ മികച്ച തുടക്കം ലഭിച്ച മെദ്വദേവ് ബ്രൈക്ക് കണ്ടെത്തിയെങ്കിലും തിരിച്ചു ബ്രൈക്ക് ചെയ്ത റൂബ്ലേവ് സെറ്റിൽ തിരിച്ചു വന്നു. ഒന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് നേടിയ മെദ്വദേവ് സെറ്റ് 7-5 നു മത്സരത്തിൽ മുൻതൂക്കം നേടി. ആദ്യ സെറ്റ് നേടിയ ശേഷം മെദ്വദേവ് പിന്നീട് തിരിഞ്ഞു നോക്കിയില്ല. രണ്ടാം സെറ്റിൽ ബ്രൈക്ക് നേടിയ മെദ്വദേവ് 6-3 നു സെറ്റ് നേടിയ ശേഷം മൂന്നാം സെറ്റിലും സമാനമായ പ്രകടനം ആവർത്തിച്ചു. 6-2 നു മൂന്നാം സെറ്റും നേടിയ മെദ്വദേവ് സെമിഫൈനലിലേക്ക് മുന്നേറുക ആയിരുന്നു. മത്സരത്തിൽ മെൽബണിലെ ചൂട് റൂബ്ലേവിനെ വലുതായി തളർത്തിയത് മത്സരത്തിൽ നിർണായകമായി. ഈ മികവ് തുടർന്ന് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ജയം ആണ് മെദ്വദേവ് ലക്ഷ്യം വക്കുക. സെമിഫൈനലിൽ റാഫേൽ നദാൽ, സ്റ്റെഫനോസ് സിറ്റിപാസ് മത്സരവിജയിയെ ആവും മെദ്വദേവ് നേരിടുക.