ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി നാലാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ്. കനേഡിയൻ താരം വാസെക് പോസ്പിസിലിനെ 6-2, 6-2, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത മെദ്വദേവ് മത്സരത്തിൽ 5 തവണയാണ് എതിരാളിയുടെ സർവീസ് ഭേദിച്ചത്. അതേസമയം മറ്റൊരു റഷ്യൻ താരവും ഏഴാം സീഡും ആയ ആന്ദ്ര റൂബ്ലേവും സമാനമായ വിധം തന്നെ ജയം കണ്ടു. ജർമ്മൻ താരം യാനിക്കിനെ 6-3, 6-3, 6-4 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്ന റൂബ്ലേവ് 16 ഏസുകൾ ആണ് മത്സരത്തിൽ ഉതിർത്തത് ഒപ്പം 5 തവണ എതിരാളിയുടെ സർവീസ് ഭേദിക്കുകയും ചെയ്തു. 2020 തിൽ മികച്ച ഫോമിൽ ആയിരുന്ന റൂബ്ലേവ് ആ മികവ് തുടരാൻ ആണ് ശ്രമിക്കുന്നത്.
12 സീഡ് സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റോ അഗ്യുറ്റ് ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ആൽബോട്ടിന് എതിരെ ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ശേഷം തുടർന്നുള്ള സെറ്റുകൾ 6-0, 6-4, 7-5 എന്ന സ്കോറിന് കൈവിട്ടാണ് അഗ്യുറ്റ് തോൽവി വഴങ്ങിയത്. ഓസ്‌ട്രേലിയൻ താരം അലക്‌സാണ്ടർ വുകിച്ചിന്റെ നാലു സെറ്റ് വെല്ലുവിളി മറികടന്ന 19 സീഡ് റഷ്യയുടെ കാരൻ കാചനോവും രണ്ടാം റൗണ്ടിലെത്തി. സ്‌കോർ : 6-3, 6-7, 7-6, 6-4. ഫ്രഞ്ച് താരം ഹെർബർട്ടിനെ 6-4, 6-2, 6-3 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത 16 സീഡ് ഇറ്റാലിയൻ താരം ഫാബിയോ ഫോഗ്നിയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 21 സീഡ് അലക്‌സ് ഡി മിനോർ, 24 സീഡ് കാസ്പർ റൂഡ് എന്നിവരും രണ്ടാം റൗണ്ടിലേക്ക് മുന്നേറിയപ്പോൾ നാട്ടുകാരൻ ആയ കാമറൂൺ നോറിയോട് തോറ്റ 30 സീഡ് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസ് ടൂർണമെന്റിൽ നിന്നു പുറത്തായി.