ഓസ്‌ട്രേലിയൻ ഓപ്പണിൽ തന്റെ ആദ്യ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഏഴാം സീഡ് ജർമൻ താരം അലക്‌സാണ്ടർ സെവർവ്വ്. ഫ്രഞ്ച് ഓപ്പണിന് പിറകെ ഇത് ആദ്യമായാണ് ഒരു ഗ്രാന്റ് സ്‌ലാം ഒരു ക്വാർട്ടർ ഫൈനലിൽ സെവർവ്വ് എത്തുന്നത്. 17 സീഡ് റഷ്യൻ യുവതാരം ആന്ദ്ര റൂബ്ലേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സാഷ പരാജയപ്പെടുത്തിയത്. തുടർച്ചയായ 15 തവണ ജയിച്ച് വന്ന റൂബ്ലേവിന് എതിരെ തന്റെ ഏറ്റവും മികച്ച ടെന്നീസ് ആണ് സാഷ പുറത്ത് എടുത്തത്. മത്സരത്തിൽ ഒരിക്കൽ പോലും ബ്രൈക്ക് പോയിന്റ് നേരിടാതെയാണ് 6-4, 6-4, 6-4 എന്ന സ്കോറിന് സാഷ മത്സരം ജയിച്ചത്. ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും നഷ്ടമാക്കാതെ അവസാന എട്ടിൽ എത്തുന്ന സാഷക്ക് ക്വാർട്ടർ ഫൈനലിൽ മുൻ ജേതാവ് കൂടിയായ 15 സീഡ് സ്റ്റാൻ വാവറിങ്കയാണ് എതിരാളി. തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന സാഷക്ക് ആശ്വാസം പകരുന്ന പ്രകടനങ്ങൾ ആണ് ഇത് വരെ ജർമൻ താരത്തിൽ നിന്ന് ഉണ്ടായത്.
അതേസമയം വനിതകളിൽ 17 സീഡ് ജർമൻ താരം ആഞ്ജലിക്ക കെർബറെ അട്ടിമറിച്ച 30 സീഡ് റഷ്യയുടെ അനസ്ത്യാഷ്യ പാവലെയചെങ്കോവ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. രണ്ട് ടൈബ്രെക്കറുകൾ കണ്ട മത്സരത്തിൽ ആദ്യ സെറ്റ് നഷ്ടമായ ശേഷം ആണ് റഷ്യൻ താരം ജയം സ്വന്തമാക്കിയത്. സ്‌കോർ : 6-7, 7-6, 6-2. ഇതോടെ ഓസ്‌ട്രേലിയൻ ഓപ്പണിലെ ക്വാർട്ടർ ഫൈനൽ ചിത്രം തെളിഞ്ഞു. പുരുഷന്മാരിൽ നദാലും തീമും നേർക്കുനേർ വരുമ്പോൾ ഫെഡററിന്റെ എതിരാളി സാന്ദ്രൻ ആണ്. അതേസമയം ജ്യോക്കോവിച്ച് റയോണികിനെ നേരിടുമ്പോൾ വാവറിങ്കയും സെവർവ്വും നേർക്കുനേർ വരും. വനിതകളിൽ ആവട്ടെ സോഫിയ കെനിൻ ഒൻസ് ജെബേറിനെ നേരിടുമ്പോൾ ബാർട്ടിയും ക്വിറ്റോവയും നേർക്കുനേർ വരും. അതേസമയം ഹാലപ്പ് കോന്റെവെയിറ്റിനെ നേരിടുമ്പോൾ മുഗുരെസയാണ് അനസ്ത്യാഷ്യയുടെ എതിരാളി.