കോബിക്ക് ആദരവുമായി ഓസ്‌ട്രേലിയൻ ഓപ്പണും, കണ്ണീർ വാർത്ത് നിക് ക്യൂരിയോസ്

- Advertisement -

ഇതിഹാസ ബാസ്‌കറ്റ്‌ബോൾ താരം കോബി ബ്രയാന്റിന് ആദരവുമായി ഓസ്‌ട്രേലിയൻ ഓപ്പണും. ഇന്നത്തെ നിക് ക്യൂരിയോസ് റാഫേൽ നദാൽ മത്സരത്തിനു മുമ്പ് ആണ് അപകടത്തിൽ മരണപ്പെട്ട കോബി ബ്രയാന്റിനും മകൾക്കും മറ്റ്‌ എഴുപേർക്കും ഓസ്‌ട്രേലിയൻ ഓപ്പൺ ആദരം അർപ്പിച്ചത്. കളത്തിലേക്ക് ബ്രയാന്റെ ലോസ് ആഞ്ചൽസ് ലേക്കേഴ്സിന്റെ എട്ടാം നമ്പർ ജേഴ്‌സി അണിഞ്ഞ് എത്തിയ അറിയപ്പെടുന്ന വലിയ ടെന്നീസ് ആരാധകൻ കൂടിയായ നിക് ക്യൂരിയോസ് തന്റെ ആദരം പ്രകടമാക്കി. കളത്തിലേക്ക് വന്ന ശേഷം പലപ്പോഴും വളരെയധികം വികാരാധീനനായി കാണപ്പെട്ട നിക് ഇടക്ക് കണ്ണീർ തുടക്കുന്നതും കാണാമായിരുന്നു.

അതേസമയം മത്സരശേഷം നടന്ന അഭിമുഖത്തിൽ ബ്രയാന്റിന്റെ ടീം ആയ ലേക്കേഴ്‌സിന്റെ തൊപ്പി അണിഞ്ഞ് എത്തിയ നദാലും തന്റെ ദു:ഖവും ബ്രയാന്റിനോടുള്ള ആദരവും പ്രകടമാക്കി. ബ്രയാന്റിന്റെ ജേഴ്‌സി അണിഞ്ഞ് എത്തിയ നിരവധി കാണികളും മത്സരം വീക്ഷിക്കാൻ എത്തിയിരുന്നു. കായികലോകത്തെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾക്ക് ആദരവുമായി വിരാട് കൊഹ്‌ലി അടക്കമുള്ള ക്രിക്കറ്റ് താരങ്ങളും മെസ്സി, റൊണാൾഡോ തുടങ്ങിയ ഫുട്‌ബോൾ താരങ്ങളും എത്തിയിരുന്നു. കോബിയുടെയും മകൾ അടക്കമുള്ള സഹയാത്രികരുടെയും മരണത്തിൽ നിന്ന് ഇത് വരെ പൂർണമായും മുക്തമായിട്ടില്ല ലോകം അങ്ങോളം ഇങ്ങോളമുള്ള കായികപ്രേമികൾ എന്നതാണ് വാസ്തവം.

Advertisement