ഓസ്‌ട്രേലിയൻ ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി ജർമ്മൻ താരവും ഏഴാം സീഡുമായ അലക്‌സാണ്ടർ സെവർവ്വ്. മുൻ ജേതാവും 15 സീഡുമായ സ്റ്റാൻ വാവറിങ്കയെ തിരിച്ചു വന്ന് തോൽപ്പിച്ച് ആണ് പുതിയ തലമുറയിലെ പ്രമുഖ താരമായ സെവർവ്വ് തന്റെ ആദ്യ ഗ്രാന്റ് സ്‌ലാം സെമിഫൈനലിലേക്ക് മുന്നേറിയത്. ആദ്യ സെറ്റിൽ വാവറിങ്കയുടെ മികവ് കണ്ടപ്പോൾ സാഷ ചിത്രത്തിലെ ഉണ്ടായിരുന്നില്ല. ആദ്യ സെറ്റ് 6-1 നു വാവറിങ്ക നേടിയതിനു ശേഷം അസാധ്യ പ്രകടനവും ആയി തിരിച്ചു വരുന്ന സാഷയെ ആണ് മത്സരത്തിൽ കണ്ടത്. രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പമെത്തിയ സാഷ മത്സരത്തിന്റെ ഗതി മാറ്റി. മൂന്നാം സെറ്റിലും തന്റെ മികവ് സാഷ തുടർന്നപ്പോൾ വാവറിങ്കക്ക് പിടിച്ചു നിൽക്കാൻ പോലും ആയില്ല.
6-4 നു മൂന്നാം സെറ്റും തുടർന്ന് 6-2 നു നാലാം സെറ്റും നേടിയ സാഷ സെമിഫൈനൽ സ്വപ്നം യാഥാർത്ഥ്യം ആക്കി. മത്സരത്തിൽ 13 ഏസുകൾ ഉതിർത്ത സാഷ മത്സരത്തിൽ 5 തവണ വാവറിങ്കയുടെ സർവ്വീസ് ബ്രൈക്ക് ചെയ്തു. ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും കൈവിടാതെ കുതിച്ച സാഷ വഴങ്ങിയ ആദ്യ സെറ്റ് ആയിരുന്നു ഇന്നത്തെ ആദ്യ സെറ്റ്. തന്റെ ആദ്യ കിരീടം ലക്ഷ്യമിടുന്ന ജർമ്മൻ താരം ഈ ഫോമിൽ ഉറപ്പായും കിരീടം നേടിയാലും അത്ഭുതപ്പെടാനില്ല. മത്സരശേഷം ഓസ്‌ട്രേലിയൻ ഓപ്പൺ ജയിച്ചാൽ സമ്മാനത്തുക കാട്ട് തീയിൽ പെട്ടവർക്ക് നൽകും എന്നു ഒരിക്കൽ കൂടി ആവർത്തിക്കാനും സാഷ മറന്നില്ല. ഗ്രാന്റ് സ്‌ലാമുകളിൽ തിളങ്ങുന്നില്ല എന്ന ചീത്തപ്പേര് മാറ്റിയ സാഷയിലൂടെ പുതുതലമുറയുടെ കിരീടാനേട്ടം യാഥാർത്ഥ്യം ആവുമോ എന്നു കണ്ടറിയണം. സെമിഫൈനലിൽ ഒന്നാം സീഡ് റാഫേൽ നദാൽ അഞ്ചാം സീഡ് ഡൊമനിക് തീം മത്സരവിജയിയെ ആവും സാഷ നേരിടുക.