ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് ഇറ്റാലിയൻ താരവും എട്ടാം സീഡുമായ മറ്റേയോ ബരേറ്റിനി പുറത്ത്. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ടെന്നയിസ് സാങ്ഗ്രൻ ആണ് രണ്ടാം റൗണ്ടിൽ ഇറ്റാലിയൻ താരത്തെ അട്ടിമറിച്ചത്. 5 സെറ്റ് നീണ്ട ആവേശപോരാട്ടത്തിൽ ആയിരുന്നു അമേരിക്കൻ താരം ഇറ്റാലിയൻ താരത്തിന് മുകളിൽ ജയം കണ്ടത്. ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ അമേരിക്കൻ താരം തുടക്കം മുതലെ മത്സരത്തിന്റെ ഗതി വ്യക്തമാക്കി. രണ്ടാം സെറ്റും 6-4 നു വഴങ്ങിയ ബരേറ്റിനി പക്ഷെ മൂന്നും നാലും സെറ്റുകളിൽ തന്റെ മുഴുവൻ വീര്യവും പുറത്ത് എടുത്തു. 6-4 നു മൂന്നും 6-2 നും നാലും സെറ്റ് നേടിയ ഇറ്റാലിയൻ താരം ഇതോടെ മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. എന്നാൽ 7-5 നു അഞ്ചാം സെറ്റ് സ്വന്തമാക്കിയ അമേരിക്കൻ താരം ബരേറ്റിനിക്ക് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചു.
മത്സരത്തിൽ 11 തവണ ലഭിച്ച ബ്രൈക്ക് പോയിന്റുകളിൽ 3 എണ്ണം മാത്രമാണ് ബരേറ്റിനിക്ക് മുതലാക്കാൻ ആയത് എന്നത് മത്സരത്തിൽ വളരെ നിർണായകമായി. ഏതാണ്ട് സമാനമായ രീതിയിൽ ആണ് 18 സീഡ് ഗ്രിഗോർ ദിമിത്രോവും മറ്റൊരു അമേരിക്കൻ താരം ടോമി പോളിനോട് പരാജയം വഴങ്ങിയത്. കഴിഞ്ഞ യു.എസ് ഓപ്പണിൽ ഫെഡററെ അട്ടിമറിച്ച ദിമിത്രോവ് ആദ്യ രണ്ട് സെറ്റുകൾ നഷ്ടമായ മത്സരം ആണ് 5 സെറ്റുകളിലേക്ക് നീട്ടിയത്. 6-4 നു ആദ്യ സെറ്റ് നേടിയ അമേരിക്കൻ താരം ടൈബ്രെക്കറിലൂടെ രണ്ടാം സെറ്റ് നേടിയപ്പോൾ തന്നെ അട്ടിമറിക്കുള്ള സൂചനകൾ ലഭിച്ചു. എന്നാൽ മൂന്നാം സെറ്റ് 6-3 നു നേടിയ ബൾഗേറിയൻ താരം നാലാം സെറ്റ് ടൈബ്രെക്കറിലൂടെ സ്വന്തമാക്കി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി.
ഇരുതാരങ്ങളും സർവ്വം മറന്ന് പൊരുതിയ അഞ്ചാം സെറ്റ് പക്ഷെ ടൈബ്രെക്കറിലൂടെ നേടിയ അമേരിക്കൻ താരം ദിമിത്രോവിന് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് പുറത്തേക്കുള്ള വഴി കാണിച്ചു. 21 സീഡും ഫ്രഞ്ച് താരവുമായ ബെനോയിറ്റ് പൈരെക്ക് എതിരെ 5 സെറ്റ് നീണ്ട മത്സരം അതിജീവിച്ച് ആണ് മുൻ യു.എസ് ഓപ്പൺ ജേതാവ് ആയ മാരിൻ സിലിച്ച് ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. 6-2 നു ആദ്യ സെറ്റ് നേടിയ സിലിച്ചിന് എതിരെ അടുത്ത രണ്ടു സെറ്റുകൾ നേടിയ ഫ്രഞ്ച് താരം ശക്തമായി തിരിച്ചടിച്ചു. രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെയും മൂന്നാം സെറ്റ് 6-3 നും ആയിരുന്നു ഫ്രഞ്ച് താരം നേടിയത്. എന്നാൽ നാലാം സെറ്റ് 6-1 നേടിയ സിലിച്ച് മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ സർവ്വം മറന്ന് പൊരുതിയ ഇരുതാരങ്ങളും മത്സരം ടൈബ്രെക്കറിലേക്ക് നീട്ടി. എന്നാൽ അവസരത്തിനു ഒത്ത് ഉണർന്ന സിലിച്ച് അഞ്ചാം സെറ്റും ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ട് പ്രവേശനവും ഉറപ്പിച്ചു.