ഓസ്ട്രേലിയൻ ഓപ്പണിലെ രണ്ടാം സെമിഫൈനലിൽ നാലാം സീഡ് റൊമാനിയയുടെ സിമോണ ഹാലപ്പിന്റെ എതിരാളി സീഡ് ചെയ്യാത്ത സ്പാനിഷ് താരം ഗബ്രിന മുഗുരെസ. സീഡ് ചെയ്യപ്പെട്ടില്ല എങ്കിലും എഴുതി തള്ളാൻ പറ്റുന്ന എതിരാളിയല്ല മുഗുരെസ. 28 സീഡ് ആയ എസ്തോണിയൻ താരം അന്നറ്റ് കോന്റെവെയിറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഹാലപ്പ് മറികടന്നത്. വെറും 53 മിനിറ്റുകൾ മാത്രം നീണ്ടു നിന്ന സെറ്റിൽ 6-1, 6-1 എന്ന സ്കോറിന് ആയിരുന്നു ഹാലപ്പിന്റെ ജയം. ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും കൈവിടാതെയാണ് ഹാലപ്പ് സെമിഫൈനലിൽ എത്തുന്നത്. തന്റെ എട്ടാമത്തെ ഗ്രാന്റ് സ്ലാം സെമിഫൈനൽ ആണ് നിലവിലെ വിംബിൾഡൺ ജേതാവിന് ഇത്. തന്റെ രണ്ടാമത്തെ ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനൽ കൂടിയാണ് ഹാലപ്പിന് ഇത്.
2017 ലെ വിംബിൾഡൺ ജേതാവ് ആയ സ്പാനിഷ് താരം ഗബ്രിന മുഗുരെസ റഷ്യൻ താരവും 30 സീഡുമായ അനസ്ത്യാഷ്യ പാവലെചെങ്കോവയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് ആണ് സെമിഫൈനലിലേക്ക് ടിക്കറ്റ് എടുത്തത്. 7-6, 6-3 എന്ന സ്കോറിന് ആയിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. സീഡ് ചെയ്യപ്പെട്ടില്ല എങ്കിലും ഫോമിലേക്ക് തിരിച്ചു വന്ന സ്പാനിഷ് താരം മറ്റൊരു ഗ്രാന്റ് സ്ലാം ആവും ലക്ഷ്യമിടുക. ഇത് ആദ്യമായാണ് മുഗുരെസ ഓസ്ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ എത്തുന്നത്. ഇതുവരെ 5 തവണ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട് ഹാലപ്പും മുഗുരെസയും. ഇതിൽ മൂന്ന് എണ്ണത്തിലും ജയം മുഗുരെസക്ക് ഒപ്പം ആയിരുന്നു. അതും ഈ 3 ജയങ്ങളും ഹാർഡ് കോർട്ടിൽ ആയിരുന്നു എന്നതും സ്പാനിഷ് താരത്തിന്റെ ആത്മവിശ്വാസം കൂട്ടും.