ഓസ്‌ട്രേലിയൻ ഓപ്പണിൽ ഇത് വരെ കണ്ട ഏറ്റവും മികച്ച പോരാട്ടങ്ങളിൽ ഒന്നിൽ ഓസ്‌ട്രേലിയൻ താരം നിക്ക് ക്യൂരിയോസിനെ തോൽപ്പിച്ച് ലോക ഒന്നാം നമ്പർ റാഫേൽ നദാൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. കടുപ്പകാരനും നദാലിന്റെ ശത്രുവായും അറിയപ്പെടുന്ന 23 സീഡ് താരത്തെ ഏതാണ്ട് മൂന്നര മണിക്കൂറിലധികം നീണ്ട പോരാട്ടത്തിൽ ആണ് നദാൽ വീഴ്ത്തിയത്. കളത്തിലേക്ക് ഇന്ന് മരണപ്പെട്ട ബാസ്‌ക്കറ്റ്ബോൾ ഇതിഹാസം കോബി ബ്രയാന്റെ ലേക്കേഴ്‌സിന്റെ എട്ടാം നമ്പർ ജേഴ്‌സി അണിഞ്ഞ് ആണ് അറിയപ്പെടുന്ന ബാസ്‌ക്കറ്റ്ബോൾ ആരാധകൻ ആയ നിക്ക് എത്തിയത്. കളത്തിലേക്ക് വരുമ്പോൾ കണ്ണീർ വാർക്കുന്ന നിക്കിനെയും കാണാൻ ആയി. മത്സരം തുടങ്ങി ആദ്യ സെറ്റ് തന്നെ 6-3 നു നേടിയ നദാലിന് മികച്ച തുടക്കം ആണ് ലഭിച്ചത്.
എന്നാൽ രണ്ടാം സെറ്റിൽ ഈ വർഷത്തെ തന്നെ തന്റെ മികച്ച ടെന്നീസ് പുറത്ത് എടുത്ത നിക്ക് അതേനാണയത്തിൽ തന്നെ തിരിച്ച് അടിച്ചു മത്സരത്തിൽ തിരികെ എത്തി. നിർണായകമായ മൂന്നാം സെറ്റിൽ ഇരുതാരങ്ങളും മികച്ച പോരാട്ടം തന്നെയാണ് നടത്തിയത്. എന്നാൽ പലപ്പോഴും മത്സരത്തിൽ അനാവശ്യ ഷോട്ടുകളുമായി പോയിന്റുകൾ നഷ്ടമാക്കിയ നിക്ക് ടൈബ്രെക്കറിലൂടെ മൂന്നാം സെറ്റ് കൈവിട്ടു. നാലാം സെറ്റിൽ ആദ്യമേ തന്നെ നിക്കിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്തു നദാൽ മുന്നിൽ എത്തി എന്നാൽ മത്സരം സ്വന്തമാക്കാനുള്ള നദാലിന്റെ സർവ്വീസ് ബ്രൈക്ക് ചെയ്ത നിക്ക് സെറ്റ് ഒരിക്കൽ കൂടി ടൈബ്രെക്കറിലേക്ക് നീട്ടി. എന്നാൽ ടൈബ്രെക്കറിൽ വീണ്ടും തന്റെ മികവ് തിരിച്ചു പിടിച്ച നദാൽ മത്സരം സ്വന്തം പേരിൽ കുറിച്ചു.
മത്സരശേഷം ലേക്കേഴ്‌സിന്റെ തൊപ്പി അണിഞ്ഞ് അഭിമുഖം നേരിട്ട നദാലും കോബിക്ക് ആദരാഞ്ജലികൾ നേർന്നു. അഭിമുഖത്തിൽ നിക്കിനെ പ്രകീർതത്തിച്ച നദാൽ ടെന്നീസിലെ ഏറ്റവും മികച്ച പ്രതിഭകളിൽ ഒരാൾ എന്നാണ് നിക്കിനെ വിളിച്ചത്. ഇതോടെ ഇത് 12 തവണയാണ് നദാൽ ഓസ്‌ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. ഗ്രാന്റ് സ്‌ലാമുകളിൽ ആവട്ടെ 41 മത്തെ തവണയും, ഇതോടെ ഗ്രാന്റ് സ്‌ലാം ക്വാർട്ടർ ഫൈനലുകളുടെ നേട്ടത്തിൽ ജിമ്മി കോണോഴ്സിന് ഒപ്പവും നദാൽ എത്തി. ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡ് ഓസ്ട്രിയയുടെ യുവതാരം ഡൊമനിക് തീം ആണ് നദാലിന്റെ എതിരാളി. മത്സരത്തിൽ തോറ്റു നിക്കിനെ സ്വന്തം നാട്ടുകാർ തന്നെയായ കാണികൾ നിറഞ്ഞ കയ്യടികളോടെയാണ് യാത്രയാക്കിയത്, മത്സരത്തിൽ ഉടനീളവും നിക്കിന് ആരാധകർ വലിയ പിന്തുണയാണ് നല്കിയത്.