ടെന്നീസിലെ വികൃതി എന്നും തെമ്മാടി എന്നും തുടങ്ങി ഒരുപാട് ചീത്തപ്പേരുകൾ ഉള്ള താരമാണ് നിക്ക് ക്യൂരിയോസ് എന്ന ഓസ്ട്രേലിയക്കാരൻ. എതിരാളികൾക്ക് ബഹുമാനം നൽകാത്തത് മുതൽ അവരെ അപമാനിക്കലും മനപ്പൂർവ്വം കളത്തിൽ വൈകി എത്തലും തുടങ്ങി ഒരുപാട് കാര്യങ്ങൾക്ക് തന്നെ വലിയ വിമർശനങ്ങളും വിലക്കുകളും നേരിട്ട താരം കൂടിയാണ് ഈ ഓസ്ട്രേലിയൻ താരം. മുമ്പ് നദാലിന് എതിരെ അണ്ടർ ആം സർവീസ് ചെയ്തത് അടക്കം നിരവധി വിവാദങ്ങളിൽ ഉൾപ്പെട്ട താരമാണ് ക്യൂരിയോസ്. ഇതാ ഇപ്പോൾ വീണ്ടുമൊരു വിവാദം കൂടി ക്ഷണിച്ചു വരുത്തിയിരിക്കുകയാണ് ക്യൂരിയോസ് ഒരിക്കൽ കൂടി. ശത്രുക്കൾ ആയി അറിയപ്പെടുന്ന നദാലിനെ പരിഹസിച്ച് കൊണ്ടാണ് ക്യൂരിയോസ് ഇത്തവണ വിവാദം ഉണ്ടാക്കിയത്.
ഓസ്ട്രേലിയൻ ഓപ്പണിൽ ഫ്രാൻസിന്റെ ഗില്ലെസ് സൈമണ് എതിരായ രണ്ടാം റൗണ്ട് മത്സരത്തിനിടെയാണ് വിവാദത്തിനു കാരണമായ സംഗതി നടക്കുന്നത്. രണ്ടാം സെറ്റിനിടയിൽ സർവീസിന് കൂടുതൽ സമയം എടുക്കുന്നു എന്ന ചെയർ അമ്പയറുടെ മുന്നറിയിപ്പ് ആണ് ക്യൂരിയോസിനെ ചൊടിപ്പിച്ചത്. അമ്പയറോട് കയർത്ത ക്യൂരിയോസ് നദാൽ സർവീസ് ചെയ്യുന്ന വിധം അനുകരിക്കുക കൂടി ചെയ്തപ്പോൾ കാണികൾക്ക് ചിരിക്കുള്ള വകയായി. ക്യൂരിയോസിനെ കണ്ട് സൈമണും നദാലിനെ അനുകരിച്ചത് വീണ്ടും ചിരിക്കുള്ള വക നൽകി. പലപ്പോഴും സർവീസ് ചെയ്യാൻ മറ്റ് താരങ്ങളെക്കാൾ കൂടുതൽ സമയം എടുക്കുന്നു എന്ന പേരുള്ള താരമാണ് നദാൽ. സർവീസുകൾക്ക് മുമ്പ് നദാൽ എടുക്കുന്ന സമയവും പലപ്പോഴും നദാലിന്റെ ഇത്തരം സമയം നഷ്ടമാക്കലിനോട് അമ്പയർമാർ വലിയ നടപടികളോ മുന്നറിയിപ്പോ നൽകാറില്ല എന്ന നിലവിലുള്ള ആരോപണമാണ് കളത്തിൽ ക്യൂരിയോസ് പ്രകടമാക്കിയത്.
സംഭവം തമാശയായി എടുക്കുന്നവർക്ക് എടുക്കാം തന്റെ ശ്രദ്ധ മുഴുവൻ ടെന്നീസ് കളിക്കാൻ ആണ് എന്നായിരുന്നു സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ മത്സരശേഷം ക്യൂരിയോസിന്റെ പ്രതികരണം. എന്നാൽ ക്യൂരിയോസിന്റെ ഈ നടപടിക്ക് എതിരെ രൂക്ഷമായ വിമർശനം ആണ് സാമൂഹിക മാധ്യങ്ങളിൽ അടക്കം ഉയരുന്നത്. മുമ്പ് തന്നെ ശത്രുക്കൾ എന്ന പേരുള്ള നദാൽ ക്യൂരിയോസ് വീര്യം ഇതോടെ ഒന്നു കൂടി കൂടും എന്നുറപ്പാണ്. അതേപോലെ ഇരു താരങ്ങളും ഓസ്ട്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിൽ കണ്ടുമുട്ടാം എന്ന സാധ്യത ഇപ്പോൾ തന്നെ ആരാധരെ ആവേശത്തിലാക്കുന്നുണ്ട്. നദാലിന്റെ മത്സരം വീക്ഷിക്കുന്ന ക്യൂരിയോസിന്റെ ദൃശ്യങ്ങളും ഇന്ന് പുറത്ത് വന്നിരുന്നു. മൂന്നാം റൗണ്ടിൽ 16 സീഡ് കാചനോവ് ആണ് 23 സീഡ് ക്യൂരിയോസിന്റെ എതിരാളിയെങ്കിൽ ഒന്നാം സീഡ് ആയ നദാലിന്റെ എതിരാളി നാട്ടുകാരൻ കൂടിയായ 29 സീഡ് പാബ്ലോ ബുസ്റ്റയാണ്.