സ്വിറ്റോലീനയെ അട്ടിമറിച്ച് മുഗുരെസ നാലാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ ഓപ്പണിൽ വനിത വിഭാഗത്തിൽ അട്ടിമറികൾ തുടരുന്നു. ഇത്തവണ അഞ്ചാം സീഡും ഉക്രൈൻ താരവുമായ എലീന സ്വിറ്റോലീനയാണ് മൂന്നാം റൗണ്ടിൽ പുറത്തേക്കുള്ള വഴി കണ്ടത്. ഉക്രൈൻ താരത്തെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു നാലാം റൗണ്ടിലേക്ക് മുന്നേറി മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് കൂടിയായ ഗബ്രീൻ മുഗുരെസ. ഓസ്‌ട്രേലിയൻ ഓപ്പണിൽ സീഡ് ചെയ്യപ്പെട്ടില്ല എങ്കിലും മിന്നും പ്രകടനം ആണ് സ്പാനിഷ് താരത്തിൽ നിന്ന് ഇന്നുണ്ടായത്. 6-1, 6-2 എന്ന നേരിട്ടുള്ള സ്കോറിന് അക്ഷരാർത്ഥത്തിൽ നാണം കെടുത്തി ഉക്രൈൻ താരത്തെ മുഗുരെസ. ഇതോടെ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് വനിതാവിഭാഗത്തിൽ രണ്ട്, മൂന്ന്, അഞ്ച് സീഡ് താരങ്ങൾ പുറത്തായി.

അതേസമയം 16 സീഡ് ബെൽജിയം താരം എൽസി മെർട്ടൻസ് ഓസ്‌ട്രേലിയൻ ഓപ്പണിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ അമേരിക്കൻ താരം സിസി ബെല്ലിസിനെയാണ് മെർട്ടൻസ് തോൽപ്പിച്ചത്. 6-1, 6-7, 6-0 എന്ന സ്കോറിന് ആണ് 12 ഏസുകൾ ഉതിർത്ത മത്സരത്തിൽ മെർട്ടൻസ് ജയിച്ചത്. അതിനിടയിൽ 9 സീഡ് ഡച്ച് താരം കിക്കി ബെർട്ടൻസും നാലാം റൗണ്ടിലേക്ക് മുന്നേറി. സറീന ഡിയാസിനെ 6-2 നു ആദ്യ സെറ്റ് നേടിയ ബെർട്ടൻസ് രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെയാണ് നേടിയത്. നാളെ തുടങ്ങുന്ന നാലാം റൗണ്ട് മത്സരങ്ങൾ തൊട്ട് ഓസ്‌ട്രേലിയൻ ഓപ്പണിൽ പോരാട്ടങ്ങൾ കടുക്കും എന്നുറപ്പാണ്.