ഓസ്‌ട്രേലിയൻ ഓപ്പൺ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു മോൻഫിൽസും റൂബ്ലേവും ഇസ്‌നറും

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി പത്താം സീഡും ഫ്രഞ്ച് താരവുമായ ഗെയിൽ മോൻഫിൽസ്. ക്രൊയേഷ്യയുടെ 40 കാരനായ ഇവോ കാർലോവിച്ചിനെ 4 സെറ്റ് നീണ്ട മത്സരത്തിൽ തോൽപ്പിച്ച് ആണ് ഫ്രഞ്ച് താരം മൂന്നാം റൗണ്ടിൽ കടന്നത്. ആദ്യ സെറ്റ് 6-4 നു നേടിയ കാർലോവിച്ചിനു പക്ഷെ ഒരു അട്ടിമറി സാധ്യത ഫ്രഞ്ച് താരം പിന്നീട് നൽകിയില്ല. ടൈബ്രെക്കറിലൂടെ രണ്ടാം സെറ്റ് നേടിയ മോൻഫിൽസ് 6-4 നു മൂന്നാം സെറ്റും 7-5 നു നാലാം സെറ്റും സ്വന്തമാക്കി മത്സരം സ്വന്തം പേരിൽ കുറിച്ചു. പരാജയപ്പെട്ടു എങ്കിലും പ്രായത്തെ വെല്ലുന്ന പ്രകടനം പുറത്തെടുത്ത കാർലോവിച്ച് തല ഉയർത്തി തന്നെയാണ് ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്ന് മടങ്ങുന്നത്. മൂന്നാം റൗണ്ടിൽ ഏർനെസ്റ്റ് ഗുൽബിസ് ആണ് മോൻഫിൽസിന്റെ എതിരാളി.

അതിനിടെ ജപ്പാന്റെ യുച്ചി സുഗിറ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു 17 സീഡും റഷ്യൻ യുവതാരവുമായ ആന്ദ്ര റൂബ്ലേവും നൂന്നാം റൗണ്ടിലേക്ക് മുന്നേറി. വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ 6-2, 6-3 എന്ന സ്കോറിന് ആദ്യ രണ്ട് സെറ്റുകൾ നേടിയ റഷ്യൻ താരം ടൈബ്രെക്കറിലൂടെ ആണ് മൂന്നാം സെറ്റ് നേടി മൂന്നാം റൗണ്ട് ഉറപ്പിച്ചത്. അലക്‌സാൻഡ്രോ താബിലോയെ 6-4, 6-3, 6-3 എന്ന നേരിട്ടുള്ള സ്കോറിന് തോൽപ്പിച്ച അമേരിക്കൻ താരവും 19 സീഡുമായ ജോൺ ഇസ്‌നറും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം 26 സീഡ് നിക്കോളാസിനെ ആദ്യ സെറ്റ് കൈവിട്ട ശേഷം പിന്നിൽ നിന്ന് ജയിച്ച അനുഭവസമ്പന്നനായ സ്പാനിഷ് താരം ഫെർണാണ്ടോ വെർഡാസ്കോയും മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Advertisement