ഓസ്‌ട്രേലിയൻ ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി പുതിയ തലമുറയിലെ പ്രമുഖ താരങ്ങൾ ആയ ഡാനിൽ മെദ്വദേവും അലക്‌സാണ്ടർ സെവർവ്വും. നാലാം സീഡ് ആയ റഷ്യൻ താരവും കിരീടപോരാട്ടത്തിൽ പലരും മുന്നിൽ കാണുന്ന ഡാനിൽ മെദ്വദേവ് നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം ആണ് ഓസ്‌ട്രേലിയൻ താരം അലക്‌സി പോപരിനെ മറികടന്നത്. ആദ്യ സെറ്റ് 6-4 നു സ്വന്തമാക്കിയ മെദ്വദേവ് ആദ്യമെ തന്നെ തന്റെ നയം വ്യക്തമാക്കിയപ്പോൾ പിന്നീട് ഒരവസരവും ഓസ്‌ട്രേലിയൻ താരത്തിന് ലഭിച്ചില്ല. 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു മെദ്വദേവ്. പിന്നീട് 6-3, 6-2 എന്നീ സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ നേടിയ താരം നാലാം റൗണ്ട് ഉറപ്പിച്ചു. നാലാം റൗണ്ടിൽ മുൻ ജേതാവും അനുഭവസമ്പന്നനുമായ സ്വിസ് താരം സ്റ്റാനിസ്ലാവ് വാവറിങ്ക ആണ് മെദ്വദേവിന്റെ എതിരാളി.
വാവറിങ്കയുടെ അനുഭവസമ്പത്ത് ആണോ മെദ്വദേവിന്റെ മിന്നും ഫോം ആണോ ജയിക്കുക എന്ന് നമുക്ക് കാത്തിരുന്നു കാണാം. അതേസമയം ഏഴാം സീഡ് ജർമ്മൻ താരം അലക്‌സാണ്ടർ സെവർവ്വും ഓസ്‌ട്രേലിയൻ ഓപ്പണിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി. അനുഭവസമ്പന്നനായ സ്പാനിഷ് താരം ഫെർണാണ്ടോ വെർഡാസ്ക്കോയെ നേരിട്ടുള്ള സെറ്റുകൾക്ക് അനായാസം മറികടന്ന് ആണ് സെവർവ്വ് നാലാം റൗണ്ട് ഉറപ്പിച്ചത്. മത്സരത്തിൽ 15 ഏസുകൾ അടിച്ച ജർമ്മൻ താരം 6 തവണയാണ് വെർഡാസ്ക്കോയുടെ സർവീസുകൾ ബ്രൈക്ക് ചെയ്തത്. 6-2, 6-2, 6-4 എന്ന സ്കോറിന് ജയം കണ്ട സെവർവ്വ് നാലാം റൗണ്ടിൽ റഷ്യൻ യുവതാരവും 17 സീഡുമായ ആന്ദ്ര റൂബ്ലേവിനെയാണ് നേരിടുക.