ഓസ്‌ട്രേലിയൻ ഓപ്പണിൽ മൂന്നാം റൗണ്ടിലേക്ക് മുന്നേറി ഓസ്‌ട്രേലിയൻ താരവും 23 സീഡുമായ നിക് ക്യൂരിയോസ്. ഫ്രാൻസിന്റെ ഗില്ലസ് സൈമണ് എതിരെ 4 സെറ്റ് മത്സരശേഷം ആണ് ടെന്നീസിലെ വികൃതി ചെറുക്കൻ എന്നു കുപ്രസിദ്ധി നേടിയ ക്യൂരിയോസ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-2 നു നേടിയ ക്യൂരിയോസ് രണ്ടാം സെറ്റ് 6-4 നു സ്വന്തമാക്കി മത്സരം തന്റെ വരുതിയിലാക്കി. എന്നാൽ മൂന്നാം സെറ്റിൽ തിരിച്ചു വന്ന ഫ്രഞ്ച് താരം 6-4 നു ആ സെറ്റ് നേടി മത്സരത്തിൽ തിരിച്ചു വന്നു. എന്നാൽ നാലാം സെറ്റിൽ തിരിച്ചടിച്ച ക്യൂരിയോസ് 7-5 നു നാലാം സെറ്റും മത്സരവും സ്വന്തം പേരിൽ കുറിച്ചു.
അതേസമയം സ്വീഡിഷ് താരവും സീഡ് ചെയ്യാത്ത യുവതാരവും ആയ മൈക്കൾ യെമർക്ക് എതിരെ 5 സെറ്റ് നീണ്ട മാരത്തോൺ പോരാട്ടത്തിലൂടെയാണ് റഷ്യയുടെ 16 സീഡ് കാരൻ കാചനോവ് ജയം കണ്ടത്. മത്സരത്തിൽ എല്ലാ ഘട്ടത്തിലും റഷ്യൻ താരത്തെ വെല്ലുവിളിച്ച യെമർ മാച്ച് ടൈബ്രെക്കറിലൂടെയാണ് മത്സരത്തിൽ കീഴടങ്ങിയത്. ആദ്യ സെറ്റ് 6-2 നു കാചനോവ് നേടിയപ്പോൾ തിരിച്ചടിച്ച യെമർ 6-2 നു രണ്ടാം സെറ്റ് നേടി. മൂന്നാം സെറ്റ് 6-4 നു കാചനോവ് നേടിയപ്പോൾ നാലാം സെറ്റ് 6-3 നു സ്വന്തമാക്കിയ യെമർ മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. അഞ്ചാം സെറ്റിൽ ഇരുതാരങ്ങളും കീഴടങ്ങാൻ തയ്യാറാവാതെ പൊരുതിയപ്പോൾ മത്സരം ടൈബ്രെക്കറിലേക്ക് നീണ്ടു. ടൈബ്രെക്കറിൽ അട്ടിമറി ഒഴിവാക്കിയ റഷ്യൻ താരം മൂന്നാം റൗണ്ടിൽ ക്യൂരിയോസുമായുള്ള മത്സരം ഉറപ്പിച്ചു.