ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഹാലപ്പ്, സ്വിവിറ്റോലീന

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി റൊമാനിയൻ താരം സിമോണ ഹാലപ്പ്. നാലാം സീഡ് ആയ ഹാലപ്പ് അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് മറികടന്നത്. ഹാലപ്പിന്റെ ആദ്യ സർവ്വീസ് തന്നെ ഭേദിച്ച് മികച്ച തുടക്കം നേടിയ അമേരിക്കൻ താരം ആദ്യ സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടി എങ്കിലും സെറ്റ് ഹാലപ്പ് വിട്ട് കൊടുത്തില്ല. രണ്ടാം സെറ്റിൽ കൂടുതൽ മികവിലേക്ക് ഉയർന്ന ഹാലപ്പ് 6-1 നു രണ്ടാം സെറ്റും മത്സരവും സ്വന്തം പേരിലാക്കി. അമേരിക്കൻ താരം ഷെൽബി റോജേഴ്സിനെ 3 സെറ്റ് നീണ്ട മത്സരത്തിൽ തോൽപ്പിച്ച് സ്‌പാനിഷ്‌ താരം ഗബ്രിന മുഗുരസയും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് 6-0 ത്തിനു നഷ്ടമായ ശേഷം ആയിരുന്നു സ്പാനിഷ് താരം 6-1, 6-0 എന്ന സ്കോറിന് രണ്ടും മൂന്നും സെറ്റുകൾ സ്വന്തമാക്കി മത്സരം കൈപ്പിടിയിൽ ഒതുക്കിയത്.

അഞ്ചാം സീഡ് ഉക്രൈൻ താരം എലീന സ്വിവിറ്റോലീനയും രണ്ടാം റൗണ്ട് ഉറപ്പിച്ചു. ബ്രിട്ടീഷ് താരം ബൗൽട്ടറെ 6-4, 7-5 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നാണ് ഉക്രൈൻ താരം മത്സരം ജയിച്ചത്. തന്റെ പ്രഥമ ഗ്രാന്റ് സ്‌ലാം ലക്ഷ്യമിടുന്ന സ്വിവിറ്റോലീനക്ക് ഇത് മികച്ച തുടക്കം തന്നെയാണ്. ഇർണ കമേനിയയെ 6-1, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് 9 സീഡ് ഹോളണ്ടിന്റെ കിക്കി ബെർട്ടനസും രണ്ടാം റൗണ്ടിലേക്ക് മുന്നേറി. അതേസമയം 20 സീഡായ ചെക് താരം കരോളിന മുച്ചോവ ജർമ്മൻ താരം ക്രിസ്റ്റനെ 3 സെറ്റ് പോരാട്ടത്തിൽ മറികടന്ന് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ടൈബ്രെക്കറിലേക്ക് നീണ്ട മൂന്നാം സെറ്റിന് ഒടുവിൽ ആണ് വിജയിയെ കണ്ടത്താൻ ആയത്. സ്‌കോർ – 6-3, 2-6, 7-6.

Previous articleജപ്പാനെ വെറും 41 റൺസിന് എറിഞ്ഞിട്ട് ഇന്ത്യൻ യുവനിര
Next articleഇന്ത്യ ധോണിയുടെ പിൻഗാമിയെ കണ്ടെത്തിയെന്ന് ഷൊഹൈബ് അക്തർ