ഓസ്‌ട്രേലിയൻ ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി ഇറ്റാലിയൻ താരവും ഏഴാം സീഡും ആയ മറ്റെയോ ബരെറ്റിനി. ഫ്രഞ്ച് താരവും 17 സീഡും ആയ ഗെയിൽ മോൻഫിൽസിനെ അത്യന്തം ആവേശകരമായ 5 സെറ്റ് മത്സരത്തിൽ മറികടന്നാണ് ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനലിൽ എത്തുന്ന ആദ്യ ഇറ്റാലിയൻ താരമായി ബരെറ്റിനി മാറിയത്. സമീപകാലത്ത് മികവ് തുടരുന്ന ഇറ്റാലിയൻ താരം ഓസ്‌ട്രേലിയയിലും ചരിത്രം സൃഷ്ടിക്കുക ആയിരുന്നു. ആദ്യ സെറ്റിൽ തുടക്കത്തിൽ തന്നെ ബ്രൈക്ക് കണ്ടത്തിയ ബരെറ്റിനി സെറ്റ് 6-4 നു സ്വന്തമാക്കി. രണ്ടാം സെറ്റിൽ 20 തിൽ അധികം മിനിറ്റ് പിടിച്ചു നിന്നു സ്വന്തം സർവീസ് രക്ഷിച്ച ബരെറ്റിനി ഫ്രഞ്ച് താരത്തിന്റെ സർവീസ് ബ്രൈക്ക് ചെയ്തു രണ്ടാം സെറ്റും 6-4 നു നേടി മത്സരത്തിൽ ആധിപത്യം നേടി. ആദ്യ രണ്ടു സെറ്റ് നേടിയെങ്കിലും നീളൻ റാലികൾ കണ്ട മത്സരത്തിൽ ഉടനീളം പരിചയസമ്പന്നനായ മോൻഫിൽസ് ഇറ്റാലിയൻ താരത്തിന് വെല്ലുവിളി ഉയർത്തി.
ഇതിന്റെ ഫലം മൂന്നാം സെറ്റിൽ കണ്ടപ്പോൾ ആദ്യമായി ബ്രൈക്ക് കണ്ടത്തിയ മോൻഫിൽസ് സെറ്റ് 6-3 നു നേടി മത്സരം നാലാം സെറ്റിലേക്ക് നീട്ടി. നാലാം സെറ്റിൽ ഇരട്ട സർവീസ് ബ്രൈക്ക് കണ്ടത്തിയ ഫ്രഞ്ച് താരം ഈ സെറ്റും 6-3 നു നേടി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. മികച്ച തിരിച്ചു വരവോടെ വിജയം ഫ്രഞ്ച് താരം പിടിച്ചെടുക്കും എന്നു തോന്നിച്ച നിമിഷങ്ങൾ ആയിരുന്നു ഇത്. എന്നാൽ അഞ്ചാം സെറ്റിൽ ഇറ്റാലിയൻ താരം അതിശക്തമായി മത്സരത്തിൽ തിരിച്ചു വന്നു. അഞ്ചാം സെറ്റിൽ ആദ്യം തന്നെ ബ്രൈക്ക് കണ്ടത്തിയ ബരെറ്റിനി പിന്നീട് ഒരിക്കൽ കൂടി ബ്രൈക്ക് നേടി മത്സരജയം ഉറപ്പിച്ചു. തുടർന്ന് 6-2 നു അഞ്ചാം സെറ്റ് കയ്യിലാക്കിയ താരം ഓസ്‌ട്രേലിയൻ ഓപ്പണിന്റെ അവസാന നാലിൽ ഇടം പിടിച്ചു. മത്സരത്തിൽ 15 ഏസുകൾ ആണ് മോൻഫിൽസ് അടിച്ചത് എങ്കിൽ 12 എണ്ണമാണ് ബരെറ്റിനിയുടെ റാക്കറ്റിൽ നിന്നു പുറപ്പെട്ടത്. സെമിയിൽ തന്റെ 36 മത്തെ ഗ്രാന്റ് സ്‌ലാം സെമി കളിക്കുന്ന ഇതിഹാസ താരം റാഫേൽ നദാൽ ആണ് ബരെറ്റിനിയുടെ എതിരാളി.