റഷ്യൻ വിപ്ലവം! സെമിയിലേക്ക് മുന്നേറി അസ്ലൻ!

Aslankaratsev

ഓസ്‌ട്രേലിയൻ ഓപ്പണിൽ 27 മത്തെ വയസ്സിലെ തന്റെ സ്വപ്നകുതിപ്പ് തുടർന്ന് റഷ്യയുടെ സീഡ് ചെയ്യാത്ത അസ്ലൻ കാരത്സേവ്. 18 സീഡ് ആയ ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവിനെതിരെ ആദ്യ സെറ്റ് നഷ്ടമായ ശേഷമാണ് അസ്ലൻ ജയം പിടിച്ചെടുത്തത്. ആദ്യ സെറ്റ് 6-2 നു നേടിയ ദിമിത്രോവിനു മികച്ച തുടക്കം ആണ് മത്സരത്തിൽ ലഭിച്ചത്. എന്നാൽ രണ്ടാം സെറ്റിൽ 6-4 നു ജയം കണ്ടു റഷ്യൻ താരം മത്സരത്തിൽ തിരിച്ചു വന്നു. മൂന്നാം സെറ്റിൽ പരിക്ക് വലച്ച ദിമിത്രോവ് വൈദ്യ സഹായവും തേടി. പരിക്കേറ്റ ശേഷം മത്സരത്തിൽ ദിമിത്രോവ് ഉണ്ടായിരുന്നില്ല എന്നു തന്നെ പറയാം.

മൂന്നാം സെറ്റ് 6-1 നു നേടിയ അസ്ലൻ നാലാം സെറ്റ് 6-2 നു നേടി ചടങ്ങു തീർക്കുക ആയിരുന്നു. കരിയറിൽ ആദ്യമായി ആണ് അസ്ലൻ ഗ്രാന്റ് സ്‌ലാം സെമിഫൈനലിൽ എത്തുന്നത്. ഇരു താരങ്ങളും 9 വീതം ഏസുകൾ ഉതിർത്ത മത്സരത്തിൽ അസ്ലൻ 4 തവണ ബ്രൈക്ക് വഴങ്ങിയപ്പോൾ എതിരാളിയെ 8 തവണയാണ് ബ്രൈക്ക് ചെയ്തത്. എ. ടി. പി കപ്പ് നേടി കരുത്ത് തെളിയിച്ച റഷ്യ ഗ്രാന്റ് സ്‌ലാം വേദിയിലും തങ്ങളുടെ കരുത്ത് തെളിയിക്കുക ആണ്. നാളെ ക്വാർട്ടർ ഫൈനലിൽ മറ്റൊരു റഷ്യൻ താരങ്ങൾ ആയ ഡാനിൽ മെദ്വദേവ്, ആന്ദ്ര റൂബ്ലേവ് എന്നിവർ നേർക്കുനേർ വരുന്നതിനാൽ തന്നെ മറ്റൊരു റഷ്യൻ താരം കൂടി ഓസ്‌ട്രേലിയൻ ഓപ്പൺ സെമിഫൈനൽ കളിക്കും എന്നുറപ്പാണ്. സെമിയിൽ നൊവാക് ജ്യോക്കോവിച്ച്, അലക്‌സാണ്ടർ സെരവ് മത്സരവിജയി ആവും അസ്ലന്റെ എതിരാളി.

Previous article“ഇങ്ങനെ ഉള്ള പിച്ചിലും റൺസ് എടുക്കാൻ പഠിക്കേണ്ടതുണ്ട്” – ജോ റൂട്ട്
Next articleസന്നാഹ മത്സരങ്ങളില്‍ കളിക്കുന്നതിനെതിരെ ബംഗ്ലാദേശ് ടീം മാനേജ്മെന്റും കളിക്കാരും വിസമ്മതിച്ചിരുന്നുവെന്ന് വിവരം