ഓസ്‌ട്രേലിയൻ ഓപ്പണിന്റെ ആദ്യ റൗണ്ടിൽ മികച്ച തുടക്കവും ആയി ഓസ്‌ട്രേലിയൻ താരവും ഒന്നാം സീഡുമായ ആഷ്‌ലി ബാർട്ടി. എതിരാളിയായ ഡാങ്ക കോവിനിച്ചിനു ഒരു പോയിന്റ് പോലും നൽകാൻ തയ്യാറാകാതിരുന്ന ബാർട്ടി 6-0, 6-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്. ദയാരഹിതമായ ജയത്തോടെ എതിരാളികൾക്ക് വമ്പൻ മുന്നറിയിപ്പ് ആണ് ബാർട്ടി നൽകിയത്. മത്സരത്തിൽ എല്ലാ നിലക്കും ആധിപത്യം പുലർത്തിയ താരം 6 തവണ എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്യുകയും ചെയ്തു. സ്വിസ് താരം ജില്ലിനെ നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്ത്തി ആയിരുന്നു യുവ അമേരിക്കൻ താരം കൊക്കോ ഗോഫ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. 6-3, 6-2 എന്ന സ്കോറിന് ആയിരുന്നു ഗോഫിന്റെ ജയം.
വനിതാ വിഭാഗത്തിൽ നിരവധി അട്ടിമറികൾക്ക് ആണ് ഇന്ന് മെൽബൺ സാക്ഷ്യം വഹിച്ചത്. 12 സീഡ് ആയ വിക്ടോറിയ അസരങ്കക്ക് കഴിഞ്ഞ യു.എസ് ഓപ്പണിലെ തന്റെ സ്വപ്ന തുല്യമായ പ്രകടനം ആവർത്തിക്കാൻ ആവാതിരുന്നപ്പോൾ ആദ്യ റൗണ്ടിൽ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ജെസിക്കക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയം ഏറ്റു വാങ്ങി. 6 ഇരട്ട സർവീസ് പിഴവുകൾ വരുത്തിയ അസരങ്ക 7-5, 6-4 എന്ന സ്കോറിന് ആണ് പരാജയപ്പെട്ടത്. ആദ്യ സെറ്റ് നേടിയ ശേഷം പരിക്കേറ്റു പിന്മാറിയ 13 സീഡ് ജൊഹാന കോന്റയും ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു പുറത്തായി. യുവാൻ ആണ് കോന്റക്ക് എതിരെ ജയം കണ്ടത്. 16 സീഡ് ക്രൊയേഷ്യൻ താരം പെട്ര മാർട്ടിച്ച് 3 സെറ്റു പോരാട്ടത്തിനു ശേഷം സീഡ് ചെയ്യാത്ത സെർബിയൻ താരം ഓൾഗയോട് ആണ് തോൽവി ഏറ്റുവാങ്ങിയത്. സ്‌കോർ : 7-5, 3-6, 6-4. 20 സീഡ് മരിയ സക്കാരി, 31 സീഡ് ശാങ് എന്നിവരും ഇന്ന് ആദ്യ റൗണ്ടിൽ പുറത്തായി.