ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു സോഫിയ കെനിൻ പുറത്ത്, ബാർട്ടിയും പ്ലിസ്കോവയും മുന്നോട്ടു

Sports Correspondent

ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു നിലവിലെ ജേതാവും നാലാം സീഡുമായ അമേരിക്കൻ താരം സോഫിയ കെനിൻ പുറത്ത്. രണ്ടാം റൗണ്ടിൽ സീഡ് ചെയ്യാത്ത 35 വയസ്സുകാരി ആയ എസ്റ്റോണിയൻ താരം കയിയ കനെപിയോട് നേരിട്ടുള്ള സെറ്റുകൾക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങിയാണ് കെനിൻ ഓസ്‌ട്രേലിയൻ ഓപ്പണിൽ നിന്നു പുറത്തായത്. മത്സരത്തിൽ 3 ബ്രൈക്ക് നേടിയ കയിയ 10 ഏസുകൾ ആണ് ഉതിർത്തത്. 6-3, 6-2 എന്ന സ്കോറിന് ആണ് കെനിൻ പരാജയം ഏറ്റുവാങ്ങിയത്. നാട്ടുകാരി ആയ ഡാരിയയോട് നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഓസ്‌ട്രേലിയൻ താരവും ഒന്നാം സീഡും ആയ ആഷ്‌ലി ബാർട്ടി ജയം കണ്ടത്. മത്സരത്തിൽ 4 ബ്രൈക്ക് വഴങ്ങിയെങ്കിലും ലഭിച്ച 6 ബ്രൈക്ക് പോയിന്റുകളും മുതലാക്കിയ ബാർട്ടി 6-1 ആദ്യ സെറ്റും ടൈബ്രേക്കറിലൂടെ രണ്ടാം സെറ്റും നേടി മൂന്നാം റൗണ്ടിലേക്ക് മുന്നേറി.

Barty

അമേരിക്കൻ താരം ഡാനിയല്ല റോസ് കോളിൻസിനെ 7-5, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ആറാം സീഡ് ചെക് താരം കരോളിന പ്ലിസ്കോവ രണ്ടാം റൗണ്ടിൽ തോൽപ്പിച്ചത്. 3 ബ്രൈക്ക് വഴങ്ങിയ പ്ലിസ്കോവ 6 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. 11 സീഡ് സ്വിസ് താരം ബെലിന്ത ബെനചിച്, 21 സീഡ് എസ്റ്റോണിയയുടെ അന്നറ്റ് കോണ്ടവെയിറ്റ് എന്നിവർ മൂന്നു സെറ്റ് പോരാട്ടത്തിൽ മൂന്നാം റൗണ്ടിൽ എത്തിയപ്പോൾ 18 സീഡ് ബെൽജിയം താരം എൽസി മെർട്ടൻസ്, 22 സീഡ് അമേരിക്കൻ താരം ജെന്നിഫർ ബ്രാഡി എന്നിവർ നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടാണ് മൂന്നാം റൗണ്ടിലേക്ക് മുന്നേറിയത്.