റോട്ടർഡാമിൽ മാരത്തോൺ പോരാട്ടത്തിൽ സിന്നറെ വീഴ്ത്തി ബുസ്റ്റ സെമിയിൽ

- Advertisement -

റോട്ടർഡാം എ. ടി. പി മാസ്റ്റേഴ്സ് 500 ൽ പതിനെട്ട് കാരൻ യാനിക് സിന്നറെ മറികടന്ന് പാബ്ലോ കൊറേനോ ബുസ്റ്റ സെമിഫൈനലിലേക്ക് മുന്നേറി. 2 മണിക്കൂർ 44 മിനിറ്റ് നീണ്ട മൂന്ന് സെറ്റ് മത്സരശേഷം ആയിരുന്നു ഇറ്റാലിയൻ യുവതാരത്തിനു മുകളിൽ സ്പാനിഷ് താരം ജയം കണ്ടത്. ആദ്യ സെറ്റിൽ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം നിന്നു എന്നാൽ സിന്നറുടെ അവസാന സർവീസ് ബ്രൈക്ക് ചെയ്ത ബുസ്റ്റ 7-5 നു ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിൽ പക്ഷെ കൂടുതൽ മികവോടെ കളിക്കുന്ന സിന്നറെ ആണ് മത്സരത്തിൽ കണ്ടത്. ബുസ്റ്റയുടെ സർവീസ് ബ്രൈക്ക് ചെയ്ത സിന്നർ 6-3 നു രണ്ടാം സെറ്റ് സ്വന്തമാക്കി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി.

എന്നാൽ മൂന്നാം സെറ്റിൽ ആദ്യ സർവീസ് തന്നെ സിന്നറെ ബ്രൈക്ക് ചെയ്ത ബുസ്റ്റ മൂന്നാം സെറ്റിൽ ആധിപത്യം നേടി. എന്നാൽ മത്സരത്തിനായി സർവീസ് ചെയ്ത ബുസ്റ്റയെ ബ്രൈക്ക് ചെയ്ത സിന്നർ മത്സരത്തിൽ കീഴടങ്ങാൻ ഒരുക്കമല്ലായിരുന്നു. അടുത്ത തന്റെ സർവീസിൽ മൂന്ന് ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ച സിന്നർ മൂന്നാം സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടി. ടൈബ്രെക്കറിൽ ആധിപത്യം നേടിയ സിന്നർ 2 മാച്ച് പോയിന്റുകൾ സൃഷ്ടിച്ചു. എന്നാൽ ഇവ രക്ഷിച്ച സ്പാനിഷ് താരം തന്റെ പരിചയസമ്പന്നത മത്സരത്തിൽ ഉപയോഗിച്ച് ജയം സിന്നറിൽ നിന്ന് തട്ടിയെടുത്തു. തോറ്റെങ്കിലും തന്നിൽ നിന്നും ഇനിയും വലിയ കാര്യങ്ങൾ പ്രതീക്ഷിക്കാം എന്ന വ്യക്തമായ സൂചനകൾ ആണ് 18 കാരൻ ആയ ഇറ്റാലിയൻ താരം യാനിക് സിന്നർ നൽകിയത്.

Advertisement