പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി ഒഡീഷയ്ക്ക് വിജയം

ഐ എസ് എല്ലിലെ നാലാം സ്ഥാനത്തിനായുള്ള പോരാട്ടം അവസാന റൗണ്ട് വരെ നീളും എന്ന് ഉറപ്പായി. ഇന്ന് ഐ എസ് എല്ലിൽ നടന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി കൊണ്ട് ഒഡീഷ അഞ്ചാം സ്ഥാനത്ത് എത്തി. ഇന്ന് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു ഒഡീഷയുടെ വിജയം. തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് നേടിയ വിജയം ഒഡീഷയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി.

മത്സരത്തിന്റെ 24അം മിനുട്ടിൽ ഷാവേസിലൂടെ നോർത്ത് ഈസ്റ്റ് ആണ് ആദ്യ വലകുലുക്കിയത് .എന്നാൽ രണ്ടാം പകുതിയിൽ ഒൻവു ഒഡീഷയ്ക്ക് സമനില നൽകി. ബെംഗളൂരുവിൽ നിന്ന് എത്തിയ ശേഷം മൂന്ന് മത്സരങ്ങളിൽ നിന്നായി സ്ട്രൈക്കറുടെ നാലാം ഗോളായിരുന്നു ഇന്നത്തേത്. 72ആം മിനുട്ടിൽ പെരെസിലൂടെ ഒഡീഷ വിജയ ഗോളും നേടി. ഈ വിജയം ഒഡീഷയെ 24 പോയന്റിൽ എത്തിച്ചു. നാലാമതുള്ള മുംബൈക്ക് 26 പോയന്റാണ് ഉള്ളത്. ഇരു ടീമുകൾക്കും ഒരോ മത്സരം വീതമാണ് ബാക്കി. ആറാമതുള്ള ചെന്നൈയിന് 22 പോയന്റാണ് ഉള്ളത്. ചെന്നൈയിന് മൂന്ന് മത്സരങ്ങൾ ഇനിയും ലീഗിൽ ബാക്കിയുണ്ട്.