എന്ത് പറയാൻ ആണ്. മൂന്നാമത്തെയും അവസാനത്തെയും സെറ്റിൽ 5-1 നു പിറകിൽ നിന്ന ശേഷം എതിരാളി ജയം ഒരു പോയിന്റ് അകലയാക്കിയ ശേഷം തിരിച്ചു വന്നു ജയിച്ചതിനെ എന്ത് പറഞ്ഞു വിശേഷിപ്പിക്കാൻ ആണ്. റാഫേൽ നദാൽ എന്ന പോരാളിക്ക് റാഫേൽ നദാൽ എന്ന അമാനുഷികനു മാത്രമെ അത് സാധിക്കുകയുള്ളു. ഈ കഴിഞ്ഞ യു.എസ് ഓപ്പൺ ഫൈനലിന്റെ ആവർത്തനം ആയ മത്സരത്തിൽ റഷ്യൻ താരം മെദ്വദേവിനെതിരെ ജയത്തിൽ കുറഞ്ഞത് ഒന്നും ഇന്ന് നദാലിന്റെ ലക്ഷ്യം ആയിരുന്നില്ല. ആദ്യ മത്സരം തോറ്റ ഇരു താരങ്ങൾക്കും ഇന്ന് ജയിച്ചില്ലെങ്കിൽ അത് എ. ടി. പി ഫൈനൽസിൽ നിന്നുള്ള പുറത്താകൽ ആയിരുന്നു.
നദാലിന് ആവട്ടെ ഇത് വരെ സ്വന്തമാക്കാൻ ആവാത്ത കിരീടം പക്ഷെ അങ്ങനെ കൈവിടാൻ ഉള്ളതായിരുന്നില്ല. ആദ്യ സെറ്റിൽ ഇരു താരങ്ങളും ഉജ്ജ്വലമായി കളിച്ചപ്പോൾ മത്സരം പലപ്പോഴും അതിന്റെ പൂർണ മികവിലേക്ക് ഉയർന്നു. എന്നാൽ ടൈബ്രേക്കറിലൂടെ ആദ്യ സെറ്റ് നേടിയ മെദ്വദേവ് മത്സരത്തിൽ ആധിപത്യം നേടി. രണ്ടാം സെറ്റിൽ റഷ്യൻ താരത്തിന്റെ സർവീസ് ഭേദിച്ച നദാൽ 6-3 സെറ്റ് നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ മത്സരത്തിൽ 21 ഏസുകൾ ഉതിർത്ത മെദ്വദേവ് തുടക്കത്തിൽ തന്നെ ആധിപത്യം നേടി. 5-1 നു മുന്നിൽ എത്തിയ റഷ്യൻ താരം യു.എസ് ഓപ്പൺ പരാജയത്തിന് പ്രതികാരം ചെയ്യും എന്ന സൂചന നൽകി മത്സരം വെറും ഒരു ഗൈയിമിന്റെ അകലെയാക്കി.
എന്നാൽ അവിടെനിന്ന് അങ്ങോട്ട് ടെന്നീസ് ലോകം കണ്ടത് നദാലിന്റെ കരിയറിലെ ടെന്നീസിലെ തന്നെ ഏറ്റവും മികച്ച തിരിച്ചു വരവുകളിൽ ഒന്നിനായിരുന്നു. മെദ്വദേവിന്റെ സർവ്വീസ് രണ്ട് തവണ ബ്രൈക്ക് ചെയ്തു മത്സരത്തിൽ ഒപ്പമെത്തിയ നദാൽ മത്സരം ടൈബ്രേക്കറിലേക്ക് നീട്ടി. പിന്നീട് ടൈബ്രേക്കറിലും തന്റെ ആധിപത്യം തുടർന്ന നദാൽ മത്സരം സ്വന്തമാക്കി തന്റെ തിരിച്ചു വരവ് പൂർണമാക്കി. ഇതോടെ മെദ്വദേവ് എ. ടി. പി ഫൈനൽസിൽ സെമിഫൈനൽ കാണാതെ പുറത്തായി. ഇനി വരാനിരിക്കുന്ന മത്സരത്തിൽ സ്റ്റിസ്റ്റിപാസിനെ മറികടക്കാൻ ആയാൽ നദാലിന് സെമിഫൈനൽ ഏതാണ്ട് ഉറപ്പിക്കാൻ സാധിക്കും.