എ.ടി.പി ഫൈനൽസിൽ ആദ്യ മത്സരത്തിൽ റാഫേൽ നദാലിനെ അട്ടിമറിച്ചു ടെയിലർ ഫ്രിറ്റ്സ്

തന്റെ കരിയറിലെ ആദ്യ എ.ടി.പി ഫൈനൽസ് മത്സരത്തിൽ സാക്ഷാൽ റാഫേൽ നദാലിനെ അട്ടിമറിച്ചു അമേരിക്കൻ താരം ടെയിലർ ഫ്രിറ്റ്സ്. ലോക ഒന്നാം നമ്പർ കാർലോസ് അൽകാരസ് ടൂർണമെന്റിൽ നിന്നു പിന്മാറിയതിനാൽ എട്ടാം സീഡ് ആയി പ്രവേശനം ലഭിച്ച ഫ്രിറ്റ്സ് നദാലിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു. ഗ്രീൻ ഗ്രൂപ്പിൽ 7-6, 6-1 എന്ന സ്കോറിന് ആയിരുന്നു അമേരിക്കൻ യുവതാരത്തിന്റെ ജയം.

ടെയിലർ ഫ്രിറ്റ്സ്

ആദ്യ സെറ്റ് ടൈബ്രേക്കറിൽ നേടിയ ഫ്രിറ്റ്സ് രണ്ടാം സെറ്റിൽ രണ്ടു തവണ നദാലിന്റെ സർവീസ് ബ്രേക്ക് ചെയ്തു സെറ്റ് 6-1 നേടി മത്സരം സ്വന്തമാക്കി. വർഷാവസാനം ലോക ഒന്നാം നമ്പർ പിന്തുടരുന്ന നദാൽ മത്സരത്തിൽ നിലനിൽക്കാൻ പാട് പെടുന്നത് ആണ് കണ്ടത്. അതേസമയം ഗ്രീൻ ഗ്രൂപ്പിലെ മറ്റെ മത്സരത്തിൽ മൂന്നാം സീഡ് കാസ്പർ റൂഡ് അഞ്ചാം സീഡ് ഫെലിക്‌സിനെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്നു. ആദ്യ സെറ്റ് ടൈബ്രേക്കറിൽ നേടിയ റൂഡ് രണ്ടാം സെറ്റ് 6-4 നു നേടിയാണ് ഗ്രൂപ്പിലെ ആദ്യ ജയം കുറിച്ചത്.