മെക്സിക്കൻ ഓപ്പണിൽ അവസാന എട്ടിലേക്ക് മുന്നേറി നാലാം സീഡ് റാഫേൽ നദാൽ. 2022 ലെ തുടർച്ചയായ പന്ത്രണ്ടാം ജയം കുറിച്ചാണ് നദാൽ മെക്സിക്കയിൽ റൗണ്ട് ഓഫ് പതിനാറിൽ ജയം കണ്ടത്. രണ്ടാം മത്സരത്തിലും അമേരിക്കൻ താരത്തെ നേരിട്ട നദാൽ ഇത്തവണ തീർത്തും അനായാസ ജയം ആണ് നേടിയത്. സ്റ്റഫൻ കോസ്ലോവിനു എതിരെ ആദ്യ സെറ്റിൽ ബേഗൽ ആണ് നദാൽ നേടിയത്, ഒരൊറ്റ ഗെയിം പോലും നേടാതെ ആദ്യ സെറ്റ് നേടിയ നദാൽ രണ്ടാം സെറ്റിൽ ഒരു ബ്രൈക്ക് വഴങ്ങിയെങ്കിലും സെറ്റ് 6-3 നു നേടി താരം അവസാന എട്ട് ഉറപ്പിച്ചു. കരിയറിലെ ഏറ്റവും മികച്ച തുടക്കം ആണ് നദാലിന് ഇത്. അമേരിക്കൻ താരം ടോമി പോൾ ആണ് നദാലിന്റെ ക്വാർട്ടറിലെ എതിരാളി. അതേസമയം ഏഴാം സീഡ് ടെയിലർ ഫ്രിറ്റ്സ് ജപ്പാന്റെ നിഷിയോക്കെയോട് തോറ്റു ടൂർണമെന്റിൽ നിന്നു പുറത്തായി. അമേരിക്കൻ താരം മാർക്കോസ് ഗിരോണോട് തോറ്റ എട്ടാം സീഡ് പാബ്ലോ ബുസ്റ്റയും ടൂർണമെന്റിൽ നിന്നു പുറത്തായി.
സ്പാനിഷ് താരം പാബ്ലോയോട് അനായാസ ജയം കുറിച്ച ഒന്നാം സീഡ് ഡാനിൽ മെദ്വദേവും അവസാന എട്ടിലേക്ക് മുന്നേറി. 6-1, 6-2 എന്ന സ്കോറിന് ആയിരുന്നു റഷ്യൻ താരത്തിന്റെ ജയം. അമേരിക്കൻ താരം ജെ.ജെ വോൾഫിനെ 6-1, 6-0 എന്ന സ്കോറിന് ആണ് മൂന്നാം സീഡ് ആയ സ്റ്റെഫനോസ് സിറ്റിപാസ് തകർത്തത്. മികച്ച ഫോമിലായിരുന്ന ഗ്രീക്ക് താരം മത്സരത്തിൽ അനായാസ ജയം കുറിച്ചു. അമേരിക്കൻ താരം ജോഷ് ഇസ്നറോട് ആദ്യ സെറ്റ് വഴങ്ങിയ ശേഷം തിരിച്ചു വന്നു ജയം കണ്ട ബ്രിട്ടീഷ് ഒന്നാം നമ്പറും ആറാം സീഡും ആയ കാമറൂൺ നോറിയും അവസാന എട്ടിലേക്ക് മുന്നേറി. 6-7, 6-3, 6-4 എന്ന സ്കോറിന് ആയിരുന്നു ബ്രിട്ടീഷ് താരത്തിന്റെ ജയം.