എ.ടി.പി 1000 പാരീസ് മാസ്റ്റേഴ്സ് ഫൈനലിലേക്ക് മുന്നേറി 19 കാരനായ ഡാനിഷ് ടെന്നീസ് താരം ഹോൾഗർ റൂണെ. സെമിഫൈനലിൽ എട്ടാം സീഡ് ആയ കനേഡിയൻ താരം ഫെലിക്സ് ആഗർ അലിയസ്മെയെ 6-4, 6-2 എന്ന സ്കോറിന് ആണ് ഡാനിഷ് യുവതാരം അട്ടിമറിച്ചത്. തുടർച്ചയായ 15 ജയങ്ങളും ആയി എത്തിയ ഫെലിക്സിന്റെ വിജയകുതിപ്പിന് യുവതാരം അന്ത്യം കുറിക്കുക ആയിരുന്നു.
ക്വാർട്ടർ ഫൈനലിൽ ഒന്നാം നമ്പർ താരം അൽകാരസിനെ വീഴ്ത്തിയ റൂണെ സെമിയിൽ ഫെലിക്സിനെ മറികടന്നു. മത്സരത്തിൽ മൂന്നു തവണ കനേഡിയൻ താരത്തിന്റെ സർവീസ് റൂണെ ബ്രേക്ക് ചെയ്തു. കഴിഞ്ഞ 20 കളികളിൽ 18 ജയങ്ങൾ നേടിയ റൂണെ കഴിഞ്ഞ തുടർച്ച 5 കളികളിൽ വാവറിങ്കയെയും നാലു ആദ്യ പത്തിലുള്ള താരങ്ങളെയും ആണ് തോൽപ്പിച്ചത്. കരിയറിലെ ആദ്യ മാസ്റ്റേഴ്സ് ഫൈനൽ ആണ് ഡാനിഷ് യുവതാരത്തിന് ഇത്. ഫൈനലിൽ നൊവാക് ജ്യോക്കോവിച്, സ്റ്റെഫനോസ് സിറ്റിപാസ് മത്സരവിജയിയെ ആണ് യുവതാരം നേരിടുക.