എ.ടി. പി ടൂറിൽ മെക്സിക്കൻ ഓപ്പണിൽ മൂന്ന് സെറ്റ് നീണ്ട ആവേശപോരാട്ടത്തിൽ അമേരിക്കൻ താരം ഫ്രാൻസിസ് ടിയോഫയെ വീഴ്ത്തി മൂന്നാം സീഡ് സ്റ്റാനിസ്ലാവ് വാവറിങ്ക രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 35 ഏസുകൾ മത്സരത്തിൽ അടിച്ച മുൻ ഗ്രാന്റ് സ്ലാം ജേതാവ് ആയ വാവറിങ്ക രണ്ട് ടൈബ്രെക്കറുകൾ കണ്ട മത്സരത്തിൽ ആണ് ജയം സ്വന്തമാക്കിയത്. ഏസുകളുടെ ബലത്തിൽ 91 ശതമാനം ആദ്യ സർവീസ് പോയിന്റുകളും ജയിക്കാനും വാവറിങ്കക്ക് ആയി. ആദ്യ സെറ്റിൽ മത്സരത്തിൽ കണ്ട ഏക സർവീസ് ബ്രൈക്ക് നേടിയ വാവറിങ്ക 6-3 നു സെറ്റ് സ്വന്തമാക്കി മത്സരത്തിൽ ആധിപത്യം നേടി.
രണ്ടാം സെറ്റിൽ ഇരു താരങ്ങളും തങ്ങളുടെ സർവീസുകൾ നിലനിർത്തിയപ്പോൾ മത്സരം ടൈബ്രെക്കറിലേക്ക് നീണ്ടു. വാശിയേറിയ ടൈബ്രെക്കറിലൂടെ ഈ സെറ്റ് സ്വന്തമാക്കിയ അമേരിക്കൻ താരം മത്സരത്തിൽ ഒപ്പമെത്തി. ഏതാണ്ട് രണ്ടാം സെറ്റിന്റെ തനി ആവർത്തനം ആണ് മൂന്നാം സെറ്റിൽ കണ്ടത്. മൂന്നാം സെറ്റിലും ഇരു താരങ്ങളും സർവീസ് ബ്രൈക്ക് വഴങ്ങാതിരുന്നതോട് കൂടെ മത്സരം ഒരിക്കൽ കൂടി ടൈബ്രെക്കറിലേക്ക് നീണ്ടു. ഇത്തവണ ടൈബ്രെക്കറിൽ സമ്പൂർണ ആധിപത്യം നേടിയ വാവറിങ്ക അമേരിക്കൻ താരത്തിന്റെ പോരാട്ടവീര്യത്തിന് അന്ത്യം കുറിച്ചു.