ഈ വർഷത്തെ സീസണിലെ അവസാന ടൂർണമെന്റ് ആയ എ. ടി. പി ഫൈനൽസിലേക്ക് യോഗ്യത നേടിയ 8 താരങ്ങളും യൂറോപ്പിൽ നിന്ന്. ആദ്യ 8 റാങ്കിൽ ഉള്ള താരങ്ങൾ അണിനിരക്കുന്ന ടൂർണമെന്റിൽ 8 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ ആണ് പങ്കെടുക്കുന്നത് എന്ന പ്രത്യേകതയും ഈ പ്രാവശ്യം ഉണ്ട്. കൂടാതെ റിസർവിൽ ഉള്ള രണ്ട് താരങ്ങളും യൂറോപ്പിൽ നിന്നാണ് എന്നതും മറ്റൊരു സവിശേഷതയാണ്. ലണ്ടനിൽ നടക്കുന്ന ടൂർണമെന്റിൽ ആരെങ്കിലും പിന്മാറിയാൽ റിസർവ് താരങ്ങൾക്ക് അവസരം ലഭിക്കും. കിരീടം നിലനിർത്താൻ നിലവിലെ ജേതാവും ലോക ഏഴാം നമ്പറുമായ അലക്സാണ്ടർ സെവർവ്വ് ഇറങ്ങുമ്പോൾ ലോക ഒന്നാം നമ്പർ അടക്കം നിർണയിക്കുന്ന പോരാട്ടം ആവും ലണ്ടനിൽ നടക്കുക.
ജർമ്മൻ താരമായ സെവർവ്വിനു പുറമെ സെർബിയൻ താരമായ നൊവാക് ജ്യോക്കോവിച്ച്, സ്പാനിഷ് താരമായ റാഫേൽ നദാൽ, സ്വിറ്റ്സർലൻഡിന്റെ റോജർ ഫെഡറർ, റഷ്യയുടെ ഡാനിൽ മെദ്വദേവ്, ഓസ്ട്രിയയുടെ ഡൊമനിക് തീം, ഗ്രീസിന്റെ സ്റ്റെഫാനോസ് സ്റ്റിസിപാസ്, ഇറ്റലിയുടെ മാറ്റിയോ ബരേറ്റിനി എന്നിവരാണ് ടൂർണമെന്റിൽ പങ്കെടുക്കുക. ലോക ഒന്നാം നമ്പറിനായുള്ള പോരാട്ടം ആവും നദാലും ജ്യോക്കോവിച്ചും തമ്മിൽ നടക്കുക. റിസർവിൽ സ്പാനിഷ് താരം റോബർട്ടോ ബാറ്റിസ്റ്റോ അഗൂറ്റ്, ഫ്രഞ്ച് താരം ഗെയിൽ മോൻഫിൽസ് എന്നിവരും ഉൾപ്പെടുന്നു. 2009 തിന് ശേഷം എ. ടി. പി ഫൈനൽസിൽ 23 വയസ്സിന് താഴെയുള്ള 4 താരങ്ങൾ അണിനിരക്കുന്നു എന്ന പ്രത്യേകതയും ഈ വർഷമുണ്ട്.