ഇതിഹാസതാരം ആന്റി മറെ ടെന്നീസിനോട് വിട പറഞ്ഞു

Wasim Akram

Picsart 24 08 02 14 51 41 230
Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്കുകളോടും തന്നെക്കാൾ പ്രതിഭകൾ ആയ ഒരേകാലത്ത് ജീവിച്ച 3 ഇതിഹാസ താരങ്ങളോടും നടത്തിയ നിരന്തര പോരാട്ടങ്ങൾക്ക് ഒടുവിൽ കെട്ടിപ്പൊക്കിയ മനോഹരമായ ടെന്നീസ് കരിയറിന് ശേഷം ബ്രിട്ടീഷ് താരം ആന്റി മറെ ടെന്നീസിൽ നിന്നു വിരമിച്ചു. ഒളിമ്പിക്സ് പുരുഷ ഡബിൾസ് ക്വാർട്ടർ ഫൈനലിൽ ആന്റി മറെ, ഡാൻ ഇവാൻസ് സഖ്യം അമേരിക്കൻ സഖ്യമായ ടോമി പോൾ, ടെയിലർ ഫ്രിറ്റ്‌സ് ടീമിനോട് ഇന്നലെ 6-2, 6-4 എന്ന സ്കോറിന് പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് നേരത്തെ തന്നെ ഒളിമ്പിക്സ് കഴിഞ്ഞാൽ വിരമിക്കും എന്നു പ്രഖ്യാപിച്ച 37 കാരനായ ഇതിഹാസ താരത്തിന്റെ കരിയറിന് തിരശീല വീണത്. ‘ടെന്നീസ് ഒരിക്കൽ ഇഷ്ടം പോലുമായിരുന്നില്ല’ എന്ന തമാശ സന്ദേശം സോഷ്യൽ മീഡിയയിൽ എഴുതിയാണ് മറെ തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്.

ആന്റി മറെ

ട്വിറ്ററിൽ ‘താൻ ടെന്നീസ് കളിച്ചിരുന്നു’ എന്ന നിലക്ക് താരം ബയോയിലും മാറ്റം വരുത്തി. ഫെഡറർ, നദാൽ, ജ്യോക്കോവിച് യുഗത്തിൽ കളിച്ചതിനാൽ കിരീടങ്ങൾ കുറവാണ് എങ്കിലും ടെന്നീസ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാൾ തന്നെയാണ് മറെ, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും മികച്ചത് എന്നും പറയാം. ചിലപ്പോൾ ലോക ടെന്നീസിലെ തന്നെ ഏറ്റവും മികച്ച റീട്ടേണുകൾ കൈവശം ഉള്ള മറെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാൾ ആണ്. 41 ആഴ്ച സിംഗിൾസിൽ ലോക ഒന്നാം നമ്പർ പദവിയിൽ ഇരുന്ന മറെ രണ്ടു വിംബിൾഡൺ കിരീടവും ഒരു യു.എസ് ഓപ്പൺ കിരീടവും നേടിയിട്ടുണ്ട്. 5 തവണ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ തോറ്റ മറെ 8 തവണ ഗ്രാന്റ് സ്ലാം ഫൈനലുകളിൽ രണ്ടാം സ്ഥാനക്കാരൻ ആയിട്ടുണ്ട്‌.

ആന്റി മറെ

2012 ൽ ലണ്ടൻ ഒളിമ്പിക്സിലും 2016 റിയോ ഒളിമ്പിക്സിലും ബ്രിട്ടന് സ്വർണ മെഡൽ നേടി നൽകിയ മറെ 2012 ൽ മിക്‌സഡ് ഡബിൾസിൽ വെള്ളിയും നേടി. 2016 ൽ എ.ടി.പി ടൂർ കിരീടം നേടിയ മറെ 2015 ൽ ബ്രിട്ടന് ഡേവിസ് കപ്പ് കിരീടം നേടി നൽകുന്നതിനും നിർണായക പങ്ക് വഹിച്ചു. ഏതാണ്ട് 1000 അടുത്തു മത്സരങ്ങളിൽ കളിച്ച മറെ കരിയറിൽ 46 കിരീടങ്ങൾ ആണ് നേടിയത്. ഓപ്പൺ യുഗത്തിൽ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയവരിൽ 15 സ്ഥാനം ആണ് മറെക്ക് ഉള്ളത്. അമ്മ ജൂഡി മറെയുടെ പരിശീലനത്തിന് കീഴിൽ സഹോദരൻ ജെയ്മി മറെക്ക് ഒപ്പം ടെന്നീസ് കളിച്ചു പഠിച്ച മറെ ലോകത്തിലെ ഏറ്റവും മികച്ച ടെന്നീസ് താരമായി തന്നെയാണ് വളർന്നത്. 2013 ൽ 1936 നു ശേഷം വിംബിൾഡൺ കിരീടം നേടുന്ന ആദ്യ ബ്രിട്ടീഷ് പുരുഷതാരമായ മറെ കളത്തിനു പുറത്ത് തന്റെ രാഷ്ട്രീയ, സാമൂഹിക ഇടപെടലുകൾ കൊണ്ടും എന്നും ശ്രദ്ധേയമായ ആളാണ്. സമാന വേതനത്തിനു ആയി ഏറ്റവും കൂടുതൽ ശബ്ദം ഉയർത്തിയ മറെ ടെന്നീസിലെ ഏറ്റവും മാന്യമായ താരങ്ങളിൽ ഒരാൾ ആയിട്ട് കൂടിയാണ് അറിയപ്പെടുന്നത്.