തിരിച്ചു വരവിലെ രണ്ടാം മത്സരത്തിൽ തോൽവി വഴങ്ങി ഫെഡറർ ദോഹ ഓപ്പണിൽ നിന്നു പുറത്ത്

Wasim Akram

നീണ്ട കാലത്തെ പരിക്കിൽ നിന്നുള്ള തിരിച്ചു വരവിനു ശേഷമുള്ള രണ്ടാം മത്സരത്തിൽ തോൽവി വഴങ്ങി ഇതിഹാസ താരം റോജർ ഫെഡറർ. ദോഹ ഓപ്പണിൽ രണ്ടാം സീഡ് ആയ ഫെഡറർ നിക്കോളാസ് ബാസിലിച്ചിവിയോട് മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് തോൽവി വഴങ്ങിയത്. 12 ഏസുകൾ ഇരു താരങ്ങളും ഉതിർത്ത മത്സരത്തിൽ ആദ്യ സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ ഫെഡറർ സെറ്റ് 6-3 നു നേടി മത്സരത്തിൽ മുന്നിലെത്തി. എന്നാൽ രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചു വന്നു നിക്കോളാസ്. രണ്ടാം സെറ്റിൽ ഫെഡറർക്ക് വലിയ അവസരങ്ങൾ ലഭിക്കാത്തപ്പോൾ 2 തവണ ബ്രൈക്ക് വഴങ്ങിയ ഫെഡറർ 6-1 സെറ്റ് വഴങ്ങി.

മൂന്നാം സെറ്റിൽ കടുത്ത പോരാട്ടം ആണ് കാണാൻ ആയത്. ഇരു താരങ്ങളും നന്നായി പൊരുതിയപ്പോൾ എതിരാളിയുടെ സർവീസിൽ ഫെഡറർ മാച്ച് പോയിന്റ് സൃഷ്ടിച്ചു. എന്നാൽ ഇത് മുതലാക്കാൻ സ്വിസ് താരത്തിന് ആവാതിരുന്നപ്പോൾ തൊട്ടടുത്ത ഫെഡററിന്റെ സർവീസിൽ നിക്കോളാസ് മാച്ച് പോയിന്റുകൾ സൃഷ്ടിച്ചു. രണ്ടു മാച്ച് പോയിന്റുകൾ രക്ഷിക്കാൻ ആയെങ്കിലും സെറ്റ് 7-5 നു കൈവിട്ട ഫെഡറർ മത്സരം അടിയറവ് പറഞ്ഞു. തിരിച്ചു വരവിൽ രണ്ടു കടുത്ത പോരാട്ടങ്ങൾ ആണ് തുടർച്ചയായി ഫെഡററിന് നേരിടേണ്ടി വന്നത്. സമയമെടുത്ത് തന്റെ പൂർണ മികവിലേക്ക് ഉയരാൻ ആവും ഫെഡറർ ശ്രമിക്കുക. ദുബായ് മാസ്റ്റേഴ്സിൽ കളിക്കാൻ ആണ് ഫെഡറർ അടുത്ത് ലക്ഷ്യമിടുന്നത്.