വനിത ഐപിഎൽ ടീമുകളായി!!! ആരെല്ലാമെന്ന് അറിയാം

ബിസിസിഐയുടെ വനിത ഐപിഎലിന്റെ ഫ്രാഞ്ചൈസികളുടെ ലേലം പൂര്‍ത്തിയായി. 4669.99 കോടി രൂപയാണ് അഞ്ച് ഫ്രാഞ്ചൈസികള്‍ക്കുമായി ബിസിസിഐയ്ക്ക് ലഭിച്ചിരിക്കുന്നത്.

അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, ലക്നൗ, ഡൽഹി എന്നിവരാണ് ഫ്രാഞ്ചൈസികളുടെ ആസ്ഥാനം. 1289 കോടി രൂപയ്ക്ക് അദാനി സ്പോര്‍ട്സ് ലൈന്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് അഹമ്മദാബാദ് ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

912.99 കോടി രൂപയ്ക്ക് ഇന്‍ഡ്യവിന്‍ സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റിഡ് മുംബൈ ഫ്രാഞ്ചൈസിയെ സ്വന്തമാക്കിയപ്പോള്‍ 901 കോടി രൂപയ്ക്ക് റോയൽ ചലഞ്ചേഴ്സ് സ്പോര്‍ട്സ് പ്രൈവറ്റ് ലിമിറ്റഡ് ബെംഗളൂരുവിനെ സ്വന്തമാക്കി.

810 കോടി രൂപയ്ക്ക് ജെഎസ്ഡബ്ല്യു ജിഎംആര്‍ ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡ് ഡൽഹി ഫ്രാഞ്ചൈസിയെയും കാപ്രി ഗ്ലോബൽ ഹോള്‍ഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡ് ലക്നൗവ് ഫ്രാഞ്ചൈസിയെ 757 കോടി രൂപയ്ക്കും സ്വന്തമാക്കി.

വനിത ഐപിഎൽ ഫ്രാഞ്ചൈസിയ്ക്കായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളും

വനിത ഐപിഎൽ ഫ്രാഞ്ചൈസിയിൽ താല്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഉടമകളായ ഗ്ലേസേഴ്സ് കുടുംബം. ഐഎൽടി20 ദുബായിയിൽ ഡെസേര്‍ട് വൈപ്പേഴ്സിന്റെ ഉടമകള്‍ കൂടിയാണ് ഗ്ലേസേഴ്സ് കുടുംബം.

ഐഎൽടി20യിൽ പങ്കാളിത്തം ഉറപ്പാക്കിയതോടെ ക്രിക്കറ്റിലെ മറ്റ് സാധ്യതകളും നോക്കുന്നുണ്ട് അതിൽ വനിത ഐപിഎലും ഉള്‍പ്പെടുന്നുവെന്നാണ് ഡെസേര്‍ട് വൈപ്പേഴ്സിന്റെ സിഇഒ ആയ ഫിൽ ഒളിവര്‍ വ്യക്തമാക്കിയത്.

എന്നാൽ ഇതിനുള്ള ടെണ്ടര്‍ വാങ്ങിയോ എന്നത് വ്യക്തമാക്കുവാന്‍ അദ്ദേഹം തുനിഞ്ഞില്ല. ആ വിശദാംശങ്ങള്‍ തനിക്കിപ്പോള്‍ പുറത്ത് വിടാനാകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.

വനിത ഐപിഎൽ രജിസ്ട്രേഷനുള്ള അവസാന തീയ്യതി ജനുവരി 26ന്

വനിത ഐപിഎലിനുള്ള താരങ്ങളുടെ രജിസ്ട്രേഷനുള്ള അന്തിമ തീയ്യതി പ്രഖ്യാപിച്ച് ബിസിസിഐ. ഫെബ്രുവരിയിൽ നടക്കുന്ന താര ലേലത്തിലൂടയാവും ടീമുകള്‍ തിരഞ്ഞെടുക്കുക. ഇതിനായുള്ള താരങ്ങളുടെ രജിസ്ട്രേഷന്‍ ജനുവരി 26ന് 5 മണിയ്ക്കുള്ളിൽ ചെയ്യേണ്ടതുണ്ട്.

50 ലക്ഷം, 40 ലക്ഷം, 30 ലക്ഷം എന്നിങ്ങനെയാവും അന്താരാഷ്ട്ര താരങ്ങളുടെ ലേലത്തിന്റെ ആരംഭ തുകയെന്നാണ് അറിയുന്നത്. അൺക്യാപ്ഡ് താരങ്ങളെ 20 ലക്ഷവും 10 ലക്ഷവും ആയി ക്രമീകരിച്ചിരിക്കുകയാണ്.

വനിതാ ഐ പി എൽ, ബി സി സി ഐ അനുമതി ലഭിച്ചു

വനിതാ ഐ പി എൽ നടത്താൻ ബി സി സി ഐ തീരുമാനിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച മുംബൈയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ ആണ് ബിസിസിഐ വനിതാ ഇന്ത്യൻ പ്രീമിയർ ലീഗ് നേടുന്നതിന് അനുമതി നൽകിയത്. സൗരവ് ഗാംഗുലിയുടെ പിൻഗാമിയയി പുതിയ പ്രസിഡന്റിനെ നിയമിച്ച അതേ ചടങ്ങിൽ ആണ് വനിതാ ഐ പി എല്ലിനും അനുമതി ലഭിച്ചത്.

എന്നാകും ഈ ടൂർണമെന്റ് നടക്കുക എന്ന് വ്യക്തമല്ല. അടുത്ത വർഷം മാർച്ചിൽ വനിതാ ഐപിഎല്ലിന്റെ ആദ്യ സീസൺ നടത്താൻ ആണ് ബി സി സി ഐ ആലോചിക്കുന്നത്. അഞ്ച് ടീമുകളുടെ സീസൺ ആയിരിക്കും നടക്കുക.

വനിത ഐപിഎലിന് 5 ടീമുകള്‍ പരിഗണനയിൽ രണ്ട് വേദികള്‍, കൊച്ചിയും പരിഗണനയിൽ

ബിസിസിഐയുടെ ഉദ്ഘാടന വനിത സീസണിൽ അഞ്ച് ടീമുകളെ ഉള്‍പ്പെടുത്തുവാന്‍ പരിഗണനയെന്ന് സൂചന. രണ്ട് വേദികളിലായി 20 ലീഗ് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ഫോര്‍മാറ്റിനായാണ് ബിസിസിഐ ഉറ്റുനോക്കുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം.

മാര്‍ച്ച് 2023ൽ നടത്തുവാനാണ് ഇപ്പോള്‍ തീരുമാനം. വനിത ടി20 ലോകപ്പിന് ശേഷം ഐപിഎലിന് മുമ്പായി ആണ് ഈ വനിത ഐപിഎൽ ജാലകം.

നാല് വിദേശ താരങ്ങളെ ഇലവനിൽ ഉള്‍പ്പെടുത്താം കൂടാതെ അസോസ്സിയേറ്റ് രാജ്യത്ത് നിന്ന് ഒരു താരത്തെയും ഉള്‍പ്പെടുത്തുവാന്‍ ഫ്രാഞ്ചൈസികള്‍ക്ക് അനുവാദം ഉണ്ടാകുമെന്നാണ് അറിയുന്നത്.

സോണുകള്‍ തിരിച്ചാണ് ഫ്രാഞ്ചൈസികളെ നൽകുകയെന്നാണ് അറിയുന്നത്. തെക്കിൽ വിസാഗും കൊച്ചിയും ആണ് പരിഗണനയിൽ. വടക്ക് ധരംശാലയും ജമ്മുവും സെന്‍ട്രൽ സോണിൽ ഇന്‍ഡോര്‍, നാഗ്പൂര്‍, റായ്പൂര്‍ എന്നിവടങ്ങളിലാണ് ഫ്രാഞ്ചൈസി ലക്ഷ്യം ഇടുന്നത്.
നോര്‍ത്തീസ്റ്റിൽ ഗുവഹാത്തിയും ഈസ്റ്റിൽ റാഞ്ചിയും കട്ടക്കും പരിഗണനയിലുണ്ട്. വെസ്റ്റിൽ പൂനെയും രാജ്കോട്ടുമാണ് പ്രധാനികള്‍.

ഇതല്ലാതെ രണ്ടാമത്തെ രീതിയിൽ നിലവിൽ ഐപിഎൽ ഉള്ള അഹമ്മദാബാദ്, ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നിവിടങ്ങളിൽ ഫ്രാഞ്ചൈസി അനുവദിക്കുന്നതും പരിഗണനയിലാണ്.

വനിത ഐപിഎല്‍ തുടങ്ങണം, അഞ്ചോ ആറോ ടീം വെച്ചുള്ള തുടക്കം അനുയോജ്യം

ബിഗ് ബാഷിലെ വനിത ലീഗ് പോലെ ഇന്ത്യന്‍ ക്രിക്കറ്റിലും വനിത ലീഗ് വേണമെന്ന ആവശ്യം കുറച്ച് നാളായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഇന്ത്യയുടെ വനിത ഓപ്പണര്‍ സ്മൃതി മന്ഥാനയും ഈ ആവശ്യവുമായി രംഗത്ത് എത്തിയിട്ടുണ്ട്. ഐപിഎലിന് സമാനമായി ഒരു വനിത ടി20 ലീഗും തുടങ്ങണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത് ഇന്ത്യന്‍ ടീമിലേക്ക് കഴിവുള്ള താരങ്ങളെ കണ്ടെത്തുവാന്‍ മികച്ച അവസരം കൂടിയാവുമന്നും താരം വ്യക്തമാക്കി. ബിസിസിഐ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിഗ് ബാഷ് വനിത ലീഗിന്റെ മാതൃകയില്‍ ഐപിഎലിനിടെ ഒരു പ്രദര്‍ശന മത്സരം വനിതകള്‍ക്കായി നടത്തിയിരുന്നു.

അത് മികച്ചൊരു സംഭവമായിരുന്നുവെന്ന് താരം വ്യക്തമാക്കി. അന്ന് ബിസിസിഐ മൂന്ന് ടീമുകള്‍ വെച്ച് നടത്തിയ ടൂര്‍ണ്ണമെന്റ് ഈ വര്‍ഷം നാല് ടീമായി ഉയര്‍ത്തുമെന്നാണ് കരുതിയതെങ്കിലും അത് കൊറോണ കാരണം നടന്നില്ലെന്ന് താരം പറഞ്ഞു. ഇന്ത്യയില്‍ വനിത ക്രിക്കറ്റ് വലിയ രീതിയില്‍ വളരുകയാണെന്നും അഞ്ചോ ആറോ ടീമോ ഉള്‍പ്പെടുന്ന ഒരു ഐപിഎല്‍ മാതൃകയിലുള്ള ടൂര്‍ണ്ണമെന്റ് ഗുണകരമാകുമെന്ന് താരം വെളിപ്പെടുത്തി.

Exit mobile version