വിംബിൾഡൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഇഗ സ്വിറ്റെക്

ആധികാരിക ജയത്തോടെ വിംബിൾഡൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി മുൻ ലോക ഒന്നാം നമ്പർ താരവും എട്ടാം സീഡും ആയ ഇഗ സ്വിറ്റെക്. സീഡ് ചെയ്യാത്ത റഷ്യൻ താരം പൊളീന്യോയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇഗ തോൽപ്പിച്ചത്. മൂന്നു തവണ എതിരാളിയുടെ സർവീസ് ഭേദിച്ച ഇഗ ഒരു തവണ പോലും സർവീസ് ബ്രേക്ക് വഴങ്ങിയില്ല. 7-6, 6-1 എന്ന സ്കോറിന് ആയിരുന്നു പോളണ്ട് താരത്തിന്റെ ജയം.

അതേസമയം വനിത സിംഗിൾസിൽ സീഡ് ചെയ്യാത്ത ചെക് താരം കാതറീന സിനികോവയോട് 7-5, 4-6, 6-1 എന്ന സ്കോറിനോട് തോറ്റു അഞ്ചാം സീഡ് ചൈനീസ് താരം ഷെങും വിംബിൾഡൺ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. നിലവിൽ വിംബിൾഡണിൽ അട്ടിമറികൾ തുടരുകയാണ്. മൂന്നാം സീഡ് ജെസിക്ക പെഗുലയും ആദ്യ റൗണ്ടിൽ തന്നെ പുറത്തായിരുന്നു.

അതിഗംഭീരം, യാനിക് സിന്നർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ

ആദ്യ റൗണ്ടിൽ അനായാസ ജയവുമായി ഇറ്റലിയുടെ ലോക ഒന്നാം നമ്പർ യാനിക് സിന്നർ വിംബിൾഡൺ രണ്ടാം റൗണ്ടിൽ. നാട്ടുകാരനായ സീഡ് ചെയ്യാത്ത ലൂക്ക നാർഡിയെ 6-4, 6-3, 6-0 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സിന്നർ തകർത്തത്. മത്സരത്തിൽ അതിഗംഭീര പ്രകടനം പുറത്തെടുത്ത സിന്നർ 5 തവണയാണ് എതിരാളിയുടെ സർവീസ് ബ്രേക്ക് ചെയ്തത്. 9 ഏസുകളും ഇറ്റാലിയൻ താരം മത്സരത്തിൽ ഉതിർത്തു.

യാനിക് സിന്നർ

അതേസമയം ഏഴാം സീഡ് ആയ ഇറ്റാലിയൻ താരം ലോറൻസോ മുസെറ്റി സീഡ് ചെയ്യാത്ത ജോർജിയൻ നിക്കോളാസ് ബാഷിലാശ്ലിയോട് നാലു സെറ്റ് പോരാട്ടത്തിൽ പരാജയപ്പെട്ടു ആദ്യ റൗണ്ടിൽ പുറത്തായി. 6-2, 4-6, 7-5, 6-1 എന്ന സ്കോറിന് ആണ് മുസെറ്റി പരാജയപ്പെട്ടത്. പുരുഷ സിംഗിൾസിൽ ഇത് വരെയുള്ള വലിയ അട്ടിമറിയാണ് ഇത്.

വിംബിൾഡൺ ആദ്യ റൗണ്ടിൽ വമ്പൻ അട്ടിമറി

വിംബിൾഡൺ വനിത സിംഗിൾസ് ആദ്യ റൗണ്ടിൽ വമ്പൻ അട്ടിമറി. മൂന്നാം സീഡ് അമേരിക്കൻ താരം ജെസിക്ക പെഗുല 116 റാങ്കുകാരിയായ ഇറ്റാലിയൻ താരം എലിസബറ്റ കൊകിയരറ്റയോട് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെട്ടു. ഒരു നിലക്കും പൊരുതാൻ ആവാത്ത അമേരിക്കൻ താരം 6-2, 6-3 എന്ന സ്കോറിന്റെ നാണംകെട്ട പരാജയം ആണ് ഏറ്റുവാങ്ങിയത്.

മത്സരത്തിൽ നാലു തവണ ബ്രേക്ക് വഴങ്ങിയ ജെസിക്കക്ക് ഒരു തവണ പോലും എതിരാളിയെ ബ്രേക്ക് ചെയ്യാൻ ആയില്ല. അതേസമയം പുരുഷ സിംഗിൾസിൽ 11 സീഡ് കനേഡിയൻ താരം അലക്‌സ് ഡി മിനോർ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. സീഡ് ചെയ്യാത്ത സ്പാനിഷ് താരം റോബർട്ടോ ബയെനയെ 6-2, 6-2, 7-6 ന്റെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് കനേഡിയൻ താരം മറികടന്നത്.

കടുത്ത പോരാട്ടവും ചൂടും അതിജീവിച്ചു അൽകാരാസ് വിംബിൾഡൺ രണ്ടാം റൗണ്ടിൽ

വിംബിൾഡൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി രണ്ടാം സീഡും 2 തവണ ജേതാവും ആയ സ്പാനിഷ് താരം കാർലോസ് അൽകാരാസ്. ആദ്യ റൗണ്ടിൽ ഈ വർഷം വിരമിക്കുന്ന 38 കാരനായ ഫാബിയോ ഫോഗ്നിയിൽ നിന്നു കടുത്ത പോരാട്ടം ആണ് അൽകാരാസ് നേരിട്ടത്. വിംബിൾഡൺ ചരിത്രത്തിലെ ഏറ്റവും ചൂട് കൂടിയ ദിനത്തിൽ 5 സെറ്റ് പോരാട്ടത്തിന് ഒടുവിൽ ആണ് ഇറ്റാലിയൻ താരത്തെ അൽകാരാസിന് വീഴ്ത്താൻ ആയത്. ആദ്യ സെറ്റ് 7-5 നേടിയ അൽകാരാസിന് എതിരെ രണ്ടാം സെറ്റ് ഫോഗ്നി ടൈബ്രേക്കറിൽ സ്വന്തമാക്കി.

തുടർന്ന് 7-5 എന്ന സ്കോറിന് മൂന്നാം സെറ്റ് അൽകാരാസ് നേടിയപ്പോൾ നാലാം സെറ്റ് 6-2 നു നേടി ഫോഗ്നി തന്റെ പരിചയസമ്പത്തും പോരാട്ടവീര്യവും ആരാധകർക്ക് ഒരിക്കൽ കൂടി കാണിച്ചു കൊടുത്തു. എന്നാൽ നിർണായകമായ അഞ്ചാം സെറ്റ് 6-1 നേടിയ അൽകാരാസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറുക ആയിരുന്നു. 5 തവണ സർവീസ് ബ്രേക്ക് വഴങ്ങിയ അൽകാരാസ് 7 തവണ എതിരാളിയുടെ സർവീസ് ഭേദിച്ചു. തന്റെ 18 മത്തെ ഗ്രാന്റ് സ്ലാമിലും ആദ്യ റൗണ്ടിൽ പുറത്തായില്ല എന്ന റെക്കോർഡ് തുടരാൻ ഈ ജയത്തോടെ കാർലോസ് അൽകാരാസിന് ആയി.

അനായാസ ജയവുമായി സബലങ്ക വിംബിൾഡൺ രണ്ടാം റൗണ്ടിൽ

അനായാസ ജയം കുറിച്ച് വിംബിൾഡൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ലോക ഒന്നാം നമ്പർ താരവും ഒന്നാം സീഡും ആയ ആര്യാന സബലങ്ക. സീഡ് ചെയ്യാത്ത കനേഡിയൻ താരം കാർസൻ ബ്രാൻസ്റ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സബലങ്ക തോൽപ്പിച്ചത്. ആദ്യ സെറ്റിൽ 6-1 ന്റെ അനായാസ ജയം താരം നേടി.

തുടർന്ന് രണ്ടാം സെറ്റിൽ കുറച്ചു വെല്ലുവിളി കനേഡിയൻ താരം ഉയർത്തിയെങ്കിലും 7-5 നു സെറ്റ് നേടിയ സബലങ്ക രണ്ടാം റൗണ്ട് ഉറപ്പിച്ചു. ഹംഗേറിയൻ താരം അന്നയെ 6-3, 6-1 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്നു പതിനാലാം സീഡ് എലീന സിറ്റോലീനയും വിംബിൾഡൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

വിംബിൾഡൺ ആദ്യ റൗണ്ടിൽ വീണു മെദ്വദേവും സിറ്റിപാസും

വിംബിൾഡൺ ആദ്യ ദിനത്തിൽ തന്നെ വമ്പൻ അട്ടിമറികൾ. സീസണിൽ മോശം ഫോമിലുള്ള റഷ്യൻ താരവും ഒമ്പതാം സീഡും ആയ ഡാനിൽ മെദ്വദേവ് സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം ബെഞ്ചമിൻ ബോൻസിയോട് നാലു സെറ്റ് നീണ്ട മത്സരത്തിൽ തോറ്റു പുറത്തായി. 2 സെറ്റുകളിൽ ടൈബ്രേക്ക് കണ്ട മത്സരത്തിൽ 7-6, 3-6, 7-6, 6-2 എന്ന സ്കോറിന് ആണ് മുൻ ഗ്രാന്റ് സ്ലാം ജേതാവ് മത്സരം തോറ്റത്. 14 ഏസുകൾ ഉതിർത്ത താരം പക്ഷെ 12 ഇരട്ട സർവീസ് പിഴകൾ ആണ് വരുത്തിയത്.

കടുത്ത നിരാശ മത്സരത്തിന് ശേഷം താരത്തിന്റെ മുഖത്തിൽ കാണാൻ ഉണ്ടായിരുന്നു. അതേസമയം പരിക്കിൽ നിന്നു തിരിച്ചു വന്ന 24 സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസും ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു പുറത്തായി. സീഡ് ചെയ്യാത്ത ഫ്രഞ്ച് താരം വലന്റിൻ റോയറിനോട് 6-3, 6-2 എന്ന സ്കോറിന് പിറകിൽ നിന്ന സിറ്റിപാസ് പരിക്ക് കാരണം മത്സരത്തിൽ നിന്നു പിന്മാറുക ആയിരുന്നു.

ഹ്യൂബർട്ട് ഹുർകാച്ചിന് പരിക്ക്: വിംബിൾഡണിൽ നിന്ന് പിന്മാറി


പോളിഷ് ടെന്നീസ് താരം ഹ്യൂബർട്ട് ഹുർകാച്ച് വിംബിൾഡൺ 2025-ൽ നിന്ന് ഔദ്യോഗികമായി പിന്മാറി. ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള സുഖം പ്രാപിക്കുന്നതിലെ പ്രശ്നങ്ങളാണ് താരത്തെ ഈ തീരുമാനത്തിലെത്തിച്ചത്. വെള്ളിയാഴ്ചയാണ് മുൻ ലോക ആറാം നമ്പർ താരം ഈ പ്രഖ്യാപനം നടത്തിയത്.

പുൽമൈതാനത്ത് നടക്കുന്ന ഈ പ്രധാന ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾക്കിടെ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടെന്നും, അതിനാൽ തന്റെ ശരീരത്തിന് “വിശ്രമവും ചികിത്സയും” ആവശ്യമാണെന്നും ഹുർകാച്ച് അറിയിച്ചു.


ജൂൺ മാസത്തിന്റെ തുടക്കത്തിൽ ലിബെമ ഓപ്പണിൽ നിന്ന് പിന്മാറിയതിന് ശേഷം ഹുർകാച്ച് മത്സരങ്ങളിൽ പങ്കെടുത്തിട്ടില്ലായിരുന്നു. ലിബെമ ഓപ്പണിൽ തന്റെ ആദ്യ റൗണ്ട് മത്സരത്തിനിടെ അദ്ദേഹത്തിന് രണ്ട് തവണ മെഡിക്കൽ ടൈംഔട്ട് എടുക്കേണ്ടി വരികയും പിന്നീട് പിന്മാറുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം വിംബിൾഡണിൽ രണ്ടാം റൗണ്ടിൽ നിന്ന് വിരമിച്ചതിന് ശേഷം വലത് കാൽമുട്ടിന് മെനിസ്കസ് ശസ്ത്രക്രിയ വേണ്ടിവന്നതിന് പിന്നാലെയാണ് ഈ പുതിയ തിരിച്ചടി. ഈ പരിക്ക് കാരണം ടോക്കിയോ ഒളിമ്പിക്സിലും അദ്ദേഹത്തിന് പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല.


വിംബിൾഡൺ തിങ്കളാഴ്ച ആരംഭിക്കാനിരിക്കെ, ആദ്യ റൗണ്ടിൽ ബ്രിട്ടീഷ് വൈൽഡ്കാർഡ് താരം ബില്ലി ഹാരിസിനെയാണ് ഹുർകാച്ച് നേരിടേണ്ടിയിരുന്നത്. ഹുർകാച്ചിന്റെ പിന്മാറ്റത്തോടെ, ഒരു ലക്കി ലൂസറിന് നറുക്കെടുപ്പിൽ അദ്ദേഹത്തിന്റെ സ്ഥാനം ലഭിക്കും.

വിംബിൾഡൺ 2025 ഡ്രോ കഴിഞ്ഞു: ആവേശകരമായ മത്സരങ്ങൾ മുന്നിൽ


വിംബിൾഡൺ 2025-ന് കളമൊരുങ്ങി. നിലവിലെ ചാമ്പ്യൻ കാർലോസ് അൽകാരാസ്, ടോപ് സീഡ് ജാനിക് സിന്നർ, ഏഴ് തവണ ചാമ്പ്യനായ നോവാക് ജോക്കോവിച്ച് എന്നിവർ ഉൾപ്പെട്ട ഡ്രോ വാശിയേറിയ മത്സരങ്ങൾ നിറഞ്ഞതാണ്. ഫാബിയോ ഫോഗ്നിനിക്കെതിരെയാണ് അൽകാരാസ് തന്റെ തുടക്കം കുറിക്കുന്നത്.

അതേസമയം, ഫിറ്റ്നസ് ആശങ്കൾക്കിടയിൽ തിരിച്ചെത്തുന്ന ജോക്കോവിച്ച്, ആദ്യ റൗണ്ടിൽ അലക്സാണ്ടർ മുള്ളറെ നേരിടും.
ജോക്കോവിച്ചും സിന്നറും ഒരേ പകുതിയിലാണ് വന്നിരിക്കുന്നത്, ഇത് അവർ തമ്മിൽ ഒരു ആവേശകരമായ സെമിഫൈനലിന് സാധ്യതയൊരുക്കുന്നു.

അതേസമയം, പ്രൊജക്റ്റഡ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ബ്ലോക്ക്ബസ്റ്റർ പോരാട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു: സിന്നർ vs മുസെറ്റി, ഡ്രേപ്പർ vs ജോക്കോവിച്ച്, ഫ്രിറ്റ്സ് vs സ്വെരേവ്, റൂൺ vs അൽകാരാസ് എന്നിവർ ക്വാർട്ടറിൽ ഏറ്റുമുട്ടിയേക്കാം. പുൽ മൈതാനത്തിലെ തന്റെ ആധിപത്യം ഉറപ്പിക്കാൻ അൽകാരാസ് ശ്രമിക്കുമ്പോൾ, ഫ്രഞ്ച് ഓപ്പണിലെ തോൽവിക്ക് പ്രായശ്ചിത്തം ചെയ്യാൻ സിന്നർ ലക്ഷ്യമിടുന്നു.

റെക്കോർഡ് വർദ്ധിപ്പിച്ച് 25-ാം ഗ്രാൻഡ്സ്ലാം കിരീടം നേടാൻ ജോക്കോവിച്ച് ഇറങ്ങുമ്പോൾ, ഈ ചാമ്പ്യൻഷിപ്പ് ആവേശകരമായ രണ്ടാഴ്ച സമ്മാനിക്കും.
ജൂലൈ 1-ന് ആണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

വിംബിൾഡൺ: സുമിത് നാഗൽ യോഗ്യതാ റൗണ്ടിൽ പുറത്ത്, ഇന്ത്യൻ സിംഗിൾസ് പ്രതീക്ഷകൾ അവസാനിച്ചു


വിംബിൾഡൺ 2025 യോഗ്യതാ റൗണ്ടിന്റെ ആദ്യ ഘട്ടത്തിൽ ഇന്ത്യയുടെ സുമിത് നാഗൽ പുറത്തായി. ഇറ്റലിയുടെ ജൂലിയോ സെപ്പിയറിയോട് മൂന്ന് സെറ്റുകൾക്ക് പരാജയപ്പെട്ടതോടെയാണ് നാഗലിന്റെ വിംബിൾഡൺ സ്വപ്നങ്ങൾ അവസാനിച്ചത്. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ലോക 300-ാം നമ്പർ താരമായ നാഗൽ, ലോക 368-ാം നമ്പർ താരമായ സെപ്പിയറിയോട് 2-6, 6-4, 2-6 എന്ന സ്കോറിനാണ് തോറ്റത്. ഇതോടെ ഈ വർഷത്തെ വിംബിൾഡണിലെ ഇന്ത്യയുടെ സിംഗിൾസ് കാമ്പയിൻ ആദ്യ ദിവസം തന്നെ അവസാനിച്ചു.


മുട്ടിലെ പരിക്ക്: കാസ്പർ റൂഡ് വിംബിൾഡൺ 2025-ൽ നിന്ന് പിന്മാറി


നോർവീജിയൻ ടെന്നീസ് താരം കാസ്പർ റൂഡ് വിംബിൾഡൺ 2025-ൽ നിന്ന് ഔദ്യോഗികമായി പിന്മാറി. നിലവിലുള്ള കാൽമുട്ടിലെ പരിക്ക് കാരണമാണ് പിന്മാറ്റം എന്ന് അദ്ദേഹത്തിന്റെ മാനേജ്മെന്റ് ശനിയാഴ്ച സ്ഥിരീകരിച്ചു.
നിലവിലെ ലോക റാങ്കിംഗിൽ 16-ാം സ്ഥാനത്തുള്ളതും രണ്ട് തവണ ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റുമായ റൂഡ്, കഴിഞ്ഞ മാസം നടന്ന റോളണ്ട് ഗാരോസിലെ രണ്ടാം റൗണ്ടിൽ പോർച്ചുഗലിന്റെ നുനോ ബോർജസിനോട് അപ്രതീക്ഷിത തോൽവി വഴങ്ങിയതിന് ശേഷം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു.


പ്രധാന ഗ്രാസ്കോർട്ട് പരിശീലന ടൂർണമെന്റായ മല്ലോർക്ക ചാമ്പ്യൻഷിപ്പിൽ നിന്നും റൂഡ് പിന്മാറിയിരുന്നു. ജൂലൈ 14-ന് ആരംഭിക്കുന്ന സ്വിസ് ഓപ്പണിൽ ഗ്സ്റ്റാഡിൽ തിരിച്ചുവരാനാണ് അദ്ദേഹം ഇപ്പോൾ ലക്ഷ്യമിടുന്നത്. വിംബിൾഡൺ ജൂൺ 30-നാണ് ആരംഭിക്കുന്നത്.

വിംബിൾഡൺ 2025: സമ്മാനത്തുക വർദ്ധിപ്പിച്ചു, സിംഗിൾസ് ചാമ്പ്യൻമാർക്ക് 3 മില്യൺ പൗണ്ട് വീതം



ലണ്ടൻ, 2025 ജൂൺ 12: 2025-ലെ വിംബിൾഡൺ ചാമ്പ്യൻഷിപ്പിനായുള്ള സമ്മാനത്തുകയിൽ ഗണ്യമായ വർദ്ധനവ് പ്രഖ്യാപിച്ചു. മൊത്തം സമ്മാനത്തുക 53.5 ദശലക്ഷം പൗണ്ടായി (ഏകദേശം 72.59 ദശലക്ഷം ഡോളർ) ഉയർത്തി. കഴിഞ്ഞ വർഷത്തേക്കാൾ 7% വർദ്ധനവും ഒരു പതിറ്റാണ്ട് മുമ്പുള്ളതിനേക്കാൾ ഏകദേശം ഇരട്ടിയുമാണ് ഇത്.


ഈ വർഷം സിംഗിൾസ് ചാമ്പ്യൻമാർക്ക് ഓരോരുത്തർക്കും 3 ദശലക്ഷം പൗണ്ട് വീതം ലഭിക്കും. ഇത് 2024-ൽ കാർലോസ് അൽകാരാസിനും ബാർബോറ ക്രെജ്‌ചിക്കോവയ്ക്കും ലഭിച്ചതിനേക്കാൾ 11.1% കൂടുതലാണ്.


സിംഗിൾസ് മത്സരങ്ങളുടെ ആദ്യ റൗണ്ടിൽ പുറത്താകുന്ന കളിക്കാർക്കും സമ്മാനത്തുകയുടെ വർദ്ധനവ് പ്രയോജനകരമാകും. അവരുടെ സമ്മാനത്തുക 66,000 പൗണ്ടായി ഉയർത്തി, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 10% കൂടുതലാണ്.


ഓൾ ഇംഗ്ലണ്ട് ലോൺ ടെന്നീസ് ക്ലബ്ബ് (AELTC) അറിയിച്ചതനുസരിച്ച്, ടൂർണമെന്റിന്റെ എല്ലാ ഘട്ടങ്ങളിലുമുള്ള കളിക്കാരെ പിന്തുണയ്ക്കുന്നതിനും ലോക ടെന്നീസിലെ ഏറ്റവും അഭിമാനകരവും പ്രതിഫലദായകവുമായ മത്സരങ്ങളിൽ ഒന്നായി വിംബിൾഡണിന്റെ സ്ഥാനം നിലനിർത്തുന്നതിനുള്ള അവരുടെ നിലവിലുള്ള പ്രതിബദ്ധതയാണ് ഈ സമ്മാനത്തുക വർദ്ധനവ് പ്രതിഫലിപ്പിക്കുന്നത്.

ഫ്രഞ്ച് ഓപ്പൺ വിംബിൾഡൺ കിരീടങ്ങൾ ഒരു സീസണിൽ നേടി ചരിത്രം എഴുതി അൽകാരസ്

ടെന്നീസിൽ ഏറ്റവും കഠിനം എന്നറിയപ്പെടുന്ന ഒന്നാണ് ഒരു സീസണിൽ രണ്ടു തികച്ചും വലിയ രീതിയിൽ വ്യത്യാസമുള്ള രണ്ടു സർഫസുകൾ ആയ കളിമണ്ണ്, പുൽ മൈതാനം എന്നിവയിൽ വെച്ചു നടക്കുന്ന ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ കിരീടങ്ങൾ നേടുക എന്നത്. ചരിത്രത്തിൽ ഓപ്പൺ യുഗത്തിൽ വെറും 5 പുരുഷ താരങ്ങൾ ആണ് ചാനൽ സ്ലാം എന്നറിയപ്പെടുന്ന ഈ നേട്ടം കൈവരിച്ചവർ. അതും ഇതിഹാസങ്ങൾ ആവുന്ന റോഡ് ലേവർ, ബോൺ ബോർഗ്, റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജ്യോക്കോവിച് എന്നിവർ ആണ് ആ 5 പേർ. ആ ഇതിഹാസങ്ങളുടെ നിരയിലേക്ക് ആണ് വെറും 21 മത്തെ വയസ്സിൽ കാർലോസ് അൽകാരസ് ഗാർഫിയ എന്ന സ്പാനിഷ് താരം 2024 ൽ പേര് എഴുതി ചേർക്കുന്നത്.

അവിശ്വസനീയം എന്നു പറയാവുന്ന നേട്ടം തന്നെയാണ് ഇത്. ജ്യോക്കോവിച്ചിനെ തുടർച്ചയായ രണ്ടാം ഫൈനലിലും തോൽപ്പിച്ചു കൊണ്ടു വിംബിൾഡൺ കിരീടം നിലനിർത്തുമ്പോൾ വിംബിൾഡൺ കിരീടം നിലനിർത്തുന്ന ആദ്യ സ്പാനിഷ് താരമായും അൽകാരസ് മാറുന്നുണ്ട്. ഈ നൂറ്റാണ്ടിൽ സാക്ഷാൽ റോജർ ഫെഡറർക്കും നൊവാക് ജ്യോക്കോവിച്ചിനും ശേഷം വിംബിൾഡൺ കിരീടം നിലനിർത്തുന്ന മൂന്നാമത്തെ മാത്രം താരമാണ് അൽകാരസ്. 21 വയസ്സിനുള്ളിൽ ഏറ്റവും കൂടുതൽ ഗ്രാന്റ് സ്ലാം കിരീടങ്ങൾ നേടുന്ന താരവും അൽകാരസ് ആണ്. ഇത് വരെ കളിച്ച നാലു ഗ്രാന്റ് സ്ലാം ഫൈനലിലും ജയം മാത്രം കുറിച്ച അൽകാരസ് ടെന്നീസിലെ ഹാർഡ് കോർട്ട്, കളിമണ്ണ് കോർട്ട്, പുൽ മൈതാനം തുടങ്ങിയ മൂന്നു സർഫസുകളിലും ഗ്രാന്റ് സ്ലാം കിരീടം ഇതിനകം നേടിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഇതിനകം തന്നെ തന്റെ മഹത്വം തെളിയിച്ച അൽകാരസ് വലിയ സാമ്രാജ്യം തന്നെ വിരമിക്കും മുമ്പ് കെട്ടിപൊക്കാൻ ആവും ശ്രമിക്കുക എന്നുറപ്പാണ്.

Exit mobile version