മികവാര്‍ന്ന പ്രകടനവുമായി ആര്‍സിബി, യുപിയെ വന്‍ നാണക്കേടിൽ നിന്ന് രക്ഷിച്ച് ഗ്രേസ് ഹാരിസ്

യുപി വാരിയേഴ്സിനെതിരെ മികച്ച ബൗളിംഗ് പ്രകടനുമായി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. സോഫി ഡിവൈനും ആശ ശോഭനയും പെറിയും ബൗളിംഗ് മികവ് പുറത്തെടുത്ത മത്സരത്തിൽ യുപിയെ 135 റൺസിനാണ് ആര്‍സിബി എറിഞ്ഞ് പിടിച്ചത്. നൂറ് പോലും കടക്കില്ല എന്ന സ്ഥിതിയിൽ നിന്ന് യുപിയെ ഗ്രേസ് ഹാരിസ് – ദീപ്തി ശര്‍മ്മ കൂട്ടുകെട്ടാണ് മാന്യമായ സ്കോറിലേക്ക് എത്തിച്ചത്.

ആദ്യ ഓവറിൽ തന്നെ ദേവിക വൈദ്യയെയും അലൈസ ഹീലിയെയും സോഫി ഡിവൈന്‍ പുറത്താക്കിയപ്പോള്‍ യുപിയുടെ സ്കോര്‍ ബോര്‍ഡിൽ 2 റൺസ് മാത്രമായിരുന്നു. മെഗാന്‍ ഷൂട്ട് രണ്ടാം ഓവറിൽ താഹ്‍ലിയ മഗ്രാത്തിനെ പുറത്താക്കിയപ്പോള്‍ 5/3 എന്ന നിലയിലേക്ക് യുപി വീണു.

ആശ ശോഭന കിരണിനെയും സിമ്രാന്‍ ഷെയ്ഖിനെയും പുറത്താക്കിയപ്പോള്‍ യുപി 31/5 എന്ന നിലയിലായി. കിരൺ നാവ്ഗിരേ 22 റൺസ് നേടിയപ്പോള്‍ 46 റൺസ് നേടിയ ഗ്രേസ് ഹാരിസ് ആണ് മറ്റൊരു പ്രധാന സ്കോറര്‍.

ഗ്രേസ് ഹാരിസ് – ദീപ്തി ശര്‍മ്മ കൂട്ടുകെട്ട് ആറാം വിക്കറ്റിൽ 69 റൺസ് നേടി യുപിയെ തിരികെ ട്രാക്കിലേക്ക് എത്തിയ്ക്കുമെന്ന് കരുതിയ നിമിഷത്തിലാണ് എൽസെ പെറി ഒരേ ഓവറിൽ 22 റൺസ് നേടിയ ദീപ്തിയെയും 46 റൺസ് നേടിയ ഹാരിസിനെയും പുറത്താക്കിയത്.

ഒരു ഘട്ടത്തിൽ യുപി സ്കോര്‍ നൂറ് പോലും കടക്കില്ലെന്ന നിലയിൽ നിന്നാണ് ഗ്രേസ് ഹാരിസ് – ദീപ്തി കൂട്ടുകെട്ട് ടീമിനെ തിരികെ മത്സരത്തിലേക്ക് കൊണ്ടുവന്നത്.

ആര് പിടിച്ചുകെട്ടും മുംബൈയെ!!! തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കി ഹര്‍മ്മന്‍പ്രീതും സംഘവും

യുപി വാരിയേഴ്സ് നൽകിയ 160 റൺസ് വിജയ ലക്ഷ്യം 2 വിക്കറ്റ് നഷ്ടത്തിൽ 17.3 ഓവറിൽ മറികടന്ന് മുംബൈ ഇന്ത്യന്‍സ്. വനിത പ്രീമിയര്‍ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുപി 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസാണ് നേടിയത്.

മുംബൈയ്ക്കായി യാസ്തിക ഭാട്ടിയ 27 പന്തിൽ 42 റൺസ് നേടി മിന്നും തുടക്കം നൽകിയെങ്കിലും താരത്തിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 58/0 എന്ന നിലയിൽ നിന്ന് മുംബൈ 58/2 എന്ന നിലയിലേക്ക് വീണുവെങ്കിലും നാറ്റ് സ്കിവര്‍ – ഹര്‍മ്മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് 106 റൺസ് നേടി മുംബൈയെ വിജയത്തിലേക്ക് നയിച്ചു.

ഹര്‍മ്മന്‍പ്രീത് കൗര്‍ 33 പന്തിൽ 53 റൺസ് നേടിയപ്പോള്‍ നത്താലി സ്കിവര്‍ 31 പന്തിൽ 45 റൺസ് നേടി. ഇരുവരും അപരാജിതരായി നിന്നാണ് മുംബൈയെ എട്ട് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചത്.

സൈക ഇഷാഖ് വേറെ ലെവൽ!!! ഹീലിയ്ക്കും മഗ്രാത്തിനും അര്‍ദ്ധ ശതകം, 159 റൺസ് നേടി യുപി

മുംബൈ ഇന്ത്യന്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത യുപി വാരിയേഴ്സിന്റെ മികച്ച സ്കോറെന്ന മോഹത്തിന് തടയിട്ട് സൈക ഇഷാഖ്. ഹീലി – മഗ്രാത്ത് കൂട്ടുകെട്ട് യുപിയെ വലിയ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും സൈക ഇഷാഖ് ഇരുവരെയും ഒരേ ഓവറിൽ പുറത്താക്കി അവസാന ഓവറുകളിൽ യുപിയുടെ താളം തെറ്റിയ്ക്കുകയായിരുന്നു.

6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണ് യുപി നേടിയത്. തുടക്കത്തിൽ തന്നെ ദേവിക വൈദ്യയെ നഷ്ടമായ ശേഷം കിരൺ നാവ്ഗിരേ(17) – അലൈസ ഹീലി കൂട്ടുകെട്ട് 50 റൺസ് രണ്ടാം വിക്കറ്റിൽ കൂട്ടിചേര്‍ക്കുകയായിരുന്നു. കിരണിനെ അമേലിയ കെര്‍ പുറത്താക്കിയ ശേഷം ഹീലി – മഗ്രാത്ത് കൂട്ടുകെട്ടാണ് യുപിയെ മുന്നോട്ട് നയിച്ചത്.

അലൈസ ഹീലി 58 റൺസ് നേടിയപ്പോള്‍ താഹ്‍ലിയ മഗ്രാത്ത് 50 റൺസ് നേടി. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റിൽ 82 റൺസാണ് നേടിയത്. ഹീലിയെയും താഹ്‍ലിയയെും ഒരേ ഓവറിൽ പുറത്താക്കി സൈക ഇഷാഖ് ആണ് മുംബൈയ്ക്ക് ആശ്വാസം നൽകിയത്.

10 ഓവര്‍ പിന്നിടുമ്പോള്‍ ടീം 85 റൺസാണ് 2 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. എന്നാൽ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് തകര്‍ന്നത് യുപിയെ വലിയ സ്കോറിലേക്ക് നയിക്കുന്നതിൽ നിന്ന് തടഞ്ഞു. മുംബൈയ്ക്കായി സൈക മൂന്നും അമേലിയ കെര്‍ രണ്ട് വിക്കറ്റും നേടി.

പെറി കസറി, പക്ഷേ ആര്‍സിബിയ്ക്ക് 138 റൺസ്

വനിത പ്രീമിയര്‍ ലീഗിൽ യുപി വാരിയേഴ്സിനെതിരെ ആര്‍സിബിയ്ക്ക് 138 റൺസ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബിയ്ക്ക് തുടക്കത്തിൽ തന്നെ സ്മൃതി മന്ഥാനയുടെ വിക്കറ്റ് നഷ്ടമായി. പിന്നീട് സോഫി ഡിവൈന്‍ – എൽസെ പെറി കൂട്ടുകെട്ട് 44 റൺസ് കൂട്ടുകെട്ടുമായി ആര്‍സിബിയെ തിരികെ ട്രാക്കിലാക്കുകയായിരുന്നു.

ഡിവൈന്‍ 36 റൺസ് നേടിയപ്പോള്‍ പെറി 52 റൺസ് നേടി പുറത്താകുകയായിരുന്നു. ഇവര്‍ക്ക് ശേഷം വന്നവര്‍ക്കാര്‍ക്കും സ്കോര്‍ ബോര്‍ഡ് വലിയ തോതിൽ ചലിപ്പിക്കാനാകാതെ പോയപ്പോള്‍ ആര്‍സിബിയുടെ ഇന്നിംഗ്സ് 138 റൺസിൽ ഒതുക്കി.

യുപിയ്ക്കായി ദീപ്തി ശര്‍മ്മ മൂന്നും സോഫി എക്ലെസ്റ്റോൺ നാല് വിക്കറ്റും നേടി.

താഹ്‍ലിയ മാത്രം ബാറ്റ് ചെയ്താൽ പോരല്ലോ!!! യുപിയെ മറികടന്ന് വിജയം തുടര്‍ന്ന് ഡൽഹി

യുപി വാരിയേഴ്സിനെതിരെ 42 റൺസിന്റെ  വിജയം നേടി ഡൽഹി ക്യാപിറ്റൽസ്. ഡൽഹി ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 211 റൺസ് നേടിയപ്പോള്‍ യുപിയ്ക്ക് 169 റൺസ് മാത്രമേ നേടാനായുള്ളു. പത്തോവറിൽ 71 റൺസാണ് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ യുപി വാരിയേഴ്സ് നേടിയത്. 5 വിക്കറ്റ് നഷ്ടത്തിലാണ് യുപി 169 റൺസ് നേടിയത്.

50 പന്തിൽ പുറത്താകാതെ 90 റൺസ് നേടിയ താഹ്‍ലിയ മഗ്രാത്ത് മാത്രമാണ് യുപി നിരയിൽ തിളങ്ങിയത്.  താഹ്‍ലിയ 4 സിക്സും 11 ഫോറും ആണ് നേടിയത്.  ജെസ്സ് ജോന്നാസന്‍ ഡൽഹിയ്ക്കായി 3 വിക്കറ്റ് നേടിയപ്പോള്‍ ദേവിദ് വൈദ്യ(23), അലൈസ ഹീലി(24) എന്നിവരാണ് യുപിയ്ക്കായി റൺസ് കണ്ടെത്തിയ മറ്റു താരങ്ങള്‍.

ടോപ് ഓര്‍ഡറിൽ മെഗ്, അവസാന ഓവറുകളിൽ ജെസ്സ്, ഡൽഹിയ്ക്ക് 211 റൺസ്

വനിത പ്രീമിയര്‍ ലീഗിൽ യുപി വാരിയേഴ്സിനെതിരെ 211 റൺസ് നേടി ഡൽഹി ക്യാപിറ്റൽസ്. 42 പന്തിൽ 70 റൺസ് നേടിയ മെഗ് ലാന്നിംഗിന്റെ ബാറ്റിംഗ് മികവിനൊപ്പം ജെസ്സ് ജോന്നാസന്റെ വെടിക്കെട്ട് ഇന്നിംഗ്സും കൂടിയാണ് ഡൽഹിയ്ക്ക് തുണയായത്. 4 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്.

ആലിസ് കാപ്സേ 10 പന്തിൽ 21 റൺസ് നേടിയപ്പോള്‍ ജെസ്സ് ജോന്നാസ്സെന്‍ 20 പന്തിൽ പുറത്താകാതെ 42 റൺസ് നേടി. ഷഫാലി(17), മരിസാന്നേ കാപ്പ്(16), ജെമീമ റോഡ്രിഗസ്(22 പന്തിൽ പുറത്താകാതെ 34) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍.

അവസാന ഓവറുകളിൽ ജെസ്സ് തകര്‍ത്തടിച്ചാണ് ടീമിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. അഞ്ചാം വിക്കറ്റിൽ 34 പന്തിൽ നിന്ന് 67 റൺസാണ് ജെസ്സും ജെമീമയും ചേര്‍ന്ന് നേടിയത്.

യുപിയും ഡൽഹിയും നേര്‍ക്കുനേര്‍, ബൗളിംഗ് തിരഞ്ഞെടുത്ത് വാരിയേഴ്സ്

വനിത പ്രീമിയര്‍ ലീഗിൽ ഇന്നത്തെ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും യുപി വാരിയേഴ്സും ഏറ്റുമുട്ടും. ടോസ് നേടിയ യുപി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരം വിജയിച്ചാണ് നിൽക്കുന്നത്.

ഡൽഹി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ തകര്‍ത്തെറിഞ്ഞപ്പോള്‍ ഗുജറാത്തിനെതിരെ അവിശ്വസനീയ വിജയം ആണ് യുപി നേടിയത്.

ഡൽഹി ക്യാപിറ്റൽസ്: Meg Lanning(c), Shafali Verma, Marizanne Kapp, Jemimah Rodrigues, Alice Capsey, Jess Jonassen, Taniya Bhatia(w), Arundhati Reddy, Shikha Pandey, Radha Yadav, Tara Norris

യുപി വാരിയേഴ്സ് Alyssa Healy(w/c), Shweta Sehrawat, Kiran Navgire, Tahlia McGrath, Deepti Sharma, Simran Shaikh, Devika Vaidya, Sophie Ecclestone, Shabnim Ismail, Anjali Sarvani, Rajeshwari Gayakwad

ഗ്രേസ് ഹാരിസ് യൂ ബ്യൂട്ടി, അവിശ്വസനീയ വിജയം നേടി യുപി വാരിയേഴ്സ്, ഗുജറാത്തിന് രണ്ടാം തോൽവി

ഗ്രേസ് ഹാരിസിന്റെ 26 പന്തിൽ നിന്നുള്ള 59 റൺസിന്റെ ബലത്തിൽ 3 വിക്കറ്റ് വിജയം നേടി യുപി വാരിയേഴ്സ്. ഗുജറാത്തിനെ തുടര്‍ച്ചയായ രണ്ടാം പരാജയത്തിലേക്ക് തള്ളിയിട്ടപ്പോള്‍ കൈപിടിയിൽ നിന്നാണ് ഗുജറാത്തിന് വിജയം നഷ്ടമായത്.

105/7 എന്ന നിലയിലേക്ക് വീണ യുപിയെ എട്ടാം വിക്കറ്റിൽ 70 റൺസ് കൂട്ടുകെട്ടുമായി ഗ്രേസ് ഹാരിസ് – സോഫി എക്ലെസ്റ്റോൺ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്.

കിരൺ നവ്ഗിരേ നേടിയ അര്‍ദ്ധ ശതകം ആണ് വിക്കറ്റുകള്‍ക്കിടയിലും യുപിയ്ക്ക് ആശ്വാസം ആയത്. 20/3 എന്ന നിലയിൽ നിന്ന് കിരണും ദീപ്തിയും ചേര്‍ന്ന് 66 റൺസാണ് യുപിയ്ക്കായി നേടിയത്. എന്നാൽ ഇരുവരെയും 2 റൺസ് നേടുന്നതിനിടെ ടീമിന് നഷ്ടമായത് തിരിച്ചടിയായി.

ആദ്യം ദീപ്തിയെ മാനസി ജോഷി പുറത്താക്കിയപ്പോള്‍ കിരണിന്റെ വിക്കറ്റ് കിം ഗാര്‍ത്ത് ആണ് നേടിയത്. കിരൺ 53 റൺസാണ് നേടിയത്.

കിരൺ പുറത്തായ ശേഷം ഗ്രേസ് ഹാരിസും സോഫി എക്ലെസ്റ്റോണും പൊരുതി നോക്കിയെപ്പോള്‍ അവസാന ഓവറിൽ 19 റൺസെന്ന ശ്രമകരമായ ദൗത്യം ആയിരുന്നു ടീമിന് മുന്നിലുള്ളത്. ഗ്രേസ് രണ്ട് സിക്സും ഒരു ഫോറും അടക്കം നേടിയപ്പോള്‍ 19.5 ഓവറിൽ 175 റൺസ് നേടിയാണ് യുപിയുടെ വിജയം. അവസാന മൂന്നോവറിൽ 52 റൺസ് എന്ന വലിയ ലക്ഷ്യം ആയിരുന്നു യുപിയുടെ മുന്നിലുണ്ടായിരുന്നത്.

ഗ്രേസ് 26 പന്തിൽ 59 റൺസ് നേടിയപ്പോള്‍ 12 പന്തിൽ 22 റൺസ് നേടി സോഫിയും മികച്ച പിന്തുണയാണ് നൽകിയത്. ഗുജറാത്തിനായി കിം ഗാര്‍ത്ത് 5 വിക്കറ്റ് നേടി.

യുപി വാരിയേഴ്സിനെതിരെ ഗുജറാത്തിന് നേടാനായത് 169 റൺസ്

വനിത പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ രണ്ടാമത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഗുജറാത്ത് ജയന്റ്സ് നേടിയത് 169 റൺസ്. 6 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ഇന്നലെ ആദ്യ മത്സരത്തിൽ ഗുജറാത്തിന് തോൽവിയായിരുന്നു ഫലം.

46 റൺസ് നേടിയ ഹര്‍ലീന്‍ ഡിയോള്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ ആഷ്‍ലൈ ഗാര്‍ഡ്നര്‍ 25 റൺസും സബിനേനി മേഘന 24 റൺസും നേടി പുറത്തായി. മികച്ച തുടക്കമാണ് സോഫിയ ഡങ്കിയും മേഘനയും ചേര്‍ന്ന് ടീമിന് നേടിയത്.

സോഫിയ 11 പന്തിൽ 13 റൺസ് നേടി പുത്തായതിന് തൊട്ടടുത്ത ഓവറിൽ മേഘനയുടെ വിക്കറ്റ് നഷ്ടമായത് ടീമിന് തിരിച്ചടിയായി. പിന്നീട് 10.3 ഓവറിൽ76/4 എന്ന നിലയിലേക്ക് വീണ ഗുജറാത്തിനെ ഗാര്‍ഡ്നറും ഹര്‍ലീനും ചേര്‍ന്ന് 15.2 ഓവറിൽ 120 റൺസിലേക്ക് എത്തിച്ചു.

ഗാര്‍ഡ്നര്‍ പുറത്തായ ശേഷം ഹര്‍ലീന്‍ മികച്ച രീതിയിൽ ബാറ്റ് വീശി ഗുജറാത്തിനെ മുന്നോട്ട് നയിക്കുകയായിരുന്നു. യുപിയ്ക്കായി ദീപ്തി ശര്‍മ്മ 2 വിക്കറ്റ് നേടി. 32 പന്തിൽ 46 റൺസാണ് ഹര്‍ലീന്‍ നേടിയത്.  ഹര്‍ലീന്‍ പുറത്തായ ശേഷം കഴിഞ്ഞ മത്സരത്തിലെ തന്റെ ഫോം തുടര്‍ന്നും കാഴ്ചവെച്ച ദയലന്‍ ഹേമലതയുടെ ബാറ്റിംഗ് മികവാണ് ഗുജറാത്തിന് തുണയായത്. താരം 13 പന്തിൽ നിന്ന് 21 റൺസാണ് നേടിയത്.

Exit mobile version