Graceharris2

ഗ്രേസ് ഹാരിസ് യൂ ബ്യൂട്ടി, അവിശ്വസനീയ വിജയം നേടി യുപി വാരിയേഴ്സ്, ഗുജറാത്തിന് രണ്ടാം തോൽവി

ഗ്രേസ് ഹാരിസിന്റെ 26 പന്തിൽ നിന്നുള്ള 59 റൺസിന്റെ ബലത്തിൽ 3 വിക്കറ്റ് വിജയം നേടി യുപി വാരിയേഴ്സ്. ഗുജറാത്തിനെ തുടര്‍ച്ചയായ രണ്ടാം പരാജയത്തിലേക്ക് തള്ളിയിട്ടപ്പോള്‍ കൈപിടിയിൽ നിന്നാണ് ഗുജറാത്തിന് വിജയം നഷ്ടമായത്.

105/7 എന്ന നിലയിലേക്ക് വീണ യുപിയെ എട്ടാം വിക്കറ്റിൽ 70 റൺസ് കൂട്ടുകെട്ടുമായി ഗ്രേസ് ഹാരിസ് – സോഫി എക്ലെസ്റ്റോൺ കൂട്ടുകെട്ടാണ് വിജയത്തിലേക്ക് നയിച്ചത്.

കിരൺ നവ്ഗിരേ നേടിയ അര്‍ദ്ധ ശതകം ആണ് വിക്കറ്റുകള്‍ക്കിടയിലും യുപിയ്ക്ക് ആശ്വാസം ആയത്. 20/3 എന്ന നിലയിൽ നിന്ന് കിരണും ദീപ്തിയും ചേര്‍ന്ന് 66 റൺസാണ് യുപിയ്ക്കായി നേടിയത്. എന്നാൽ ഇരുവരെയും 2 റൺസ് നേടുന്നതിനിടെ ടീമിന് നഷ്ടമായത് തിരിച്ചടിയായി.

ആദ്യം ദീപ്തിയെ മാനസി ജോഷി പുറത്താക്കിയപ്പോള്‍ കിരണിന്റെ വിക്കറ്റ് കിം ഗാര്‍ത്ത് ആണ് നേടിയത്. കിരൺ 53 റൺസാണ് നേടിയത്.

കിരൺ പുറത്തായ ശേഷം ഗ്രേസ് ഹാരിസും സോഫി എക്ലെസ്റ്റോണും പൊരുതി നോക്കിയെപ്പോള്‍ അവസാന ഓവറിൽ 19 റൺസെന്ന ശ്രമകരമായ ദൗത്യം ആയിരുന്നു ടീമിന് മുന്നിലുള്ളത്. ഗ്രേസ് രണ്ട് സിക്സും ഒരു ഫോറും അടക്കം നേടിയപ്പോള്‍ 19.5 ഓവറിൽ 175 റൺസ് നേടിയാണ് യുപിയുടെ വിജയം. അവസാന മൂന്നോവറിൽ 52 റൺസ് എന്ന വലിയ ലക്ഷ്യം ആയിരുന്നു യുപിയുടെ മുന്നിലുണ്ടായിരുന്നത്.

ഗ്രേസ് 26 പന്തിൽ 59 റൺസ് നേടിയപ്പോള്‍ 12 പന്തിൽ 22 റൺസ് നേടി സോഫിയും മികച്ച പിന്തുണയാണ് നൽകിയത്. ഗുജറാത്തിനായി കിം ഗാര്‍ത്ത് 5 വിക്കറ്റ് നേടി.

Exit mobile version