‍ഡൽഹിയ്ക്ക് നിരാശയേകി ടിം ഡേവിഡിന്റെ വെടിക്കെട്ട്, ആര്‍സിബി പ്രതീക്ഷിച്ച ഫലം നൽകി മുംബൈ ഇന്ത്യന്‍സ്

ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് മോഹങ്ങളെ ഇല്ലാതാക്കി മുംബൈയുടെ വിജയം. ഇതോടെ ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നു. ഇന്ന് മുംബൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 159 റൺസാണ് ഡൽഹി നേടിയത്. ലക്ഷ്യം 5 പന്ത് അവശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ മറികടന്നപ്പോള്‍ പ്ലേ ഓഫിലേക്ക് ബാംഗ്ലൂര്‍ യോഗ്യത നേടി.

രോഹിത് ശര്‍മ്മ വീണ്ടും മോശം ഫോം തുടര്‍ന്നപ്പോള്‍ ഇഷാന്‍ കിഷന്‍(48), ഡെവാള്‍ഡ് ബ്രെവിസ്(37) എന്നിവരുടെ ബാറ്റിംഗ് മികവിന് ശേഷം ടിം ഡേവിഡിന്റെ വെടിക്കെട്ട് പ്രകടനം ആണ്. 11 പന്തിൽ 34 റൺസ് നേടിയ ഡേവിഡിന്റെ ഇന്നിംഗ്സാണ് മുംബൈയുടെ ശക്തമായ തിരിച്ചുവരവ് സാധ്യമാക്കിയത്.

14.3 ഓവറിൽ 95/3 എന്ന നിലയിൽ നിന്ന് 17.5 ഓവറിൽ 145/4 എന്ന നിലയിലേക്ക് മുംബൈ കുതിച്ചത്തുകയായിരുന്നു ഡേവിഡിന്റെ ഇന്നിംഗ്സിന്റെ ബലത്തിൽ.  21 റൺസ് നേടിയ തിലക് വര്‍മ്മ അവസാന ഓവറിന് തൊട്ടുമുമ്പ് പുറത്തായപ്പോള്‍ അവസാന ഓവറിൽ 5 റൺസായിരുന്നു ടീം നേടേണ്ടിയിരുന്നത്. ഖലീൽ എറിഞ്ഞ ആദ്യ പന്തിൽ ബീമര്‍ നോബോള്‍ ലഭിച്ച പന്ത് ബൗണ്ടറി കടത്തി രമൺദീപ് സിംഗ് മുംബൈയുടെ വിജയവും ആര്‍സിബിയുടെ പ്ലേ ഓഫും ഉറപ്പാക്കുകയായിരുന്നു.

ബ്രെവിസിന്റെ ക്യാച്ച് കൈവിടുകയും ടിം ഡേവിഡിനെതിരെ ഒരു റിവ്യൂ നടത്തുവാനും പിഴച്ച ഡൽഹി ക്യാപിറ്റൽസ് നായകന്‍ ഋഷഭ് പന്തിന്റെ പിഴവുകളാണ് ഡൽഹിയുടെ പ്ലേ ഓഫ് സാധ്യതകളെ ഇല്ലാതാക്കിയത്.

നടരാജന്റെ ഓവറിൽ നാല് സിക്സ്, അവസാന പന്തിൽ റണ്ണൗട്ട്, ടിം ഡേവിഡിന്റെ വെല്ലുവിളിയെ മറികടന്ന് സൺറൈസേഴ്സിന് ജയം

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്തി സൺറൈസേഴ്സ് ഹൈദ്രാാബാദ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 193 റൺസ് നേടിയപ്പോള്‍ മുംബൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് മാത്രമേ നേടാനായുള്ളു. 3 റൺസ് വിജയം സൺറൈസേഴ്സ് നേടിയപ്പോള്‍ ടിം ഡേവിഡ് 18 പന്തിൽ 46 റൺസ് നേടിയുയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ചാണ് സൺറൈസേഴ്സിന്റെ വിജയം.

ഒന്നാം വിക്കറ്റിൽ 95 റൺസാണ് രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും ചേര്‍ന്ന് നേടിയത്. ഇരുവരുടെയും വിക്കറ്റുകള്‍ അടുത്തടുത്ത ഓവറുകളിൽ നഷ്ടമായത് മുംബൈയ്ക്ക് തിരിച്ചടിയായി.  രോഹിത് ശര്‍മ്മ 48 റൺസും ഇഷാന്‍ കിഷന്‍ 43 റൺസും നേടിയാണ് ടോപ് ഓര്‍ഡറിൽ മികച്ച തുടക്കം മുംബൈയ്ക്ക് നൽകിയത്.

പിന്നീട് തുടരെ വിക്കറ്റുകള്‍ മുംബൈയ്ക്ക് നഷ്ടമായപ്പോള്‍ ടീമിന്റെ പ്രതീക്ഷയായി ടിം ഡേവിഡ് ആണ് ബാറ്റ് വീശിയത്. മൂന്നോവറിൽ വിജയത്തിനായി 44 റൺസായിരുന്നു മുംബൈ നേടേണ്ടിയിരുന്നത്.

നടരാജന്‍ എറിഞ്ഞ 18ാം ഓവറിൽ നാല് സിക്സ് അടിച്ച് ടിം ഡേവിഡ് മുംബൈയെ മത്സരത്തിലേക്ക് തിരികെ എത്തിച്ചുവെങ്കിലും അവസാന പന്തിൽ സിംഗിള്‍ നേടി സ്ട്രൈക്ക് നേടുവാനായി ശ്രമിച്ച ഡേവിഡ് റണ്ണൗട്ടായതോടെ രണ്ടോവറിൽ 19 റൺസായി ലക്ഷ്യം മാറി. 26 റൺസാണ് നടരാജന്റെ ഓവറിൽ പിറന്നത്.

19ാം ഓവര്‍ എറിഞ്ഞ ഭുവനേശ്വര്‍ കുമാര്‍ സഞ്ജയ് യാദവിനെ പുറത്താക്കുകയും ഓവറിൽ നിന്ന് ഒരു റൺസ് പോലും വിട്ട് നൽകാതെയും ഇരുന്നപ്പോള്‍ ലക്ഷ്യം അവസാന ഓവറിൽ 19 റൺസായി മാറി. 15 റൺസ് നേടുവാന്‍ രമൺദീപ് സിംഗിന് സാധിച്ചുവെങ്കിലും 3 റൺസ് വിജയവുമായി സൺറൈസേഴ്സ് പ്ലേ ഓഫ് സാധ്യതകള്‍ സജീവമാക്കി നിര്‍ത്തി.

ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെ മുംബൈ, ടീമിനെ 177 റൺസിലേക്ക് എത്തിച്ച് ടിം ഡേവിഡിന്റെ വെടിക്കെട്ട് പ്രകടനം

ഐപിഎലില്‍ ഫോമിലേക്ക് മടങ്ങിയെത്തി രോഹിത്ത് ശര്‍മ്മയും ഇഷാന്‍ കിഷനും. ഗുജറാത്തിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 177 റൺസാണ് നേടിയത്. ഓപ്പണര്‍മാരുടെ മിന്നും തുടക്കത്തിൽ ഒരു ഘട്ടത്തിൽ 200ന് മേലെ റൺസ് മുംബൈ നേടുമെന്നാണ് ഏവരും പ്രതീക്ഷിച്ചതെങ്കിലും ഗുജറാത്ത് ബൗളര്‍മാര്‍ മത്സരത്തിൽ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച ടിം ഡേവിഡിന്റെ പ്രകടനം ആണ് മുംബൈയ്ക്ക് തുണയായത്.

Rohitishan

ഒന്നാം വിക്കറ്റിൽ 74 റൺസാണ് രോഹിത് – ഇഷാന്‍ കൂട്ടുകെട്ട് നേടിയത്. 28 പന്തിൽ 43 റൺസ് നേടിയ രോഹിത്തിനെ റഷീദ് ഖാന്‍ വിക്കറ്റിന് മുന്നിൽ കുടുക്കിയാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്.

എന്നാൽ ഈ മികച്ച തുടക്കം മുംബൈ കൈവിടുന്ന കാഴ്ചയാണ് കണ്ടത്. വിക്കറ്റുകളുമായി ഗുജറാത്ത് ബൗളര്‍മാര്‍ തിരിച്ചടിച്ചപ്പോള്‍ 74/0 എന്ന നിലയിൽ നിന്ന് മുംബൈ 119/4 എന്ന നിലയിലേക്ക് വീണു. പിന്നീട് ടിം ഡേവിഡ് – തിലക് വര്‍മ്മ കൂട്ടുകെട്ട് 38 റൺസ് നേടിയാണ് മുംബൈയെ 150 കടത്തിയത്.

21 പന്തിൽ 44 റൺസുമായി ടിം ഡേവിഡ് പുറത്താകാതെ നിന്നപ്പോള്‍ താരം 4 സിക്സും രണ്ട് ഫോറും നേടി. 6 വിക്കറ്റ് നഷ്ടത്തിൽ 177 റൺസാണ് മുംബൈ നേടിയത്. തന്റെ നാലോവറിൽ 24 റൺസ് വിട്ട് നൽകി രോഹിത് ശര്‍മ്മയെയും ടിം ഡേവിഡിനെയും പുറത്താക്കിയ റഷീദ് ഖാന്റെ സ്പെല്ലാണ് ഗുജറാത്ത് ബൗളര്‍മാരിൽ എടുത്ത് പറയേണ്ടത്.

 

ആദ്യ ജയം നേടി മുംബൈ, നിര്‍ണ്ണായകമായത് സൂര്യകുമാര്‍ – തിലക് കൂട്ടുകെട്ട്

ഐപിഎലില്‍ ഈ സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യന്‍സ്. രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയൽസിനെതിരെ 5 വിക്കറ്റ് വിജയം നേടിയാണ് മുംബൈ തങ്ങളുടെ ആദ്യ പോയിന്റ് ഇന്ന് നേടിയത്. സൂര്യകുമാര്‍ യാദവ് – തിലക് വര്‍മ്മ കൂട്ടുകെട്ട് നേടിയ 81 റൺസിന്റെ അടിത്തറയിലാണ് മുംബൈയുടെ വിജയം. ഇരു താരങ്ങള്‍ക്കും അവസാനം വരെ ക്രീസില്‍ ചെലവഴിക്കുവാന്‍ സാധിച്ചില്ലെങ്കിലും വിജയത്തിന് വളരെ അടുത്ത് വരെ ടീമിനെ എത്തിക്കുവാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.

പിന്നീട് ടിം ഡേവിഡിന്റെ നിര്‍ണ്ണായക ഇന്നിംഗ്സ് വിജയം മുംബൈയ്ക്ക് സാധ്യമാക്കുകയായിരുന്നു. 4 പന്ത് അവശേഷിക്കവെ സിക്സര്‍ നേടി ഡാനിയേൽ സാംസ് ആണ് വിജയ റൺസ് നേടിയത്.

മിന്നും തുടക്കമാണ് മുംബൈയ്ക്ക് വേണ്ടി ഇഷാന്‍ കിഷന്‍ നൽകിയത്. ആദ്യ രണ്ടോവറിൽ ടീം 22 റൺസ് നേടി കുതിച്ചപ്പോള്‍ അശ്വിനെ ബൗളിംഗിലേക്ക് സഞ്ജു നേരത്തെ ഇറക്കുകയായിരുന്നു. ജന്മദിനം ആഘോഷിക്കുന്ന രോഹിത്തിനെ വീഴ്ത്തി അശ്വിന്‍ രാജസ്ഥാന് മികച്ച ബ്രേക്ക്ത്രൂ നൽകുകയായിരുന്നു. പവര്‍ പ്ലേയ്ക്കുള്ളിൽ ട്രെന്റ് ബോള്‍ട്ട് ഇഷാന്‍ കിഷനെ പുറത്താക്കിയപ്പോള്‍ താരം 18 പന്തിൽ 26 റൺസാണ് നേടിയത്.

41/2 എന്ന നിലയിൽ സൂര്യകുമാര്‍ യാദവും – തിലക് വര്‍മ്മയും ചേര്‍ന്ന് മുംബൈയെ മികച്ച നിലയിൽ മുന്നോട്ട് നയിക്കുകയായിരുന്നു. ഇതിനിടെ ‍ഡാരിൽ മിച്ചൽ എറിഞ്ഞ 7ാം ഓവറിൽ 20 റൺസ് പിറന്നത് മുംബൈയ്ക്ക് ആശ്വാസമായി മാറി.

സൂര്യകുമാര്‍ യാദവ് 36 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍  മത്സരം അവസാന ആറോവറിലേക്ക് എത്തിയ ഘട്ടത്തിൽ എട്ട് വിക്കറ്റ് കൈവശമുണ്ടായിരുന്ന മുംബൈയ്ക്ക് വെറും 46 റൺസ് നേടിയാൽ മതിയായിരുന്നു.  81 റൺസ് കൂട്ടുകെട്ടിനെ ചഹാല്‍ തകര്‍ത്തപ്പോള്‍ 51 റൺസാണ് താരം സൂര്യകുമാര്‍ നേടിയത്. 35 റൺസ് നേടിയ തിലക് വര്‍മ്മയെ തൊട്ടടുത്ത ഓവറിൽ മുംബൈയ്ക്ക് നഷ്ടമായതോടെ പുതിയ രണ്ട് ബാറ്റ്സ്മാന്മാരായി ക്രീസിൽ.

ടിം ഡേവിഡ് നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള്‍ ലക്ഷ്യം 12 പന്തിൽ 12 ആയി മാറി. അഞ്ചാം വിക്കറ്റിൽ ടിം ഡേവിഡ് – കീറൺ പൊള്ളാര്‍ഡ് കൂട്ടുകെട്ട് 33 റൺസാണ് നേടിയത്. ലക്ഷ്യം 6 പന്തിൽ നാല് റൺസ് ആയിരിക്കവേ 10 റൺസ് നേടിയ കീറൺ പൊള്ളാര്‍ഡിനെ മുംബൈയ്ക്ക് നഷ്ടമായി.

എന്നാൽ അടുത്ത പന്ത് സിക്സര്‍ പായിച്ച് ഡാനിയേൽ സാംസ് വിജയം മുംബൈയ്ക്ക് നേടിക്കൊടുത്തു. 9 പന്തിൽ 20 റൺസ് നേടിയ ടിം ഡേവിഡിന്റെ ബാറ്റിംഗ് മികവാണ് മുംബൈയുടെ വിജയം ഉറപ്പാക്കിയത്.

 

മുംബൈ ശക്തമായി തന്നെ തിരിച്ച് വരും – ടിം ഡേവിഡ്

ഐപിഎലില്‍ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റു വാങ്ങിയ മുംബൈ ഇന്ത്യന്‍സ് ഐപിഎലില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അറിയിച്ച് ടിം ഡേവിഡ്. ആദ്യ മത്സരത്തിൽ ഡല്‍ഹി മുംബൈയ്ക്കെതിരെ 4 വിക്കറ്റ് വിജയം നേടിയപ്പോള്‍ രാജസ്ഥാനെതിരെ 23 റൺസ് പരാജയം ആണ് മുംബൈ ഏറ്റുവാങ്ങിയത്.

8.25 കോടി രൂപയ്ക്ക് ടിം ഡേവിഡിനെ മുംബൈ 2022 മെഗാ ലേലത്തിൽ സ്വന്തമാക്കിയെങ്കിലും താരത്തിന് ശ്രദ്ധേയമായ പ്രകടനം ഇതുവരെ പുറത്തെടുക്കുവാന്‍ സാധിച്ചിട്ടില്ല. തനിക്ക് ഫ്രാ‍ഞ്ചൈിസിയിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിയ്ക്കുന്നതെന്നാണ് ടിം ഡേവിഡ് പറഞ്ഞത്.

മെഗാ ലേലത്തിന് ശേഷം ടീമിലെ പുതിയ ആളുകള്‍ ടീമുമായി ഇഴുകി ചേരുകയാണെന്നും അതിനാൽ തന്നെ ഉടന്‍ തന്നെ ശക്തമായ തിരിച്ചുവരവുമായി ടീം തിരികെ എത്തുമെന്നും ടിം ഡേവിഡ് വ്യക്തമാക്കി.

Exit mobile version