വെല്ലുവിളിയുമായി ഹര്‍മ്മന്‍പ്രീത്, അവസാന പന്തില്‍ റണ്ണൗട്ട്, 2 റണ്‍സിനു സൂപ്പര്‍നോവാസിനെ കീഴടക്കി ട്രെയില്‍ബ്ലേസേഴ്സ്

ഇന്നലെ നടന്ന വനിത ടി20 ചലഞ്ചിന്റെ ആദ്യ മത്സരത്തില്‍ ട്രെയില്‍ബ്ലേസേഴ്സിനു ജയം. ആദ്യം ബാറ്റ് ചെയ്ത ട്രെയില്‍ബ്ലേസേഴ്സ് സ്മൃതി മന്ഥാനയുടെ 90 റണ്‍സിന്റെ ബലത്തില്‍ 140/5 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍നോവാസിനു 6 വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് മാത്രമേ നേടാനായുള്ളു.

34 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ ഹര്‍മ്മന്‍പ്രീത് കൗറാണ് സൂപ്പര്‍നോവാസിനു വേണ്ടി പൊരുതി നിന്നത്. അവസാന ഓവറില്‍ 19 റണ്‍സ് വേണ്ടിയിരുന്നു സൂപ്പര്‍നോവാസ് ജൂലന്‍ ഗോസ്വാമിയുടെ ഓവറില്‍ നിന്ന് 16 റണ്‍സ് നേടുകയായിരുന്നു. ആദ്യ രണ്ട് പന്തുകള്‍ ബൗണ്ടറി നേടിയ ഹര്‍മ്മന്‍പ്രീത് മൂന്നാം പന്തില്‍ ബീറ്റണായെങ്കിലും നാലും അഞ്ചും പന്ത് വീണ്ടും ബൗണ്ടറി പായിച്ച് അവസാന പന്തില്‍ ജയിക്കുവാന്‍ മൂന്ന് റണ്‍സെന്ന നിലയില്‍ എത്തിച്ചു. എന്നാല്‍ അവസാന പന്തില്‍ ലിയ തഹുഹു റണ്ണൗട്ടായതോടെ ജയമെന്ന സൂപ്പര്‍നോവാസിന്റെ മോഹങ്ങള്‍ തകര്‍ന്നു.

ട്രെയില്‍ബ്ലേസേഴ്സിനു വേണ്ടി സോഫി എക്സെല്‍സ്റ്റോണും രാജേശ്വരി ഗായക്വാഡും രണ്ട് വീതം വിക്കറ്റ് നേടി. ചാമരി അട്ടപ്പട്ടു(26), സോഫി ഡിവൈന്‍(32), ജെമീമ റോഡ്രിഗസ്(24) എന്നിവരാണ് ടീമിന്റെ മറ്റു പ്രധാന സ്കോറര്‍മാര്‍.

90 റണ്‍സ് നേടി സ്മൃതി മന്ഥാന, 20 ഓവറില്‍ 140 റണ്‍സ് നേടി ട്രെയില്‍ബ്ലേസേഴ്സ്

ബിസിസിഐയുടെ വനിത ടി20 ചലഞ്ചില്‍ ആദ്യം ബാറ്റ് ചെയ്ത് 140/5 എന്ന സ്കോര്‍ നേടി ട്രെയില്‍ബ്ലേസേഴ്സ്. സൂപ്പര്‍നോവാസിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗനയയ്ക്കപ്പെട്ട ട്രെയില്‍ബ്ലേസേഴ്സിനു വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ഥാന നേടിയ 90 റണ്‍സാണ് ഈ സ്കോറിലേക്ക് ടീമിനെ എത്തിച്ചത്. 10 ഫോറും 3 സിക്സും സഹിതം 67 പന്തില്‍ നിന്നാണ് സ്മൃതിയുടെ ബാറ്റിംഗ് പ്രകടനം. അതേ സമയം ഹര്‍ലീന്‍ ഡിയോള്‍ 36 റണ്‍സ് നേടി.

സൂപ്പര്‍നോവാസിനു വേണ്ടി രാധ യാധവ് 2 വിക്കറ്റ് നേടി.

Exit mobile version