ടി20യിൽ 8000 റൺസ് തികയ്ക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി സൂര്യകുമാർ യാദവ്

ടി20 ക്രിക്കറ്റിൽ 8000 റൺസ് പിന്നിടുന്ന അഞ്ചാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി സൂര്യകുമാർ യാദവ് ചരിത്രത്തിൽ തന്റെ പേര് എഴുതി ചേർത്തു. 2025 ലെ ഐപിഎല്ലിൽ വാങ്കഡെ സ്റ്റേഡിയത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യൻസ് (എംഐ) നേടിയ വിജയത്തിനിടെയാണ് അദ്ദേഹം ഈ നാഴികക്കല്ല് പിന്നിട്ടത്. കെകെആറിന്റെ 117 റൺസ് വിജയലക്ഷ്യം വെറും 12.5 ഓവറിൽ മുംബൈ മറികടന്നു. 9 പന്തിൽ നിന്ന് 27 റൺസ് നേടിയ സ്‌കൈ മിന്നുന്ന പ്രകടനം കാഴ്ചവെച്ചു.

വിരാട് കോഹ്‌ലി (12,976), രോഹിത് ശർമ്മ (11,851), ശിഖർ ധവാൻ (9,797), സുരേഷ് റെയ്‌ന (8,654) എന്നിവരാണ് മുമ്പ് ടി20യിൽ 8000 റൺസ് കടന്ന ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ. ഇവരിൽ സൂര്യകുമാറിന്റെ പേരിലാണ് ഏറ്റവും ഉയർന്ന സ്ട്രൈക്ക് റേറ്റ് 152.3. 54 അർധസെഞ്ച്വറികളും ആറ് സെഞ്ച്വറികളും അദ്ദേജം നേടി.

സൂര്യകുമാർ യാദവിന്റെ ഫോമിൽ ആശങ്കയില്ല എന്ന് ഹാർദിക് പാണ്ഡ്യ

ഐപിഎൽ 2025ന് മുന്നോടിയായി സൂര്യകുമാർ യാദവിൻ്റെ ബാറ്റിംഗ് ഫോമിൽ തങ്ങൾക്ക് യാതൊരു ആശങ്കയും ഇല്ല എന്ന് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടി20 മത്സരങ്ങളിൽ നിന്ന് 28 റൺസ് മാത്രമായിരുന്നു സൂര്യകുമാറിന് നേടാനായത്. ആഭ്യന്തര ക്രിക്കറ്റിലും താരത്തിന് ഫോം കണ്ടെത്താൻ ആയിരുന്നില്ല.

“സ്കൈയുടെ ഫോമിനെ കുറിച്ചാണ് ചോദ്യമെങ്കിൽ ഞങ്ങൾക്ക് ആശങ്കയില്ല. അവൻ ഒരുപാട് വർഷങ്ങളായി ധാരാളം റൺസ് നേടിയിട്ടുണ്ട്. അവൻ്റെ ഫോമിനെക്കുറിച്ചോ മറ്റെന്തെങ്കിലുമോ എനിക്ക് ശരിക്കും ആശങ്കയില്ല. എന്നെ സംബന്ധിച്ചിടത്തോളം അവൻ ഇന്ത്യയ്ക്കും മുംബൈ ഇന്ത്യൻസിനും ഒരു മാച്ച് വിന്നറാണ്, അദ്ദേഹം എല്ലായ്പ്പോഴും ടീമിന് ഊർജം പകരുന്നു. അതിനാൽ അദ്ദേഹത്തിൻ്റെ ഫോമിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല.” ഹാർദിക് പറഞ്ഞു.

മാർച്ച് 23 ന് ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ IPL 2025 ഓപ്പണറിൽ സൂര്യകുമാർ യാദവ് ആകും മുംബൈ ഇന്ത്യൻസിനെ നയിക്കുന്നത്.

രോഹിത് അല്ല, ആദ്യ മത്സരത്തിൽ സൂര്യകുമാർ മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻ ആകും

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 സീസണിലെ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ (സിഎസ്‌കെ) മാർച്ച് 23 ന് നടക്കുന്ന തങ്ങളുടെ ഉദ്ഘാടന മത്സരത്തിൽ സൂര്യകുമാർ യാദവ് മുംബൈ ഇന്ത്യൻസിൻ്റെ (എംഐ) ക്യാപ്റ്റനാകും.

2024ലെ ടി20 ലോകകപ്പിന് ശേഷം രോഹിത് ശർമയുടെ വിരമിക്കലിനെ തുടർന്ന് ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റനായി നിയമിതനായ സൂര്യകുമാർ യാദവ് അന്താരാഷ്ട്ര തലത്തിൽ പ്രശംസനീയമായ നേതൃപാടവമാണ് ഇതുവരെ പ്രകടമാക്കിയത്. ദേശീയ T20I ക്യാപ്റ്റനെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ സമീപകാല അനുഭവം ഈ നിർണായക ഓപ്പണിംഗ് മത്സരത്തിൽ MI-യെ നയിക്കാൻ അദ്ദേഹത്തെ പരിഗണിക്കാൻ കാരണമായി.

മുൻ എംഐ ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ സീസണിൽ സ്ഥാനമൊഴിഞ്ഞിരുന്നു. ടീമിൽ രോഹിത് ഉണ്ടെങ്കിലും പാണ്ഡ്യയുടെ അഭാവത്തിൽ സൂര്യകുമാറിനെ ആണ് ക്യാപ്റ്റൻ ആയി മാനേജ്‌മെൻ്റ് തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിലെ സ്ലോ ഓവർ റേറ്റിന് സസ്പെൻഷൻ നേരിടുന്ന ഹാർദികിന് ആദ്യ മത്സരം നഷ്ടമാകും.

സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിന് ശേഷം, രണ്ടാം കളി മുതൽ ഹാർദിക് പാണ്ഡ്യ തൻ്റെ നായക ചുമതലകൾ പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിനുള്ള മുംബൈ ടീമിൽ സൂര്യകുമാർ യാദവും ശിവം ദുബെയും ഇടം നേടി

ഹരിയാനയ്‌ക്കെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സരത്തിനുള്ള 18 അംഗ ടീമിനെ മുംബൈ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ടി20ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവും ഓൾറൗണ്ടർ ശിവം ദുബെയും ടീമിൽ ഉണ്ട്. മത്സരം ഫെബ്രുവരി 8 മുതൽ റോഹ്തക്കിൽ ആണ് കളി നടക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടി20ഐ പരമ്പരയിൽ പങ്കെടുത്ത സൂര്യകുമാറും ദുബെയും ഈ സീസണിൽ ഓരോ രഞ്ജി ട്രോഫി മത്സരം വീതം കളിച്ചിട്ടുണ്ട്.

മേഘാലയയ്‌ക്കെതിരായ ആധിപത്യ വിജയത്തോടെയാണ് മുംബൈ ക്വാർട്ടർ ഫൈനൽ സ്ഥാനം ഉറപ്പിച്ചത്‌.

മുംബൈ സ്‌ക്വാഡ്: അജിങ്ക്യ രഹാനെ (സി), ആയുഷ് മാത്രെ, അങ്ക്‌കൃഷ് രഘുവംഷി, അമോഘ് ഭട്കൽ, സൂര്യകുമാർ യാദവ്, സിദ്ധേഷ് ലാഡ്, ശിവം ദുബെ, ആകാശ് ആനന്ദ് (വി.കെ), ഹാർദിക് താമോർ (വി.കെ.), സൂര്യൻഷ് ഷെഡ്‌ഗെ, ശാർദുൽ താക്കൂർ, ഷംസ് മുലാനി, ഡി. റോയിസ്റ്റൺ ഡയസ്, അഥർവ അങ്കോളേക്കർ, ഹർഷ് തന്ന.

ഗൗതം ഗംഭീർ വലിയ ഫ്രീഡം ടീമിന് നൽകുന്നുണ്ട് – സൂര്യകുമാർ

കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടന്ന ആദ്യ ടി20യിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് വിജയിച്ചതിന് ശേഷമുള്ള തന്റെ ടീമിന്റെ പ്രകടനത്തെ സൂര്യകുമാർ യാദവ് പ്രശംസിച്ചു. 20 ഓവറിൽ 132 റൺസിന് ഇംഗ്ലണ്ടിനെ പുറത്താക്കിയ ഇന്ത്യ, 34 പന്തിൽ 79 റൺസ് നേടിയ അഭിഷേക് ശർമ്മയുടെ മിന്നുന്ന പ്രകടനത്തിന്റെ പിൻബലത്തിൽ വെറും 12.5 ഓവറിൽ ലക്ഷ്യം മറികടന്നു.

“കളിക്കാരുടെ ഊർജ്ജമാണ് കളി നിശ്ചയിച്ചത്. ബൗളർമാർക്ക് കൃത്യമായ പദ്ധതികളുണ്ടായിരുന്നു, അവർ അത് നടപ്പിലാക്കി. ഞങ്ങൾ ബാറ്റ് ചെയ്ത രീതിയും മികച്ചതായിരുന്നു.” സൂര്യകുമാർ പറഞ്ഞു.

“ഗൗതി ഭായ് ധാരാളം സ്വാതന്ത്ര്യം നൽകുന്നു, ഞങ്ങൾ അൽപ്പം വ്യത്യസ്തമായി കളിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നു.” സൂര്യ പറഞ്ഞു ‌

അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യ ഇപ്പോൾ 1-0 ന് മുന്നിലാണ്, രണ്ടാം ടി20 ശനിയാഴ്ച ചെന്നൈയിൽ നടക്കും.

സഞ്ജു സാംസൺ തന്നെ വിക്കറ്റ് കീപ്പർ ആകും, അതിൽ സംശയമില്ല – സൂര്യകുമാർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ സഞ്ജു സാംസൺ തന്നെയാകും ടീമിന്റെ പ്രധാന വിക്കറ്റ് കീപ്പർ എന്ന് ഇന്ത്യൻ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സഞ്ജുവിന്റെ സ്ഥാനത്തിൽ യാതൊരു സംശയവും ഇല്ലാ എന്ന് സൂര്യകുമാർ പറഞ്ഞു.

“കഴിഞ്ഞ 7-10 മത്സരങ്ങളിൽ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചു, തന്റെ കഴിവുകൾ തെളിയിച്ചു. ലഭിച്ച അവസരങ്ങൾ അദ്ദേഹം മുതലെടുത്തു.” സൂര്യകുമാർ പറഞ്ഞു.

രോഹിത് ശർമ്മ ടി20യിൽ നിന്ന് വിരമിച്ചതിനുശേഷം സാംസൺ നിർണായക സംഭാവന നൽകിയിട്ടുണ്ട്, 12 മത്സരങ്ങളിൽ നിന്ന് 42.81 ശരാശരിയിൽ 189.15 സ്ട്രൈക്ക് റേറ്റിൽ 471 റൺസ് സഞ്ജു നേടി.

ധ്രുവ് ജൂറലിനെ ബാക്കപ്പ് വിക്കറ്റ് കീപ്പറായി ഉൾപ്പെടുത്തി എങ്കിലും, പരമ്പരയിലെ സാംസൺ തന്നെ കീപ്പ് ചെയ്യും എന്ന് സൂര്യകുമാറിന്റെ വാക്കുകൾ സൂചിപ്പിക്കുന്നു.

ചാമ്പ്യൻസ് ട്രോഫിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ നിരാശയില്ല എന്ന് സൂര്യകുമാർ യാദവ്

2025 ലെ ഐസിസി പുരുഷ ചാമ്പ്യൻസ് ട്രോഫി ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയതിൽ നിരാശ ഇല്ല എന്ന് ഇന്ത്യയുടെ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഏകദിനങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്നതിൽ പരാജയപ്പെട്ടതാണ് താൻ ഒഴിവാക്കപ്പെടാനുള്ള കാരണം എന്നും അത് അംഗീകരിക്കുന്നു എന്നും സൂര്യകുമാർ പറഞ്ഞു.

“എന്തുകൊണ്ട് അതെന്നെ വേദനിപ്പിക്കണം? ഞാൻ നന്നായി കളിച്ചിരുന്നെങ്കിൽ, ഞാൻ ചാമ്പ്യൻസ് ട്രോഫിയിൽ ഉണ്ടാകുമായിരുന്നു. ഞാൻ നന്നായി കളിച്ചില്ലെങ്കിൽ, അത് ഞാൻ അംഗീകരിക്കണമെന്നത് പ്രധാനമാണ്,” സൂര്യകുമാർ പറഞ്ഞു.

“നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ ടീമിനെ നോക്കുകയാണെങ്കിൽ, അത് ശരിക്കും മികച്ച ടീമാണെന്ന് മനസ്സിലാകും. അവിടെ ഉള്ളവരെല്ലാം, മികച്ച കളിക്കാരാണ്. അവർ ഇന്ത്യയ്ക്കായി ആ ഫോർമാറ്റിൽ താരതമ്യേന മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്, ആഭ്യന്തര ക്രിക്കറ്റിലും കളിക്കുന്നു, എനിക്ക് ആ ടീമിൽ സന്തോഷമുണ്ട്.” – സൂര്യ പറഞ്ഞു

2023 ലെ ലോകകപ്പ് ഫൈനലിലാണ് സൂര്യകുമാർ അവസാനമായി ഒരു ഏകദിനം കളിച്ചത്. 37 ഏകദിന മത്സരങ്ങളിൽ നിന്ന് 25.76 ശരാശരിയിൽ 773 റൺസ് മാത്രമെ സൂര്യകുമാറിന് നേടാൻ ആയിട്ടുള്ളൂ.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കളിക്കാൻ ഒരുങ്ങി സൂര്യകുമാർ യാദവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ടീം ഇന്ത്യ ടി20 ഐ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് കളിക്കാൻ ഒരുങ്ങുകയാണ്. ഹൈദരാബാദിൽ സർവീസസിനെതിരായ മത്സരത്തിൽ സൂര്യ മുംബൈ ടീമിനൊപ്പം ചേരും. കഴിഞ്ഞ മാസം നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ഐ പരമ്പരയ്ക്ക് ശേഷം അദ്ദേഹം ക്രിക്കറ്റിൽ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നു.

വ്യക്തിപരമായ പ്രശ്‌നങ്ങൾ കാരണമാണ് സൂര്യകുമാറിന് മുൻ സയ്യിസ് മുഷ്താഖലി മത്സരങ്ങൾ നഷ്ടമായെന്ന് ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ടൂർണമെൻ്റിൽ മുന്നേറ്റം ലക്ഷ്യമിടുന്ന മുംബൈയ്ക്ക് അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് കരുത്തുപകരും. കേരളത്തിന് എതിരായ അവസാന മത്സരത്തിൽ മുംബൈ പരാജയപ്പെട്ടിരുന്നു.

90കളിൽ നിൽക്കുമ്പോഴും സഞ്ജു ടീമിനു വേണ്ടിയാണ് കളിക്കുന്നത്, അതാണ് അവന്റെ മികവ് – സൂര്യകുമാർ

സഞ്ജു സാംസൺ ഇന്ന് കളിച്ച ഇന്നിങ്സിനെ പുകഴ്ത്തി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. സഞ്ജുവിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോൾ സഞ്ജു കൊയ്യുന്നത് എന്ന് ക്യാപ്റ്റൻ പറഞ്ഞു‌. സഞ്ജു ഇന്ന് തുടർച്ചയായ രണ്ടാം സെഞ്ച്വറി ആണ് നേടിയത്.

“കഴിഞ്ഞ 10 വർഷമായി അദ്ദേഹം ചെയ്ത കഠിനാധ്വാനത്തിൻ്റെ അളവ് അത്രയാണ്, ഏറ്റവും മടുപ്പിക്കുന്ന വിരസമായ ജോലികൾ അവൻ ചെയ്തു കൊണ്ടേയിരുന്നു, ആ കഷ്ടപാടുകളുടെ ഫലം അവന് ഇപ്പോൾ ലഭിക്കുകയാണ്.” സൂര്യകുമാർ പറഞ്ഞു.

“അവന്റെ ക്യാരക്റ്റർ എടുത്തു പറയണം. 90-കളിൽ ആയിരുന്നപ്പോഴും അവൻ ടീമിനെ മുന്നിൽ വെച്ചു. 90കളിലും അവൻ ഒരു ബൗണ്ടറിക്കായും സിക്സിനായും തിരയുകയായിരുന്നു, ടീമിനായി കളിക്കുന്ന ടീമിനെ മുന്നിൽ വെക്കുന്ന സ്വഭാവം അദ്ദേഹം കാണിക്കുന്നു. ഇത് പോലുള്ള താരങ്ങളെ ആണ് ഞങ്ങൾ അന്വേഷിക്കുന്നത്.” സൂര്യകുമാർ പറഞ്ഞു.

സഞ്ജു ടീമിനായി കളിക്കുന്ന താരം, ഗംഭീറിന്റെ നയമാണ് സഞ്ജു നടപ്പിലാക്കിയത് – സൂര്യകുമാർ

ഹൈദരാബാദിൽ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി20യിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ച സഞ്ജു സാംസണെ പ്രശംസിച്ച് സൂര്യകുമാർ യാദവ്. 47 പന്തിൽ 111 റൺസെടുത്ത സഞ്ജു സാംസണിൻ്റെ നേതൃത്വത്തിൽ ടീം 297/6 എന്ന കൂറ്റൻ സ്കോറാണ് നേടിയത്.

പരമ്പരയ്ക്ക് മുമ്പ് ഗൗതം ഗംഭീർ പറഞ്ഞ കാര്യമാണ് സഞ്ജു നടപ്പിലാക്കിയത് എന്ന് സൂര്യകുമാർ പറഞ്ഞു. “പരമ്പരയ്ക്ക് മുമ്പ് ഗൗതി ഭായ് പറഞ്ഞത്, ടീമിനേക്കാൾ വലുതല്ല ഒന്നും എന്നാണ്, 49-ൽ ആയാലും 99-ൽ ആയാലും പന്ത് സിക്സ് ലൈനിലേക്ക് അടിക്കണം, അതാണ് സഞ്ജു ഇന്ന് ചെയ്തത്” സൂര്യകുമാർ പറഞ്ഞു.

ബാറ്റിങ്ങിൽ സാംസണിൻ്റെ നിസ്വാർത്ഥമായ സമീപനത്തെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു, “ഒരു ടീമെന്ന നിലയിൽ ഞങ്ങൾ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. നിസ്വാർത്ഥരായ ക്രിക്കറ്റ് താരങ്ങളെ ആണ് ഞങ്ങൾ ആഗ്രഹിക്കുന്നത്, സഞ്ജു സ്വതന്ത്രമായി കളിച്ചു, വലിയ സ്കോർ നേടുന്നതിന് ഞങ്ങളെ സഹായിച്ചു.” ക്യാപ്റ്റൻ പറഞ്ഞു.

പരിക്ക് മാറി, ഇന്ത്യ സിക്ക് വേണ്ടി സൂര്യകുമാർ യാദവ് കളിക്കും

ഇന്ത്യയുടെ T20I ക്യാപ്റ്റൻ, സൂര്യകുമാർ യാദവ്, തള്ളവിരലിന് ഏറ്റ പരിക്ക് മാറി തിരികെയെത്തി. സെപ്റ്റംബർ 19 ന് അനന്തപുരിൽ ആരംഭിക്കുന്ന ഇന്ത്യ എയ്‌ക്കെതിരായ അവസാന ദുലീപ് ട്രോഫി മത്സരത്തിൽ ഇന്ത്യ സിക്ക് വേണ്ടി സൂര്യകുമാർ കളിക്കും.

ബുച്ചി ബാബു ഇൻവിറ്റേഷൻ ടൂർണമെൻ്റിൽ കളിക്കുന്നതിനിടെ പരിക്കേറ്റതിനെ തുടർന്ന് സൂര്യകുമാറിന് ദുലീപ് ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. അദ്ദേഹത്തിൻ്റെ തിരിച്ചുവരവ് ടേബിൾ ടോപ്പർമാരായ ഇന്ത്യ സിയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. ഒക്ടോബറിൽ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ടി20 ഐ പരമ്പരയിൽ സൂര്യകുമാർ ഉണ്ടാകുമെന്ന പ്രതീക്ഷയും ഇത് നൽകുന്നു.

ഗംഭീർ യുഗത്തിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചു

ശ്രീലങ്കയ്ക്ക് എതിരായ ആദ്യ ടി20യിൽ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയർത്തിയ 214 എന്ന വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 170 റൺസ് എടുക്കാൻ മാത്രമെ ആയുള്ളൂ. ഇന്ത്യ 43 റൺസിന്റെ ജയം നേടി. ശ്രീലങ്കയ്ക്ം ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. നിസങ്കയും കുശാൽ മെൻഡിസും ചേർന്ന് 8.4 ഓവറിൽ 84-1 എന്ന മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് നൽകി.

നിസാങ്ക 48 പന്തിൽ നിന്ന് 79 റൺസ് എടുത്തു. 7 ഫോറും നാല് സിക്സും നിസാങ്ക അടിച്ചു. കുശാൽ മെൻഡിസ് 27 പന്തിൽ നിന്ന് 45 റൺസും എടുത്തു. ഇവർ രണ്ടു പേരും അല്ലാതെ വേറെ ആരും ശ്രീലങ്കയ്ക്ക് ആയി തിളങ്ങിയില്ല. ഇന്ത്യക്ക് ആയി പരാഗ് മൂന്ന് വിക്കറ്റും, അക്സർ പട്ടേൽ, അർഷ്ദീപ് എന്നിവർ രണ്ടു വിക്കറ്റു വീതവും, ബിഷ്ണോയ്, സിറാജ് എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ സൂര്യകുമാർ യാദവന്റെ മികവിൽ 20 ഒവറിൽ 213-7 റൺസ് നേടിയിരുന്നു. യശസ്വി ജയ്സ്വാളും ഗില്ലും ചേർന്ന് ഇന്ത്യക്ക് നല്ല തുടക്കമാണ് നൽകിയത്. എന്നാൽ പവർ പ്ലേക്ക് ശേഷം ഇരുവരും പുറത്തായത് ഇന്ത്യയുടെ സ്കോറിങ് വേഗതകുറച്ചു.

ജയ്സ്വാളും ഗില്ലും

ജയ്സ്വാൾ 21 പന്തിൽ 40 റൺസും, ഗില്‍ 16 പന്തൽ 34 റൺസും എടുത്തു. പിന്നീട് സൂര്യകുമാർ യാദവാണ് ആക്രമണ ചുമതല ഏറ്റെടുത്തത്. 26 പന്തിൽ നിന്ന് 58 റൺസ് ക്യാപ്റ്റൻ എടുത്തു. രണ്ട് സിക്സും എട്ട് ഫോറും സൂര്യകുമാർ ഇന്ന് അടിച്ചു.

മറുവശത്ത് പന്ത് തുടക്കത്തിൽ വേഗത്തിൽ സ്കോർ ചെയ്യാൻ പാടുപെട്ടു എങ്കിലും അവസാനം റൺ കണ്ടെത്തി. പന്ത് ആകെ 34 പന്തിൽ നിന്ന് 49 റൺസ് ആണ് എടുത്തത്. ശ്രീലങ്കക്കായി പതിരണ നാലു വിക്കറ്റും മധുശങ്ക,ഹസരംഗ, ഫെർണാാണ്ടോ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Exit mobile version